ADVERTISEMENT

മലപ്പുറം തിരൂരിൽ പവർബേങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചുവെന്ന് കരുതിയ കേസിൽ ട്വിസ്റ്റ്. പൊലീസ് അന്വേഷണത്തിൽ വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്ക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് തെളിഞ്ഞു. സംഭവത്തിൽ വീട്ടുടമ തിരൂർ തെക്കൻകുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധീഖിനെ (34) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഓട്ടോ ഡ്രൈവറായ സിദ്ധീഖിന്റെ വീടാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെ കത്തിനശിച്ചത്. അപകട സമയത്ത് വീട്ടുകാർ സ്ഥലത്തില്ലാത്തതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനിട്ട് കുടുംബം പുറത്ത് പോയപ്പോഴാണ് അപകടമെന്നായിരുന്നു ആദ്യ നിഗമനം. 

ADVERTISEMENT

വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അയൽക്കാരും നാട്ടുകാരും ചേർന്ന് അടുത്ത കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. തിരൂർ ഫയര്‍‌സ്റ്റേഷനിൽ നിന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു.

വീട്ടുപകരണങ്ങളും കുട്ടികളുടെ പുസ്തകങ്ങളും അലമാരയിൽ സൂക്ഷിച്ച രേഖകളും വസ്ത്രങ്ങളും പൂർണമായും കത്തിനശിച്ചിരുന്നു. ഈ സംഭവത്തിലാണ് വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT