സമയം പുലര്‍ച്ചെ രണ്ടു മണി, ബേക്കറിയില്‍ മോഷണത്തിന് കയറി ചില്ലറ ഒപ്പിക്കാമെന്ന കരുതിയ ഇങ്ങനെയൊരു ആന്‍റി ക്ലൈമാക്സ് പ്രതീക്ഷിച്ചു കാണില്ല. ബേക്കറിക്കുള്ളിലെ 'ജോലി' തീര്‍ത്ത് പുറത്തിറങ്ങുമ്പോഴിതാ മുന്നില്‍ പൊലീസ്. അണ്ടര്‍ അറസ്റ്റ്. മോഷണവും അറസ്റ്റും കൂടെ ആകെ അരമണിക്കൂര്‍. കോട്ടയം തിരുവാതുക്കലിലാണ് ബേക്കറി കള്ളനെ പൊലീസ് കയ്യോടെ പിടികൂടിയത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ മുഴുവന്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ രണ്ട് മണിയോടെ ബേക്കറിയുടെ പിറക് വശത്തെ വാതില്‍ വഴിയാണ് കള്ളന്‍ അകത്തുകയറിയത്. കള്ളന്‍ കട മുഴുവന്‍ അരിച്ചു പെറുക്കുന്നത് വിഡിയോയിലുണ്ട്. അതിനിടയില്‍ കടയില്‍ സൂക്ഷിച്ച ബണ്‍ കഴിച്ചു. നേരെ പണമിരിക്കുന്ന മേശയിലേക്ക്. ഉള്ളതെല്ലാം സഞ്ചിയില്‍ പെറുക്കി ഇറങ്ങാനിരിക്കെ സൈറ്റലായി ഒരു ബീഡി കത്തിച്ചു.
വന്ന അതേ സൂക്ഷ്മതയില്‍ വാതില്‍ തുറന്നതും മുന്നില്‍ പൊലീസ്. അങ്ങനെയങ്ങ് പോയാലോ എന്നും പറഞ്ഞ് ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം തിരുവാതുക്കലില്‍ വീടിനോട് ചേര്‍ന്നുള്ള ബേക്കറിയില്‍ കള്ളന്‍ കയറിയ വിവരം കടയുടമ തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. കോട്ടയം സെന്‍ട്രല്‍ റൂമിലെ പൊലീസുകാരാണ് പ്രതിയെ പിടികൂടിയത്.