നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപ. ദിയയുടെ സ്ഥാപനത്തില്‍ നിന്ന് തട്ടിയെടുത്ത പണം സ്വര്‍ണം വാങ്ങാനും യാത്രകള്‍ക്കും ചെലവഴിച്ചെന്നാണ് ജീവനക്കാരികള്‍ നല്‍കിയ കുറ്റസമ്മതമൊഴി.
ഫാന്‍സി ആഭരണങ്ങള്‍ വില്‍ക്കുന്ന ദിയയുടെ കവടിയാറിലെ സ്ഥാപനത്തില്‍ പ്രതികളെ എത്തിച്ചുള്ള തെളിവെടുപ്പാണ് നടന്നത്. നികുതി വെട്ടിക്കാന്‍ ദിയ പറഞ്ഞിട്ടാണ് പണം മാറ്റിയതെന്ന വാദം ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചു. വിനീത, രാധാകുമാരി എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതി ദീപ്തി ഒളിവിലാണ്.
69 ലക്ഷം രൂപ തട്ടിയെന്നാണ് ദിയ കൃഷ്ണയുടെ പരാതി. എന്നാല്‍ 40 ലക്ഷത്തോളം രൂപ ക്യൂആര്‍ കോഡ് വഴി തട്ടിയെടുത്തെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പണമായി കൂടുതല്‍ തുക എടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
മാധ്യമങ്ങളുടെ മുന്നില്‍ എല്ലാം നിഷേധിച്ച ജീവനക്കാര്‍ തെളിവെടുപ്പില്‍ സത്യം തുറന്നുപറഞ്ഞു. തട്ടിയെടുത്ത പണം മുഴുവനും ഒറ്റ വര്‍ഷം കൊണ്ട് ചെലവഴിച്ച് തീര്‍ത്തെന്നാണ് പ്രതികളുടെ മൊഴി. സ്വര്‍ണവും മൊബൈലും വാങ്ങി, യാത്രയ്ക്ക് ഉപയോഗിച്ചു, ഭര്‍ത്താക്കന്‍മാര്‍ക്കും പണം നല്‍കിയെന്നാണ് മൊഴി.