ADVERTISEMENT

കോതമംഗലത്ത് സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മാതിരപ്പിള്ളി നെടുങ്ങാട്ട് മേലേത്ത് മാലിൽ അലിയാരുടെ മകൻ അൻസിൽ (38) ആണ് മരിച്ചത്. സുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീനയെ (30) കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ റിമാന്‍ഡിലാണ് യുവതി. 

കളനാശിനി നൽകിയത് എനര്‍ജി ഡ്രിങ്കില്‍

അൻസിലിനെ കൊലപ്പെടുത്താന്‍ പെണ്‍സുഹൃത്ത് അദീന കളനാശിനി കലക്കി നൽകിയത് എനര്‍ജി ഡ്രിങ്കിലെന്ന് വ്യക്തമായി. അഥീനയുടെ വീട്ടിൽ നിന്ന് കാലി കാനുകൾ കണ്ടെടുത്തു. കൃത്യം നടന്ന ദിവസം അൻസിലിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയായിരുന്നു കൊലപാതകശ്രമം. 

അന്‍സില്‍ നമ്പർ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് സുഹൃത്തിന്റെ ഫോണിലേക്ക് വിളിച്ചു. അൻസിൽ ലഹരി ഉപയോഗിച്ചാണ് വീട്ടിലെത്തിയത്. കൊലയ്ക്ക് അദീനയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും തെളിഞ്ഞു.

വിഷം അകത്തുചെന്നു ഗുരുതരാവസ്ഥയിലായ അൻസിൽ വ്യാഴാഴ്ച രാത്രി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 4ന്, അദീന ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലാണു സംഭവം. 

വിഷം അകത്തുചെന്ന അൻസിൽ തന്നെയാണ് സുഹൃത്തിനെയും പൊലീസിനെയും വിവരമറിയിച്ചത്. അഥീന അൻസിലിന്റെ വീട്ടുകാരെയും വിവരം അറിയിച്ചു. ആത്മഹത്യാ ശ്രമം എന്നാണ് അദീന പൊലീസിനോടും വീട്ടുകാരോടും പറഞ്ഞത്. 

സാമ്പത്തിക ഇടപാടിനെച്ചൊല്ലി കലഹം

ടിപ്പർ ഡ്രൈവറായ അൻസിലും അഥീനയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടിനെച്ചൊല്ലി വഴക്കു പതിവായിരുന്നു. രണ്ടു മാസം മുൻപ് അൻസിൽ മർദിച്ചതായി കോതമംഗലം പൊലീസിൽ അദീന പരാതി നൽകിയിരുന്നു. ഈ കേസ് രണ്ടാഴ്ച മുൻപ് അദീന പിൻവലിച്ചു. 

അൻസിലുമായി വീണ്ടും പണത്തെച്ചൊല്ലി വഴക്കുണ്ടായി. തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

ADVERTISEMENT