ADVERTISEMENT

ആണ്‍സുഹൃത്തും വീട്ടുകാരും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ സോന എല്‍ദോസിന്റെ (23) അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവന്‍ കൊടുത്ത് സ്നേഹിക്കുന്നവരെ മതത്തിന്റെ പേരില്‍ തരംതാഴ്ത്തുന്നത് ക്രൂരതയാണെന്ന് സോനയുടെ അമ്മ പറയുന്നു. 

‘‘സ്നേഹിച്ച പയ്യന്റെ വീട്ടുകാര്‍ മതപരിവര്‍ത്തനത്തിന് സമ്മര്‍ദം ചെലുത്തിയത് കാരണമാണ് എന്റെ മോള്‍ മരിച്ചത്. ഞായറാഴ്ച രജിസ്റ്റര്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് റമീസ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ കാര്യം സോന എന്നോട് പറഞ്ഞിരുന്നു. പക്ഷേ, അവരുടെ വീട്ടില്‍‌ പൂട്ടിയിട്ടെന്ന് പറഞ്ഞില്ല. അത് കൂട്ടുകാരി പറഞ്ഞാണ് അറിഞ്ഞത്. 

ADVERTISEMENT

വൈകുന്നേരം അഞ്ചുമണിയോടെയാണ് റമീസ് സോനയെ കൂട്ടിക്കൊണ്ടുപോയത്. പൊന്നാനിക്ക് പോകാന്‍ കാര്‍ നിര്‍ത്തിയിട്ടിട്ടുണ്ടെന്ന് റമീസ് പറഞ്ഞെന്നും നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. റമീസിന്റെ മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരുമെല്ലാം ആ വീട്ടിലുണ്ടായിരുന്നു. സോനയെ അവര്‍ ഉപദ്രവിച്ചിട്ടുണ്ട്. മാനസികമായി അവള്‍ക്ക് വിഷമമുണ്ടായി.

സ്നേഹം നഷ്ടമായാലോ എന്നോര്‍ത്ത് മകള്‍ എല്ലാം സഹിച്ചു. തിങ്കളാഴ്ച സോനയുടെ ചുണ്ട് പൊട്ടിയിരിക്കുന്നത് കണ്ടപ്പോള്‍ കാര്യം തിരക്കിയതാണ്. പക്ഷേ, കൂട്ടുകാരിയുടെ കുഞ്ഞ് മുഖത്തിടിച്ചതാണെന്ന് പറഞ്ഞ് ഒഴിവായി. റമീസ് കഞ്ചാവ് കേസുകളിലടക്കം പ്രതിയാണെന്ന കാര്യം സോനയ്ക്ക് ഒരുപക്ഷേ അറിയാമായിരുന്നിരിക്കാം. പക്ഷേ, തങ്ങള്‍ക്ക് അറിവില്ലായിരുന്നു. അനാശാസ്യത്തിന് ലോഡ്ജില്‍ നിന്ന് പിടിച്ചതറിഞ്ഞപ്പോള്‍ അവള്‍ പ്രതികരിച്ചു. എന്റെ സ്നേഹം പോയിട്ടില്ല, പക്ഷേ, അനാശാസ്യത്തിന് പിടിച്ചവന്റെ കൂടെ ജീവിക്കാന്‍ ഞാന്‍ മതം മാറില്ലെന്ന് മകള്‍ നിര്‍ബന്ധം പിടിച്ചു.

ADVERTISEMENT

ഒരു കുറവുമില്ലാത്ത എന്റെ മോള് അത്രയെങ്കിലും പറയണ്ടേ. പക്ഷേ അവന്‍ സോനയോട് മതം മാറണം അവന്റെ വീട്ടില്‍ തന്നെ വന്ന് താമസിക്കണം എന്ന് വാശിപിടിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വിളിച്ചപ്പോള്‍ റമീസിനോട് സംസാരിച്ചതാണ്. മതംമാറ്റത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ഇത് ശരിയാകില്ല ഇവന് സ്നേഹമില്ലെന്ന് മോളോട് പറഞ്ഞതാണ്.

അന്ന് അവള്‍ പിറ്റേന്ന് സ്കൂളിലേക്ക് വേണ്ടതൊക്കെ എഴുതിയിരിക്കുന്നത് കണ്ടു. പിറ്റേന്ന് സ്കൂളിലും പോയി. പക്ഷേ, ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല. ജീവന്‍ കൊടുത്ത് സ്നേഹിക്കുന്നവരെ മതത്തിന്റെ പേരില്‍ തരംതാഴ്ത്തുന്നത് ക്രൂരതയല്ലേ. മതം കൊണ്ട് എന്താ ആളുകള്‍ നേടുന്നതെന്ന് അറിയില്ല. മതപരിവര്‍ത്തനം ഒരു തെറ്റല്ലേ.’’- സോനയുടെ അമ്മ പറയുന്നു.  

ADVERTISEMENT
ADVERTISEMENT