ADVERTISEMENT

മലേഷ്യയിലും ദുബായിലും പല ബാർബർ ഷോപ്പുകളിലും മുടി മിനുക്കുന്നതു കണ്ണൂരിൽ നിന്നുള്ള കത്രികയും കത്തിയും കൊണ്ടാണ്. സിആർ (ചന്ദ്ര റെയ്സർ) ബ്രാൻഡിനോടു ദക്ഷിണേന്ത്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ ബാർബർമാർക്ക് പ്രിയമാണ്. ഈ ബ്രാൻഡഡ് തൊഴിലുപകരണങ്ങൾ ഒറ്റയ്ക്ക് നിർമിക്കുന്നതാകട്ടെ, പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കൻകുളം സ്വദേശി മവ്വൂർ ചന്ദ്രനും (76).

സ്റ്റീൽ ബ്ലേഡിന്റെ ഇരുകോണുകളും കൃത്യമായി കയറ്റിവയ്ക്കാവുന്ന ലോകനിലവാരത്തിലുള്ള പ്രത്യേക ഷേവിങ് ഫ്രെയിം നിർമിച്ചതോടെ ചന്ദ്രവൈഭവം തെളിഞ്ഞു. ഫ്രെയിം മുഖത്തുരസി ചോര പൊടിയാതെ സുരക്ഷിതമായി ഷേവ് ചെയ്യാൻ‍ കഴിയുന്നതു പെട്ടെന്നു ബാർബർമാരുടെ വിശ്വാസം നേടിയെടുത്തു. ഇതോടെ ബ്ലേഡ് വച്ചുള്ള ഷേവിങ് റെയ്സർ നാട്ടിൽ വ്യാപകമായി. മറ്റു ആഗോള ബ്രാൻഡുകളോടു കിടപിടിക്കുന്ന സിആർ ബ്രാൻഡ് തേടി ദൂരദേശങ്ങളിൽ നിന്നുള്ളവർ പാപ്പിനിശ്ശേരിയിലെത്തി.

ADVERTISEMENT

നാടകകലാകാരനും ഹാർമോണിസ്റ്റുമായ പിതാവ് കുഞ്ഞിക്കണ്ണൻ മേസ്തിരിയിൽനിന്നാണു ചന്ദ്രൻ വർഷങ്ങൾക്കുമുൻപ് ഈ തൊഴിൽ പഠിച്ചത്. അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ജർമൻ നിർമിത കത്തികളൊന്നിൽ പരീക്ഷണം നടത്തിയായിരുന്നു തുടക്കം. പാപ്പിനിശ്ശേരിയിൽ 3 സെറ്റ് ഗ്രൈൻഡിങ് മെഷീനുകൾ അടങ്ങുന്ന ചെറിയ മുറിയാണു നിർമാണശാല. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നു ബാർബർമാർ തൊഴിലുപകരണങ്ങളുടെ സർവീസിനു നേരിട്ടെത്തുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT