തൃപ്പൂണിത്തറ വടക്കേക്കോട്ടയിലെ കൊച്ചി മെട്രോ സ്റ്റേഷനില്‍ നിന്നും ടിക്കറ്റെടുത്താണ് നിസാര്‍ തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള പ്ലാറ്റ്ഫോമിലേക്ക് എത്തിയത്. ട്രെയിന്‍ എത്തിയിട്ടും കയറാതെ സംശയാസ്പദമായ നിലയില്‍ നിന്ന നിസാറോട് സുരക്ഷാ ജീവനക്കാര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ബഹളമുണ്ടാക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറ വീരാശ്ശേരിയാണ് മരിച്ച നിസാര്‍.
മെട്രോയില്‍ യാത്ര ചെയ്യുന്നതിനായി ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിലെത്തിയ നിസാര്‍ റെയില്‍വെ പാളത്തിലേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് ഓടി ജീവനക്കാര്‍ക്ക് കയറാനുള്ള കോവണിപ്പടി ഭാഗത്തുകൂടി മുകളിലേക്ക് കയറുകയായിരുന്നു.
റെയില്‍പ്പാളത്തിലേക്ക് ഇറങ്ങിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ വിസില്‍ മുഴക്കുകയും യുവാവിനോട് കയറാന്‍ പറയുകയും ചെയ്തു. സുരക്ഷയുടെ ഭാഗമായി മെട്രോ അധികൃതര്‍ ഉടന്‍ തന്നെ റെയിലിന്റെ വൈദ്യുതിബന്ധം അധികൃതര്‍ വിച്ഛേദിക്കുകയും ചെയ്തു.
പിന്നാലെ സുരക്ഷാ ജീവനക്കാര്‍ ഓടിയെങ്കിലും അടുത്തുവന്നാല്‍ ചാടുമെന്നായിരുന്നു നിസാറിന്റെ ഭീഷണി. പിന്നീട് അഗ്നിരക്ഷാ സേനയടക്കം സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഉദ്യോഗസ്ഥര്‍ അടുത്തെത്തിയപ്പോള്‍ കൈവരിക്ക് മുകളില്‍ നിന്ന നിസാര്‍ താഴേക്ക് ചാടി. 'നാണം കെട്ട് എന്തിന് ജീവിക്കണം' എന്ന് നിസാര്‍ ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നു.
പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി നിസാറിനെ അനുനയിപ്പിച്ച് താഴെ ഇറക്കാനുളള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. യുവാവിനെ രക്ഷിക്കാനായി അഗ്നിരക്ഷാ സേന വലയുമായി നിന്നെങ്കിലും മെട്രോ സ്റ്റേഷന് കുറച്ചുമാറി എസ്എന്‍ ജങ്ഷന്‍ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനടുത്ത് റോഡിലാണ് യുവാവ് വീണത്. ഏകദേശം 40 അടി ഉയരത്തില്‍നിന്നാണ് യുവാവ് ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തൊട്ടുസമീപമുള്ള വികെഎം ആശുപത്രിയിലെത്തിച്ചു. അവിടെ പ്രഥമശുശ്രൂഷ നല്‍കി എറണാകുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോളിഷ് ജോലിക്ക് പോയിരുന്ന നിസാര്‍, എറണാകുളത്ത് ഒരു കടയില്‍ ജോലി ശരിയായിട്ടുണ്ടെന്നു പറഞ്ഞ് മൂന്നു ദിവസം മുന്‍പാണ് വീട്ടില്‍നിന്നു പോയത്. മുന്‍പ് ചില കാറ്ററിങ് സ്ഥാപനങ്ങളിലും ജ്യൂസ് കടകളിലും ഹോട്ടലുകളിലും ജോലി ചെയ്തിരുന്നു.