‘എനിക്ക് അമ്മയില്ല കേട്ടോ. എനിക്കു രണ്ടാനമ്മയാണു കേട്ടോ. എന്റെ വാപ്പിയും ഉമ്മിയും എന്നോടു ക്രൂരതയാണു കാണിക്കുന്നത്. എനിക്കു സുഖമില്ല സാറേ. വിഷം തന്നു കൊല്ലുമെന്നാണു വാപ്പി പറയുന്നത്. എന്റെ വാപ്പീ.. കഷ്ടമുണ്ട്.’– പിതാവും രണ്ടാനമ്മയും ചേർന്ന് അടിച്ചു തിണർപ്പിച്ച കവിളിലൂടെ കണ്ണീരൊഴുക്കി, അശരണയായ ഒമ്പതു വയസ്സുകാരി എഴുതിയ കുറിപ്പാണിത്. ‘എന്റെ അനുഭവം’ എന്നു പേരിട്ടെഴുതിയ കുറിപ്പ് വായിക്കുന്നതു തന്നെ പൊള്ളുന്ന അനുഭവമാണ്.
നാലാം ക്ലാസുകാരിയായ കുരുന്ന് അനുഭവിച്ചത് ചോരത്തിണർപ്പുള്ള കവിളിൽ നിന്നാണ് അധ്യാപകർ ആദ്യം വായിച്ചത്. നോട്ട്ബുക്ക് പരിശോധിച്ചപ്പോൾ കരയാതെ വായിക്കാൻ കഴിയാത്ത, മൂന്നു പേജുള്ള കുറിപ്പും കണ്ടു. ഒരു വർഷമായി തുടരുന്ന ക്രൂരപീഡനത്തിന്റെ ചുരുക്കമേ അതിലുള്ളൂ.
സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ചു പൊലീസ് എത്തിയപ്പോഴേക്കും പ്രതികളായ ആലപ്പുഴ ചാരുംമൂട് പാലമേൽ കഞ്ചുകോട് പൂവണ്ണംതടത്തിൽ കിഴക്കേതിൽ അൻസാറും ഭാര്യ ഷെബീനയും ഒളിവിൽ പോയി. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കുട്ടിയെ പ്രസവിച്ച് ഏഴാം ദിവസം മാതാവ് തെസ്നി മരിച്ചതിനെ തുടർന്ന് അൻസാറിന്റെ മാതാപിതാക്കളാണ് വളർത്തിയത്. 5 വർഷം മുൻപ് അൻസാർ മാതൃസഹോദരന്റെ മകൾ ഷെബീനയെ വിവാഹം ചെയ്തു. ഇവർക്കു നാലു വയസ്സുള്ള മകനുണ്ട്. ഇന്നലെ രാവിലെ കുട്ടി സ്കൂളിലെത്തിയപ്പോൾ കവിളുകളിൽ തിണർപ്പു കണ്ട് അധ്യാപിക കാരണം അന്വേഷിച്ചപ്പോഴാണു വിവരങ്ങൾ പുറത്തു വന്നത്.
ഉറങ്ങിക്കിടന്ന തന്നെ ചൊവ്വാഴ്ച അർധരാത്രിയോടെ ഷെബീന തലമുടിയിൽ കുത്തിപ്പിടിച്ചു മുറിയ്ക്കു പുറത്തു കൊണ്ടുവന്നെന്നും പിതാവിനോടു തന്നെപ്പറ്റി കള്ളങ്ങൾ പറഞ്ഞെന്നും കുട്ടി അധ്യാപകരെയും പൊലീസിനെയും അറിയിച്ചു. ഇരുവരും ചേർന്ന് ഇരുകവിളിലും പലതവണ അടിച്ചു, കാൽമുട്ട് അടിച്ചു ചതച്ചു. പുലർച്ചെ വരെ ഉറങ്ങാതെ താൻ കരയുകയായിരുന്നെന്നും കൂട്ടി പറഞ്ഞു.
അൻസാറിന്റെ കുടുംബവീട്ടിൽ കഴിഞ്ഞിരുന്ന ഇവർ രണ്ടു മാസം മുൻപാണു പുതിയ വീട്ടിലേക്കു മാറിയത്. സെറ്റിയിൽ ഇരിക്കരുത്, ശുചിമുറിയിൽ കയറരുത്, ഫ്രിജ് തുറക്കരുത് തുടങ്ങി നിറയെ വിലക്കുകളുള്ളതായിരുന്നു പുതിയ വീടെന്നും തന്നെ പിതൃമാതാവിനൊപ്പം വിടണമെന്നും പഴയ വീട്ടിൽ താമസിച്ചാൽ മതിയെന്നും കുറിപ്പിലും നേരിട്ടും അവൾ കേണു പറഞ്ഞു.
അൻസാർ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു നൂറനാട് പൊലീസ് പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം അൻസാറിന്റെ മാതാവ് ബന്ധുവീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കുമെന്ന് പൊലീസ് അറിയിച്ചു.
‘കുട്ടിയുടെ മേൽ നിയന്ത്രണാധികാരം ഉള്ള വ്യക്തി കുട്ടികളെ ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ചൂഷണം ചെയ്യുകയോ മനഃപൂർവം അവഗണിക്കുകയോ വഴി കുട്ടിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നത് 3 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം കുറ്റങ്ങൾക്ക് സ്റ്റേഷൻ ജാമ്യം കിട്ടില്ല. കോടതികളും ഇത്തരം അതിക്രമങ്ങളെ വളരെ ഗൗരവത്തിലാണു പരിഗണിക്കാറുള്ളത്.’ – അഡ്വ. പാർവതി മേനോൻ (കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ വിക്ടിം റൈറ്റ്സ് സെന്റർ സംസ്ഥാന കോഓർഡിനേറ്റർ)