ADVERTISEMENT

കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദിന്റെ മൃതദേഹം തലശ്ശേരി കുയ്യാലി ബീച്ചിൽ കണ്ടെത്തി. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞാൽ മാത്രമേ മരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് മൂഴിക്കൽ സ്വദേശികളായ ശ്രീജയെയും പുഷ്പലളിതയെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. സഹോദരി ശ്രിജ മരിച്ചെന്ന് ബന്ധുക്കളെ ഫോൺ വിളിച്ച് അറിയിച്ച ശേഷം, ഇവരോടൊപ്പം താമസിച്ചിരുന്ന പ്രമോദിനെ കാണാതായിരുന്നു. 

ADVERTISEMENT

ഇതേത്തുടർന്ന് പ്രമോദാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേരുകയും, ഇയാൾക്കായി വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. 

സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രമോദ് വീട്ടിൽനിന്ന് നടന്നുപോകുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ഇതിനിടയിലാണ് ഇയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം തലശ്ശേരി ബീച്ചിൽ അടിഞ്ഞത്. സഹോദരിമാരിൽ ഒരാളായ ശ്രീജ കിടപ്പുരോഗിയായിരുന്നു. ഇത് പ്രമോദിനെ മാനസികമായി തളർത്തിയിരുന്നെന്ന് അടുത്ത ബന്ധുക്കളും നാട്ടുകാരും പറയുന്നു. അതുകൊണ്ടുതന്നെ, പ്രമോദ് ഇത്തരമൊരു കൃത്യം ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT