‘‘ആ തുക കിട്ടിയിരുന്നെങ്കിൽ അച്ഛൻ ഞങ്ങളോടൊപ്പമുണ്ടാകുമായിരുന്നു. വിറ്റുപെറുക്കിയും പരമാവധി കടം വാങ്ങിയും മറ്റും ചികിത്സിച്ചു. പിന്നെ വഴിമുട്ടി.’’ – ചെയ്ത ജോലിയുടെ ശമ്പള കുടിശിക ലക്ഷങ്ങളുണ്ടായിട്ടും ചികിത്സയ്ക്കു വഴിയില്ലാതെ മരിച്ച പാലക്കാട് പള്ളിക്കുറുപ്പ് കുറിയ പള്ളിയാലിൽ ചന്ദ്രന്റെ (57) മക്കളായ വിഷ്ണുവിനും വിശാഖിനും അച്ഛന്റെ മരണത്തെക്കുറിച്ചു കൂടുതലൊന്നും വിശദീകരിക്കാനില്ല.
മലബാർ ദേവസ്വം ബോർഡിനു കീഴിൽ പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ചന്ദ്രൻ. നാലു ലക്ഷം രൂപയാണ് ശമ്പള കുടിശികയായി കിട്ടാനുണ്ടായിരുന്നത്. അതിന്റെ പകുതിയെങ്കിലും കിട്ടിയിരുന്നെങ്കിൽ അച്ഛനു നല്ല ചികിത്സ നൽകാമായിരുന്നുവെന്നും തുക കിട്ടാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്നും മക്കൾ പറഞ്ഞു.
ഏതു സമയത്തും വീഴാമെന്ന നിലയിലുള്ള കുടുംബവീട്ടിലാണ് ചന്ദ്രനും കുടുംബവും അമ്മ ചന്ദ്രികയും സഹോദരങ്ങളും അവരുടെ കുടുംബവും കഴിഞ്ഞിരുന്നത്. ജോലിക്കിടയിലുണ്ടായ രോഗം ചന്ദ്രനെ തളർത്തി. രണ്ടു സഹോദരങ്ങൾക്കും പക്ഷാഘാതം വന്നതോടെ കുടുംബം ദുരിതത്തിലായി. സർക്കാർ സഹായത്തോടെ ചന്ദ്രൻ നിർമിക്കുന്ന സ്വന്തം വീടു പൂർത്തിയായിട്ടില്ല. അതിനുകിട്ടിയ പണവും ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വന്നു.
വൃക്കരോഗചികിത്സയ്ക്കിടെ സാമ്പത്തിക പ്രയാസത്താൽ മകൻ വിശാഖിന്റെ ബിരുദപഠനം നിലച്ചു. ഇളയമകന് സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ നിന്നുള്ള ചെറിയ വരുമാനമാണ് ഏക ആശ്രയം. പട്ടികവിഭാഗത്തിൽപെട്ട ചന്ദ്രൻ മലബാർ ദേവസ്വം ജീവനക്കാരുടെ സിഐടിയു യൂണിയൻ അംഗമാണ്. ക്ഷേത്രത്തിൽ എട്ടു ജീവനക്കാർക്കായി 19 ലക്ഷം രൂപ കുടിശിക ഇനത്തിൽ ലഭിക്കാനുണ്ട്. ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ നൂറുകണക്കിനു ജീവനക്കാർക്ക് ഇത്തരത്തിൽ വൻതുകയാണു ശമ്പളക്കുടിശിക.
വിഷയത്തിൽ ക്ഷേത്രം ട്രസ്റ്റി പ്രതികരിക്കാൻ തയാറായില്ല. ദേവസ്വം ബോർഡ് അധികൃതരിൽനിന്നു ലഭിക്കുമെന്നായിരുന്നു മറുപടി. 2011 മുതൽ 2015 വരെയുള്ള കുടിശിക അന്നത്തെ വ്യവസ്ഥയനുസരിച്ചു ക്ഷേത്രത്തിൽ നിന്നാണു കൊടുക്കേണ്ടതെന്നും രണ്ടാംഘട്ട കുടിശിക സംബന്ധിച്ച് സാങ്കേതിക- നിയമ വിഷയങ്ങളുണ്ടെന്നും പാലക്കാട് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ആർ.വേണുഗോപാൽ പറഞ്ഞു.