ADVERTISEMENT

കുരുന്നു കവിളുകളിലേറ്റ അടി നാടിന്റെ മനഃസാക്ഷിയിലെ മായാത്ത പാടായിട്ടും ആ കുട്ടി സുരക്ഷിതയായിരുന്നില്ല! അന്നു വൈകിട്ടു വീണ്ടും പിതാവിന്റെ ക്രൂരത കുഞ്ഞിനു നേരെ കൂന്താലിയെടുത്തു. പൊലീസ് ഇയാളെ തിരക്കി നടക്കുമ്പോഴായിരുന്നു ഇത്. കുട്ടിക്കു കൂന്താലി കൊണ്ടുള്ള അടിയേൽക്കാതിരുന്നതിന് ഒരു കാരണമേയുള്ളൂ – ഭാഗ്യം. രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരമർദനത്തിനിരയായ ഒൻപതു വയസ്സുകാരിക്കു നേരെയാണു ബുധനാഴ്ച വൈകിട്ടു വീണ്ടും പിതാവ് കൂടുതൽ ക്രൂരമായ ആക്രമണത്തിനെത്തിയത്.

പൊലീസ് തിരഞ്ഞെത്തിയപ്പോൾ ഒളിവിലായിരുന്ന ചാരുംമൂട് പാലമേൽ കഞ്ചുകോട് പൂവണ്ണംതടത്തിൽ കിഴക്കേതിൽ അൻസാറാണു കുട്ടിക്കും തന്റെ മാതാപിതാക്കൾക്കും നേരെ കൂന്താലി പ്രയോഗിച്ചത്. അൻസാറും രണ്ടാം ഭാര്യ ഷെബീനയും കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുന്നതായി അധ്യാപകർ അറിയിച്ചതിനെ തുടർന്നു പൊലീസ് ഇവരെത്തേടി വീട്ടിലെത്തിയിരുന്നു. അപ്പോൾ മുങ്ങിയ അൻസാർ പിന്നീടു വീടു പൂട്ടാനാണു വൈകിട്ടെത്തിയത്. അടുത്തു തന്നെയുള്ള പഴയ വീട്ടിൽ മകളെയും തന്റെ മാതാപിതാക്കളെയും കണ്ടപ്പോൾ ഇയാൾ കൂന്താലിയെടുത്ത് ആക്രോശിച്ചെത്തി.

കുട്ടി ഓടിമാറിയപ്പോൾ അൻസാർ പിതാവിനു നേരെ കൂന്താലി വീശി. നിലത്തുകൊണ്ട് ഒടിഞ്ഞതിനാൽ അദ്ദേഹവും ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടു. വിവരമറിഞ്ഞ ശിശുക്ഷേമ സമിതി ഉടൻ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു. തുടർന്ന് നൂറനാട് പൊലീസിനെ അവിടേക്കയച്ചെങ്കിലും അൻസാർ വീണ്ടുംമുങ്ങി. ഇയാളെയും ഷെബീനയെയും ഉടൻ പിടികൂടുമെന്നാണു പൊലീസ് പറയുന്നത്. ഇനിയും ആക്രമണം ഉണ്ടായേക്കാം എന്നതിനാൽ കുട്ടിയെയും അൻസാറിന്റെ മാതാവിനെയും ബന്ധുവീട്ടിലേക്കു മാറ്റി. പൊലീസിന്റെ വിവിധ സംഘങ്ങൾ അൻസാറിനെ തിരയുന്നുണ്ട്.  ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും രംഗത്തുണ്ട്. 

കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ വിക്ടിം റൈറ്റ്സ് സെന്ററിന്റെ അഭിഭാഷക കെ.എം.ഷിഷ പൊലീസിൽനിന്നും കുട്ടിയിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. ഹൈക്കോടതിക്കു റിപ്പോർട്ട് നൽകുമെന്ന് അവർ അറിയിച്ചു. സംസ്ഥാന സ്പെഷൽ ബ്രാഞ്ചും വിവരങ്ങൾ ശേഖരിച്ചു.കുട്ടിക്കു സ്കൂളിൽ പൂർണ സംരക്ഷണവും നിയമനടപടികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നു സ്കൂൾ മാനേജർ അറിയിച്ചു. സംഭവത്തിൽ ഇടപെട്ട ബാലാവകാശ കമ്മിഷൻ ജില്ലാ ശിശുക്ഷേമ ഓഫിസറോടും നൂറനാട് എസ്എച്ച്ഒയോടും അന്വേഷണ റിപ്പോർട്ട് തേടി. കുട്ടിക്കു കൗൺസലിങ് സേവനം ഉറപ്പുവരുത്താൻ ജില്ലാ ശിശുക്ഷേമ ഓഫിസർക്കു നിർദേശം നൽകിയെന്നു കമ്മിഷൻ അംഗം ജലജ ചന്ദ്രൻ പറഞ്ഞു.

സ്കൂൾ ലീഡറാണ് ആ മിടുക്കി

കുരുന്നു കവിളുകളിൽ പതിക്കുന്ന അടികളുടെ കഥ ആ ഒൻപതുവയസ്സുകാരി പറഞ്ഞതുകേട്ടു കരഞ്ഞുകൊണ്ടാണ് ആ അധ്യാപിക പ്രധാനാധ്യാപകനെ വിവരം അറിയിച്ചത്.   അപ്പോൾ ക്ലാസിൽ മറ്റു കുട്ടികൾ കൂട്ടുകാരിയെ നോക്കി ഏങ്ങലടിക്കുകയായിരുന്നു. ഇന്നലെയും ആ ക്ലാസ് മുറി മൗനത്തിലായിരുന്നു. സ്കൂളിലാകെ പ്രകാശം പരത്തുന്ന മിടുക്കിയുടെ കവിളുകളിലെ പ്രഹരങ്ങളിൽ വേദനിക്കുന്നത് അവർക്കെല്ലാമാണ്. അവരുടെ സ്കൂൾ ലീഡറാണ് ആ മിടുക്കി.  6ന് രാവിലെ സ്കൂളിൽ നടന്ന ചടങ്ങിൽ അവൾ പ്രസംഗിക്കുമ്പോഴാണ് അധ്യാപകരും പിടിഎ  ഭാരവാഹികളും കവിളിൽ അടിയേറ്റ് പാടുകൾ കണ്ടത്.

തുടർന്നാണ് കുറിപ്പു കണ്ടതും പൊലീസിൽ വിവരം അറിയിച്ചതും. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള നാലാം ക്ലാസുകാരി സ്കൂളിലെ കുരുന്നുകൾക്കു കൈത്താങ്ങാണ്. രാവിലെ സ്കൂൾ ബസിൽ എത്തുന്ന ചെറിയ കുട്ടികളെ പിടിച്ചിറക്കുന്നത് അവളാണ്.  വൈകിട്ട് അവരെ വീഴാതെ ബസിൽ കയറ്റി തിരികെ സീറ്റുകളിൽ ഇരുത്തും. പരിപാടികളിൽ പ്രസംഗിക്കും, കഥകൾ പറയും, കവിത ചൊല്ലും.  ചെറിയ കുട്ടികളുടെ ക്ലാസുകളിൽ പോയി ഉച്ചസമയങ്ങളിൽ കഥ പറഞ്ഞുകൊടുക്കും, പാട്ടു പാടും.  അനുജൻമാരും അനുജത്തിമാരും ലീഡർ ചേച്ചിയെ തിരക്കുന്നുണ്ട്. ചേച്ചിയുടെ വേദന ഇപ്പോൾ അവരുടെയെല്ലാം വീടുകളിലും നിറയുന്നു.

ADVERTISEMENT