ADVERTISEMENT

ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസിന്റെ മുന്നിലോടി വഴിതെളിച്ച വനിതാ അസി. സബ് ഇൻസ്പെക്ടർ അപർണ ലവകുമാറിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് നാട്. പലർക്കുമറിയില്ല, മനുഷ്യസ്നേഹത്തിന്റെ ഇടമുറിയാത്ത ഓട്ടം അപർണ തുടങ്ങിയിട്ട് വർഷങ്ങളായെന്ന്.

2008ൽ, ബന്ധുവിന്റെ അടിയേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ഒരു സ്ത്രീ മരിച്ചു. അവരുടെ ഇൻക്വസ്റ്റ് തയാറാക്കാനെത്തിയപ്പോഴാണ് അപർണ ആ നിർധന കുടുംബത്തെ പരിചയപ്പെട്ടത്. മൃതദേഹം വിട്ടുകിട്ടാൻ ബില്ലടയ്ക്കാൻ പണമില്ലാതെ വിഷമിക്കുകയായിരുന്നു കുടുംബം. മറ്റൊന്നും ആലോചിക്കാതെ അപർണ വള ഊരി നൽകി. വള പണയംവച്ച പൈസകൊണ്ടാണ് നടപടികൾ പൂർത്തിയാക്കിയത്. 

അന്ന് അപർണ പറഞ്ഞതിങ്ങനെ: ‘ആ കുടുംബത്തിന് നൽകാൻ പണം എന്റെ കയ്യിലില്ലായിരുന്നു. അവരെ സഹായിക്കൂ എന്ന് മറ്റുള്ളവരോട് പറയുന്നതിനേക്കാൾ നല്ലത് ഞാൻ സഹായിക്കുന്നതല്ലേ’.

മറ്റുള്ളവരുടെ ജീവിതത്തിലേക്ക് സ്നേഹം നിറച്ച് അപർണ വീണ്ടും ഓടിക്കയറി.. വീട്ടമ്മ ആയിക്കഴിഞ്ഞാണ് പരീക്ഷ എഴുതുന്നതും പൊലീസിലേക്കു സിലക്‌ഷൻ കിട്ടുന്നതും. നീണ്ട മുടി മുറിച്ചു കളയേണ്ടി വരുമോ എന്നായിരുന്നു വിഷമം.

ആ മുടി ക്യാൻസർ ബാധിച്ചവർക്കു വേണ്ടി അപർണ മുറിച്ചു. പൊലീസിലായതിനാൽ ഡിഐജിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് മുടി മുറിച്ചത്. സാമ്പത്തികമായി സഹായിക്കാൻ കഴിയാത്തതിനാലാണ് അപർണ മുടി മുറിച്ചു നൽകിയത്.

കഴിഞ്ഞ ദിവസം അശ്വിനി ജംക്‌ഷനിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസിന്റെ മുന്നിലോടി വഴിതെളിച്ചാണ് അപർണ ലവകുമാർ വീണ്ടും ശ്രദ്ധനേടിയത്. നിലവിൽ സിറ്റി വനിതാ പൊലീസ് സ്റ്റേഷനിൽ എഎസ്ഐയാണ്. അപർണ ആംബുലൻസിന്റെ മുന്നേ ഓടി വഴിയൊരുക്കുന്ന ദൃശ്യങ്ങൾ തരംഗമായി. 

അത്യാസന്ന നിലയിലായ രോഗിയുമായി തൃശൂർ ദിശയിൽ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകുകയായിരുന്നു ആംബുലൻസ്. ഗതാഗതക്കുരുക്കു പതിവായ അശ്വിനി ജംക്‌ഷനിൽ എത്തിയതും വാഹനങ്ങൾക്കിടയിൽ പെട്ട് ആംബുലൻസിന് അനങ്ങാൻ കഴിയാതെയായി. 

പിന്നിലൂടെ ഓടിയെത്തിയ അപർണ ഏറെ പണിപ്പെട്ടു മുന്നിലോടിയാണു വാഹനങ്ങൾ നീക്കിയത്. ആംബുലൻസ് ഡ്രൈവർ ഫൈസലിനൊപ്പമുണ്ടായിരുന്ന ഇർഫാൻ പകർത്തിയ ദൃശ്യം പൊലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലടക്കം തരംഗമായി. കഴിഞ്ഞ വർഷത്തെ പൊലീസ് അത്‌ലറ്റിക് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനക്കാരി കൂടിയായ അപർണയ്ക്കു സന്ദർഭോചിതമായ കർത്തവ്യ നിർവഹണത്തിനു കമ്മിഷണർ ആർ. ഇളങ്കോ ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ചു.

ADVERTISEMENT