ADVERTISEMENT

കൊല്ലം അഞ്ചാലുംമൂട്ടി​ൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. കാസർകോട് സ്വദേശിയായ രേവതിയെയാണ് (39) കൊല്ലം കല്ലുവാതുക്കൽ സ്വദേശിയായ ജിനു (35) കൊലപ്പെടുത്തിയത്. ജിനു മറ്റൊരു സ്ത്രീയുമായി പ്രണയബന്ധത്തിലായത് ഭാര്യ അറിയുകയും പ്രശ്നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ക്രൂരമർദ്ദനത്തെ തുടർന്ന് രേവതി മക്കളെയും കൂട്ടി ജിനുവിന്റെ അടുത്തുനിന്ന് മാറി താമസിക്കുകയായിരുന്നു. 

അതേസമയം ജിനുവിന്റെ കാമുകി അപ്രതീക്ഷിതമായി വിദേശത്ത് പോകാൻ തയാറെടുത്തതോടെ ജിനുവിന്റെ സമനില തെറ്റി. ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ കാമുകി കൂടി പോകാനൊരുങ്ങിയതോടെ ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. കുറച്ച് ദിവസം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി​യി​ൽ ചികിത്സയിലായിരുന്നു ഇയാൾ. 

ADVERTISEMENT

ആശുപത്രി​യി​ൽ കിടക്കവേ ഭാര്യയെ കാണണമെന്ന് വാശി പിടിച്ചതോടെ രേവതി​ കുട്ടികളുമായി ആശുപത്രിയിലെത്തി ജിനുവിനെ കണ്ടിരുന്നു. ആശുപത്രിയിൽ കിടന്ന ജിനുവിന്റെ നെഞ്ചിൽ കാമുകിയുടെ പേര് പച്ച കുത്തിയിരുന്നു. ഇത് കാണാനിടയായതോടെ രേവതി​ ദേഷ്യപ്പെട്ട് അവിടെ നിന്ന് മക്കളെയും കൊണ്ട് ഇറങ്ങിപ്പോയി. ഒന്നര മാസം മുമ്പാണ് ജിനു കുമരഞ്ചിറയിലെ ഒരു മെമന്റോ നിർമ്മാണ കമ്പനിയിൽ ജോലിക്ക് കയറിയത്. 

ആദ്യം ഭാര്യ പോയതിന്റെയും, പിന്നീട് കാമുകി വിട്ട് പോകാനൊരുങ്ങുന്നതിന്റെയും ദേഷ്യം ജിനുവിനുണ്ടായിരുന്നു. ഇതിനിടെ രേവതി​ക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് ആരൊക്കെയോ പറഞ്ഞുകൊടുത്തതോടെ സംശയരോഗമായി. രണ്ടു സ്ത്രീകളും തന്നെ പറ്റിക്കുകയാണെന്നും, ഭാര്യയെയും കാമുകിയെയും തട്ടുമെന്നും ഇയാൾ ഇടക്കിടെ പറയാറുണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.  ഇത് ആരും കാര്യമായി എടുത്തിരുന്നില്ല. 

ADVERTISEMENT

ജൂലായ് 31ന് രാത്രി ജിനു രേവതിയെ അവർ താമസിക്കുന്ന വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആറ് തവണയാണ് രേവതിക്ക് കുത്തേറ്റത്. ഭാര്യയെ കൊന്നതിന് ശേഷം കാമുകിയെ കൂടി കൊല്ലാനായിരുന്നു ജിനുവിന്റെ തീരുമാനം. രാത്രി 10.30ഓടെ ജിനു താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ സഞ്ജയ് പണിക്കരെ ഫോൺ ചെയ്ത ശേഷം ഇപ്രകാരം പറഞ്ഞു.  

'ചേട്ടാ ഞാൻ കമ്പനിയുടെ മുന്നിൽ നിൽക്കുകയാണ്, ഭാര്യയെ കുറച്ച് മുന്നേ ഞാൻ കുത്തിക്കൊന്നു'. ഇത് കേട്ടതോടെ പാഞ്ഞെത്തിയ സഞ്ജയ് പണിക്കർ കണ്ടത്  കൈയിൽ കത്തിയുമായി നിൽക്കുന്ന ജിനുവിനെയാണ്. സമനില തെറ്റി നിന്ന് ജിനു കാമുകിയെ കൊല്ലാൻ പോവുന്നുവെന്ന് പറഞ്ഞതോടെ അദ്ദേഹം തടഞ്ഞു. ഉടൻ ശൂരനാട് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി ജിനുവിനെ പിടികൂടുകയുമായിരുന്നു. 

ADVERTISEMENT
ADVERTISEMENT