ADVERTISEMENT

കൂട്ടുകാരുടെ തോളിൽ കയ്യിട്ടു ചിരിച്ച്, തമാശകൾ പറഞ്ഞ്, യാത്രകളും സ്വപ്നങ്ങളും പങ്കുവച്ച് എന്നും കൂടെയുണ്ടായിരുന്ന പ്രിയ സുഹൃത്തിന് വിട നൽകി മലയാളി യുവാക്കൾ. യുകെയിൽ ജൂലൈ 25ന് വാഹനാപകടത്തിൽ മരിച്ച ജെഫേഴ്സൺ ജസ്റ്റിന്റെ വിയോഗം യുഎഇയിലും ഇന്ത്യയിലുമായി കഴിയുന്ന സുഹൃത്തുക്കളെ അക്ഷരാർഥത്തിൽ തളർത്തിക്കളഞ്ഞു.

അകലെയായിരുന്നെങ്കിലും കൂട്ടുകാർ തമ്മിൽ സൗഹൃദം പങ്കിടാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല. ഓരോ വരവിലും കളിചിരി തമാശകളുമായി കൂട്ടുകൂടാറുണ്ടായിരുന്ന ജെഫേഴ്സൺ എന്നെന്നേയ്ക്കുമായി വിട്ടുപിരിഞ്ഞു എന്ന് വിശ്വസിക്കാൻ ഇവർക്ക് ഇനിയും ആയിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഷാർജ മുവാസയിലെ പൊതുശ്മശാനത്തിൽ ജെഫേഴ്സനെ സംസ്കരിക്കുമ്പോൾ കരച്ചിലടക്കാനാകാത്ത ഇവരുടെ കാഴ്ച ചടങ്ങിൽ പങ്കെടുത്തവരുടെ ഉള്ളുലച്ചു.

ADVERTISEMENT

തിരുവനന്തപുരം സ്വദേശി ജസ്റ്റിൻ-വിൻസി ദമ്പതികളുടെ മകനാണ് ജെഫേഴ്സൺ. ഷാർജയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജെഫേഴ്സൺ പിന്നീട് ഉപരിപഠനത്തിനും ജോലിക്കുമായി യുകെയിലേക്ക് പോയെങ്കിലും കൂട്ടുകാരുമായുള്ള ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. സൗഹൃദക്കൂട്ടത്തിലെ ഒത്തൊരുമയുടെയും ഊർജ്ജത്തിന്റെയും പ്രതീകമായിരുന്നു അവർക്ക് ജെഫ്. 

ഏറ്റവും ഹൃദയഭേദകമായത്, അപകടം നടന്ന ദിവസം രാവിലെ, ജെഫേഴ്സൺ ദുബായിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെന്ന വിവരമാണ്. യുകെയിലെ ജോലി അവസാനിപ്പിച്ച് സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ആഗ്രഹത്തിലായിരുന്നു അവൻ. ഇത് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെയും കുടുംബത്തെയും മാത്രം രഹസ്യമായി അറിയിച്ചു. എന്നാൽ, ആ സ്വപ്നങ്ങൾ ബാക്കിയാക്കി വിട പറയാൻ പോലും കൂട്ടുകാർക്ക് അവസരം നൽകാതെ ജെഫ് യാത്രയായി. 

ADVERTISEMENT

എല്ലാ കാര്യങ്ങൾക്കും ഞങ്ങളെല്ലാം ഒരുമിച്ച് ഉണ്ടായിരുന്നു. അവന്റെ ബൈക്ക് യാത്രകളുടെ വിശേഷങ്ങളും പുതിയ സ്വപ്നങ്ങളും അവൻ എപ്പോഴും ഞങ്ങളുമായി പങ്കുവച്ചിരുന്നു. ഇപ്പോൾ അവൻ പോയതോടെ ഞങ്ങളുടെ ജീവിതത്തിൽ ഒരു ഭാഗം ഇല്ലാതായതുപോലെ തോന്നുന്നുവെന്ന് കെവിൻ അലക്സാണ്ടർ എന്ന സുഹൃത്ത് വേദനയോടെ ഓർക്കുന്നു. കൂട്ടത്തിൽ ഏറ്റവും സന്തോഷവാനായ ആളായിരുന്നു ജെഫ്. അവനില്ലാത്ത ഒരു ജീവിതം ചിന്തിക്കാൻ പോലും പ്രയാസമാണ്.

കഴിഞ്ഞ 33 വർഷമായി ഷാർജ സർക്കാരിന്റെ കീഴിൽ സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ജസ്റ്റിൻ ആഗ്രഹിച്ച പോലെ മകന്റെ മൃതദേഹം അവൻ ജനിച്ചു വളർന്ന ഈ മണ്ണിൽ തന്നെ അടക്കം ചെയ്യാനായതിൽ യുഎഇ അധികൃതരോടും യുകെയിലുള്ള യുഎഇ എംബസിയോടുമുള്ള തന്റെയും കുടുംബത്തിന്റെയും നന്ദി അറിയിച്ചു. അവൻ സ്നേഹിച്ചവരെല്ലാം ഇവിടെയുണ്ട്. അവന്റെ മനസ്സും ഹൃദയവും ഇവിടെയായിരുന്നു. അതുകൊണ്ട് അവൻ ഈ ചുറ്റുപാടുകളിൽത്തന്നെ വിശ്രമിക്കട്ടെ എന്ന് കുടുംബം തീരുമാനിക്കുകയായിരുന്നു.  

ADVERTISEMENT

ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂളിൽ പഠിച്ച ജെഫേഴ്സൺ ഗ്രാഫിക് ഡിസൈനിങ്ങിൽ ഉന്നത പഠനത്തിനായി യുകെയിലെ കോവെൻട്രി യൂണിവേഴ്സിറ്റിയിലേക്ക് പോയതായിരുന്നു. പഠനം പൂർത്തിയാക്കിയ ശേഷം യുകെയിൽത്തന്നെ ജോലി നേടിയ ജെഫേഴ്സൺ ലീഡ്‌സിലായിരുന്നു താമസം. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ ലീഡ്‌സിലെ വെല്ലിങ്ടൻ റോഡിൽ സഞ്ചരിച്ച ബൈക്ക് റോഡ് ബാരിയറിലിടിച്ച് അപകടമുണ്ടാവുകയായിരുന്നു. തത്ക്ഷണം തന്നെ മരണം സംഭവിച്ചു. അതേസമയം, അപകടത്തിന്റെ അന്വേഷണ റിപ്പോർട്ടുകൾ ഇനിയും പുറത്തുവന്നിട്ടില്ല.

ADVERTISEMENT