ADVERTISEMENT

കോതമംഗലത്ത്  ടിടിസി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ സുഹൃത്തിന്റെ കുടുംബാംഗങ്ങളെയും കേസിൽ പ്രതിചേർക്കും. വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ കോതമംഗലം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതി പറവൂർ ആലങ്ങാട് പാനായിക്കുളം പുതിയറോഡ് കാഞ്ഞിരപ്പറമ്പ് തോപ്പിൽപറമ്പിൽ റമീസ് (24) നടത്തിയ മർദനവും യുവതി അനുഭവിച്ച ദുരിതങ്ങളും വിവരിക്കുന്ന ആത്മഹത്യക്കുറിപ്പ്, റമീസിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ, വാട്സാപ് ചാറ്റുകൾ എന്നിവ പ്രത്യേക അന്വേഷണസംഘം പരിശോധിച്ചു.

വിദ്യാർഥിനിയുടെ മാതാവും സഹോദരനും നൽകിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണു ബന്ധുക്കളെ പ്രതി ചേർക്കാൻ പൊലീസ് ഒരുങ്ങുന്നത്. ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ച റമീസിന്റെ സുഹൃത്തും പ്രതിപ്പട്ടികയിലുണ്ട്. മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം.ബൈജു, കോതമംഗലം ഇൻസ്പെക്ടർ പി.ടി.ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്. റമീസിന്റെ ബന്ധുക്കളെയും സുഹൃത്തിനെയും ചോദ്യം ചെയ്യും. റിമാൻഡിലായ റമീസിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി.

സംഭവം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അയച്ച പരാതിയിൽ ആവശ്യപ്പെട്ടു. മകളുടേത് നിർബന്ധിത മതപരിവർത്തന ശ്രമത്തെ തുടർന്നുണ്ടായ ആത്മഹത്യയെന്നാണ് അമ്മ ആരോപിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.  

ADVERTISEMENT
ADVERTISEMENT