‘രാവിലെ ഏഴരയ്ക്കു വീട്ടിൽനിന്ന് ജോലിക്കായി ഇറങ്ങുന്ന അവൻ തിരികെ എത്തുമ്പോൾ രാത്രി പതിനൊന്നര കഴിയും. ഇവിടത്തെ കാര്യങ്ങൾ മാത്രമല്ല ഭാര്യവീട്ടിലെ കാര്യങ്ങളും അവനാണു നടത്തിയിരുന്നത്. അവന്റെ വിയോഗത്തിൽ നഷ്ടമായത് 2 കുടുംബങ്ങളുടെ കൈത്താങ്ങാണ്..’- ഇരുകുടുംബങ്ങൾക്കും വേണ്ടി രാപകൽ വ്യത്യാസമില്ലാതെ അധ്വാനിച്ച മകൻ വി.ടി. ഷിജോയുടെ ഓർമകൾക്കു മുന്നിൽ അത്രയും നേരം ദുഃഖം ഉള്ളിലൊതുക്കി നിന്ന അച്ഛൻ വി.എൻ. ത്യാഗരാജൻ കണ്ണീരണിഞ്ഞു.
നാറാണംമൂഴിയിലെ എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യ ലേഖ രവീന്ദ്രന്റെ ശമ്പളം 12 വർഷമായി ഉദ്യോഗസ്ഥർ തടഞ്ഞുവച്ചതിനെ തുടർന്ന് ഏക മകന്റെ ഉപരിപഠനത്തിനായി പണം നൽകാൻ കഴിയാതെ വന്നതോടെയാണ് ഷിജോ ജീവനൊടുക്കിയത്. വിഎഫ്പിസികെയിലെ ജീവനക്കാരനായിരുന്ന ഷിജോ ആലപ്പുഴയിലെ ചാരുംമൂട്ടിലാണ് ജോലി ചെയ്തിരുന്നത്.
‘ജോലിയിൽ പ്രവേശിച്ചിട്ട് 20 വർഷമായി. എന്നാൽ കഴിഞ്ഞ 6 മാസമായി ശമ്പളം കൃത്യമായി ലഭിക്കുന്നില്ലായിരുന്നു. ചാരുംമൂട്ടിലെ ജോലിക്കു ശേഷം എല്ലാ ദിവസവും ബൈക്കിൽ പല്ലനയിലെ ഭാര്യവീട്ടിൽ പോകും. അവിടെയുള്ള മാതാപിതാക്കളുടെ കാര്യങ്ങളെല്ലാം മകനായിരുന്നു നടത്തിയിരുന്നത്. അവർ ഇതുവരെ അവന്റെ വിയോഗം അറിഞ്ഞിട്ടില്ല. വിദേശത്തുള്ള ലേഖയുടെ സഹോദരി എത്തിയതിനു ശേഷം അറിയിക്കാം എന്നാണു തീരുമാനം. അവന്റെ വിയോഗത്തിൽ അനാഥമായത് 2 കുടുംബങ്ങളാണ്-’ ത്യാഗരാജ് പറഞ്ഞു.
തമിഴ്നാട്ടിലെ കോളജിൽ മകനു പ്രവേശനം ലഭിക്കാനായി ഒരു ലക്ഷം രൂപ കോളജിൽ അടച്ചിരുന്നു. ബാക്കിയുള്ള 3 ലക്ഷം രൂപ ബുധനാഴ്ചയ്ക്കകം നൽകണമായിരുന്നു. ഇതിനായി ഭാര്യയുടെ മുടങ്ങിയ ശമ്പളം ലഭിക്കാനായി പലതവണ ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ കയറി ഇറങ്ങിയെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല.
ശമ്പളം നൽകണമെന്ന കോടതി ഉത്തരവ് നിലനിൽക്കേയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചത്. ഷിജോയുടെ സംസ്കാരം നാളെ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. ഫീസ് അടച്ച് പഠിക്കാൻ ചേരേണ്ട മകൻ, അച്ഛന്റെ അന്ത്യകർമങ്ങൾക്ക് അന്നേ ദിവസം സാക്ഷിയാകേണ്ടി വരും.
പതിവു നടത്തത്തിനൊടുവിൽ ദുരന്ത വാർത്ത
മകന്റെ കോളജ് പ്രവേശനത്തിന് പണം കണ്ടെത്താനാകാത്തതിൽ അസ്വസ്ഥനായിരുന്നു ജീവനൊടുക്കിയ ഷിജോ. ശമ്പളം ഇനത്തിൽ ഭാര്യക്കു കിട്ടാനുള്ള പണം അക്കൗണ്ടിലെത്തുമെന്ന് ശനി വൈകും വരെയുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതാണ് അസ്വസ്ഥതയ്ക്കിടയാക്കിയതും മരണത്തിലേക്കു നയിച്ചതും. ഇതു വിശ്വസിക്കാൻ ബന്ധുക്കൾക്കും വീട്ടുകാർക്കും ഇപ്പോഴും കഴിയുന്നില്ല.
മകൻ വൈഷ്ണവിന് ഈറോഡിലെ കോളജിലാണ് പ്രവേശനം നേടിയത്. 1 ലക്ഷം രൂപ നൽകി പ്രവേശനം ഉറപ്പിച്ചിരുന്നു. ഈ വർഷത്തെ സെമസ്റ്റർ ഫീസായ 3 ലക്ഷം രൂപ ഇന്നലെ അടയ്ക്കേണ്ടിയിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കും ‘ഞാൻ ശരിയാക്കിക്കൊള്ളാം’ എന്നാണു പിതാവ് ത്യാഗരാജനോടു പറഞ്ഞത്.
വീട്ടിലുള്ളപ്പോൾ വൈകിട്ട് നടക്കാനിറങ്ങും. ഞായറാഴ്ച വൈകിട്ടും ഇത്തരത്തിലാണ് വീട്ടുകാർ കരുതിയത്. കാണാതെ വന്നപ്പോൾ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെട്ടു. പക്ഷേ എടുത്തില്ല. തുടർന്ന് ബന്ധുക്കൾ തിരഞ്ഞ് വനത്തിലേക്കു പോയി. എവിടെയാണെന്നു മനസ്സിലാകാതെ വന്നപ്പോൾ പൊലീസിന്റെ സഹായത്തോടെ ഫോൺ പരിശോധിച്ച് സ്ഥലം കണ്ടെത്തുകയായിരുന്നു.
‘മന്ത്രിയുടെ ആളല്ലേ, മന്ത്രി വന്നു ബിൽ പാസാക്കട്ടെ’
പന്ത്രണ്ടു വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ശമ്പള കുടിശികയുടെ കാര്യത്തിൽ ഹൈക്കോടതി അനുകൂലമായി വിധിച്ചത്. എന്നിട്ടും ഉദ്യോഗസ്ഥർ അതു നടപ്പാക്കിയില്ല. മകന്റെ മരണ വിവരമറിഞ്ഞ് അത്തിക്കയത്തെ വീട്ടിലിരുന്ന് ഏറെ ഹൃദയ ഭാരത്തോടെയാണ് ഷിജോയുടെ പിതാവ് ത്യാഗരാജൻ സംസാരിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ശമ്പളം കൊടുത്തെന്നു പറയുന്നത് 2012ൽ ജോലിയിൽ പ്രവേശിച്ച സമയത്തെ ശമ്പള സ്കെയിൽ അനുസരിച്ചുള്ള തുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കോടതി ഉത്തരവ് പ്രകാരം വലിയ തുക, ഏതാണ്ട് 80 ലക്ഷത്തോളം ലഭിക്കേണ്ടതാണെന്ന് ത്യാഗരാജൻ പറഞ്ഞു. ഉത്തരവ് വന്നിട്ടും ശമ്പളം ലഭിക്കാതെ വന്നപ്പോളാണ് മന്ത്രി വി.ശിവൻകുട്ടിയെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടത്. മന്ത്രി വിഷയത്തിൽ ഇടപെട്ടു. ഇക്കാര്യം ഇന്നലെ മന്ത്രി സ്ഥിരീകരിക്കുകയും ചെയ്തു. ‘മന്ത്രിയുടെ ആളല്ലേ, മന്ത്രി വന്നു ബിൽ പാസാക്കട്ടെ’ എന്നാണ് ഷിജോയുടെ വീട്ടുകാരോട് ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ജീവനക്കാരൻ പറഞ്ഞത്.