ആനപ്രേമികളുടെ ആരാധനാപാത്രവും കേരളത്തിലെ നൂറുകണക്കിന് ഉത്സവപ്പറമ്പുകളിലെ തലയെടുപ്പുമായിരുന്ന ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 11.30നാണ് കൊമ്പനാന ചരിഞ്ഞത്. 55 വയസ്സായിരുന്നു. നീരുവീഴ്ചയ്ക്ക് ചികിത്സയിലായിരുന്ന ആനയ്ക്ക് മൂത്രാശയ രോഗമാണ് മരണകാരണമായതെന്നു ചികിത്സിച്ച ഡോ. ശശീന്ദ്രദേവും ഡോ. യു. ഗിരീഷും പറഞ്ഞു.
കോടനാട് ആനക്കളരിയിൽ നിന്ന് അവസാനമായി ലേലംവിളിക്കപ്പെട്ട ആനകളിലൊന്നാണ്. തോമസ് പി. തോമസിന്റെ മാതാപിതാക്കളായ ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്ന് 1977 ഡിസംബർ 20നാണ് ആരാം എന്നു വിളിപ്പേരുണ്ടായിരുന്ന ഏഴുവയസ്സുള്ള ആനയെ ലേലത്തിൽ വാങ്ങിയത്. കൊഴുത്ത കറുത്തിരുണ്ട ശരീരവും അമരം കവിഞ്ഞുനീണ്ട വാലും ഒത്ത തുമ്പിക്കൈയ്യും കൊമ്പുമുള്ള ആന തൃശൂർ പൂരത്തിലുൾപ്പെടെ തിടമ്പേറ്റി. കേരളത്തിലെ പ്രസിദ്ധമായ ഉത്സവങ്ങളിലെല്ലാം എഴുന്നള്ളത്തിന് മുൻപന്തിയിലുണ്ടായിരുന്നു. ശാന്തസ്വഭാവക്കാരനായിരുന്നു.
‘കോടനാടിന്റെ മണ്ണിൽ നിന്നു കോടി കോടി സ്നേഹം കൊടുത്ത് കുഞ്ഞൂഞ്ഞച്ചായൻ ഈത്താമ്മച്ചിക്കായി കൊണ്ടുവന്ന സമ്മാനമാണവൻ. പൂരം തൃശൂരായാലും തിരുനക്കരയായാലും അഴകിന്റെ നിറകുടമായി പൊലിമ തീർക്കുന്നു ഇവൻ. കോടനാടിന്റെ മടിത്തട്ടിൽ നിന്ന് ആനകേരളത്തിന്റെ മുൻനിരയിലേക്കുയർന്ന മണികണ്ഠ നാമധാരി... തനിനാടൻ സഹ്യപുത്രൻ... വേലത്തരങ്ങൾക്കും വില്ലത്തരങ്ങൾക്കും താനില്ലെന്നു പലകുറി തെളിയിച്ച ശാന്തതയുടെ മൂർത്തീഭാവം...’’ ഈരാറ്റുപേട്ട അയ്യപ്പനെന്ന കൊമ്പനെ ആൾക്കൂട്ടങ്ങൾക്കു മുമ്പിൽ അവതരിപ്പിച്ചിരുന്നത് ഈ അനൗൺസ്മെന്റോടെയാണ്.
സ്വന്തം പേരിൽ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുള്ള ആനയാണ്. ഇതുവരെ ആരെയും ഉപദ്രവിക്കാത്ത, കൊച്ചുകുട്ടികൾക്ക് പോലും അടുത്തു ചെല്ലാൻ കഴിയുന്ന കൊമ്പൻ. വെള്ളുക്കുന്നേൽ പരവൻപറമ്പിൽ പുരയിടത്തിൽ അഴിച്ചുവിട്ടാണ് കുട്ടിയാനയെ വളർത്തിയത്. കുട്ടിക്കൊമ്പന്റെ കുറുമ്പ് തീക്കോയി, ആനിയിളപ്പ്, ഈരാറ്റുപേട്ട പ്രദേശത്തുള്ളവരുടെ ഓർമയിലുണ്ട്. ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു എന്ന വാർത്ത കേട്ട് തറവാട്ടിലെ പുരയിടത്തിലേക്ക് ഓടിയെത്തിയത് നൂറുകണക്കിന് ആനപ്രേമികളാണ്.
ഐരാവതസമൻ, ഈരാറ്റുപേട്ട അയ്യപ്പൻ എന്നു പേരെഴുതിയ ലോറിയിലായിരുന്നു അയ്യപ്പന്റെ യാത്രകൾ. എല്ലാ വർഷവും മേയ് മുതൽ സെപ്റ്റംബർ വരെ സുഖചികിത്സക്കാലമാണ്. ഒരിക്കൽ തൃശൂർ പൂരത്തിനിടയിൽ അയ്യപ്പൻ കഠിനമായ ചൂടേറ്റു തളർന്നു വീണു. ആനപ്രേമികൾ ചുറ്റുംനിന്ന് നൂറുകണക്കിനു കുപ്പി മിനറൽ വാട്ടർ പൊട്ടിച്ചൊഴിച്ചാണ് അന്ന് അയ്യപ്പന്റെ ചൂടകറ്റിയത്.
യൂറിനൽ ബ്ലാഡറിന് ബാധിക്കുന്ന കടുത്ത വൈറസ് രോഗമാണ് അയ്യപ്പന്റെ മരണത്തിനിടയാക്കിയതെന്ന് ഡോക്ടർ ശശീന്ദ്രദേവ് പറഞ്ഞു. ഉടമ തോമസ് പി.തോമസ്, സഹോദരൻ ബാബു തോമസ് തുടങ്ങി കുടുംബാംഗങ്ങൾ എല്ലാവരും ആനയുടെ മൃതശരീരത്തിൽ പൂക്കൾ വിതറി ആദരാഞ്ജലികൾ അർപ്പിച്ചു. ഈരാറ്റുപേട്ട അയ്യപ്പനെ പൊതുദർശനത്തിനായി കിടത്തിയപ്പോൾ അന്ത്യോപചാരമർപ്പിച്ച് വിതുമ്പി കരയുകയായിരുന്നു ആനപ്രേമികള്‍.