യുവാവിനെ കൊന്ന് വീപ്പയ്ക്കുള്ളിലാക്കി വീടിന്റെ ടെറസില്‍ വച്ചശേഷം ശേഷം ഒളിവില്‍ പോയ ഭാര്യയും കാമുകനും അറസ്റ്റില്‍. രാജസ്ഥാനിലെ ആള്‍വാറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ദമ്പതികളുടെ എട്ടു വയസ്സുകാരനായ മകനാണ് പൊലീസിന് സാക്ഷിമൊഴി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
ഉത്തര്‍പ്രദേശ് സ്വദേശിയായ ഹന്‍സ്‍രാജും ഭാര്യ സുനിതയും ഇവരുടെ മൂന്നു മക്കളുമടങ്ങുന്ന കുടുംബവുമാണ് ആദര്‍ശ് കോളനിയിലുള്ള വാടക വീട്ടില്‍ താമസിച്ചിരുന്നത്. ഇതിനിടെ സുനിതയും വീട്ടുടമയുടെ മകന്‍ ജിതേന്ദ്ര എന്ന യുവാവും തമ്മില്‍ പ്രണയത്തിലായി. ഇടയ്ക്കിടെ ജിതേന്ദ്ര വീട്ടിലേക്ക് വരുന്നതും ഹന്‍സ്‌രാജിനൊപ്പം മദ്യപിക്കുന്നതും പതിവായി. കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പൊലീസിന് നല്‍കിയത് എട്ടു വയസ്സുകാരനാണ്.
"സംഭവ ദിവസം അമ്മയും അച്ഛനും ആ മാമനും കൂടി മദ്യപിക്കുന്നത് കണ്ടു. അമ്മ രണ്ട് പെഗ്ഗ് മാത്രമാണെടുത്തത്. അച്ഛനും ആ മാമനും അന്ന് ഒരുപാട് കുടിച്ചു. മദ്യപിച്ചതിനു ശേഷം അച്ഛന്‍ അമ്മയെ തല്ലാന്‍ തുടങ്ങി. ആ മാമന്‍ അതിനു അച്ഛനോട് വഴക്കിട്ടു. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്ന് പറഞ്ഞ് അച്ഛന്‍ ആ മാമനെ ഭീഷണിപ്പെടുത്തി.
ഇതോടെ അയാള്‍ എന്റെ അച്ഛനെ ഉപദ്രവിച്ചു. ഇത് നോക്കിനിന്ന എന്നോട് പോയിക്കിടന്നുറങ്ങാന്‍ അമ്മ പറഞ്ഞു. ഇടയ്ക്ക് ഞാനുണര്‍ന്നപ്പോള്‍ അച്ഛന്‍ കട്ടിലില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. പിന്നെ കണ്ണുതുറന്ന് നോക്കിയപ്പോള്‍ കണ്ടത് അമ്മയും മാമനും കൂടി അച്ഛനെ വീപ്പയ്ക്കുള്ളിലാക്കുന്നതാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ മരിച്ചുപോയി എന്ന് അമ്മ പറഞ്ഞു.
ആദ്യം അടുക്കളയിലാണ് വീപ്പ വച്ചിരുന്നത്. പിന്നീട് ടെറസിലേക്ക് കൊണ്ടുപോയി. അച്ഛനെ വീപ്പയിലാക്കിയ ശേഷം അമ്മയും മാമനും കൂടി അതില്‍ വെള്ളം നിറച്ചു. എന്നിട്ട് ഉപ്പും വാരിയിട്ടു. അമ്മയെ അച്ഛന്‍ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. ബീഡി കൊണ്ട് അമ്മയുടെ ദേഹമൊക്കെ പൊള്ളിക്കുമായിരുന്നു. എന്നെയും അച്ഛന്‍ തല്ലുമായിരുന്നു. അച്ഛന്‍ കൊല്ലപ്പെട്ട അന്നും എന്നെ ഉപദ്രവിച്ചു. ബ്ലേഡെടുത്ത് എന്റെ കഴുത്തില്‍ കൊണ്ടുവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി."- കുട്ടി പൊലീസിനോട് പറഞ്ഞു.
വെള്ളിയാഴ്ച കൊല നടത്തിയശേഷം മൃതദേഹം വീപ്പയിലാക്കി ടെറസില്‍ വച്ച ശേഷം സുനിതയും കാമുകനും മക്കളെയും കൂട്ടി 50 കിലോമീറ്ററോളം അകലെയുള്ള ഇഷ്ടിക ചൂളയില്‍ പോയി ഒളിച്ചിരുന്നു. ഇവിടെയായിരുന്നു കൊല്ലപ്പെട്ട ഹന്‍സ്‌രാജ് ജോലി ചെയ്തിരുന്നത്.
അതിനിടെ ഹന്‍സ്‌രാജിനെയടക്കം വീട്ടിലെ ആരെയും കാണാതായതോടെ വീട്ടുടമ മകനായ ജിതേന്ദ്രയെ വിളിച്ച് കാര്യം പറഞ്ഞു. പൊലീസില്‍ പരാതി നല്‍കണമെന്ന് അമ്മയുടെ നിര്‍ദേശപ്രകാരം ജിതേന്ദ്ര തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ വീട്ടുടമ വാടകയ്ക്ക് നല്‍കിയ വീടിന്റെ ഒന്നാംനിലയില്‍ വന്നുനോക്കി. വല്ലാത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ ഇക്കാര്യം പൊലീസിനെ അറിയിച്ചു.
പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ടെറസിലെ വീപ്പയില്‍ മൃതദേഹം കണ്ടത്. ഇഷ്ടിക ചൂളയില്‍ സുനിതയും മക്കളും ജിതേന്ദ്രയും ഇരിക്കുന്നത് കണ്ട ഉടമ ഇക്കാര്യം പൊലീസിനെ അറിയിച്ചു. പിന്നാലെ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ചുരുളഴിഞ്ഞു. പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടികള്‍ ഹന്‍സ്‌രാജിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ്.