ADVERTISEMENT

"മന്ത്രിയായിട്ടും എനിക്ക് ഇപ്പോഴും ബസ് കണ്ടക്ടറെ പേടിയാണ്. കുട്ടിയായിരുന്നപ്പോൾ തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോകാൻ അമ്മയോടൊപ്പം ബസിൽ യാത്ര ചെയ്യുമ്പോൾ ഞാൻ ചിലപ്പോൾ കയ്യും തലയുമൊക്കെ പുറത്തിടുമായിരുന്നു. അപ്പോൾ അമ്മ പറയും, ഡാ... കണ്ടക്ടർ വഴക്കുപറയും എന്ന്. അന്നു മുതൽ എനിക്ക് കെഎസ്ആർടിസിയിലെ കണ്ടക്ടർമാരെ പേടിയാണ്.

അതുകൊണ്ടാണ് ആദ്യം മന്ത്രിയായപ്പോൾ കണ്ടക്ടറുടെ കാക്കി യൂണിഫോം തന്നെ അങ്ങുമാറ്റിയത്. ഇപ്പോൾ അത് ഇപ്പോൾ തിരിച്ചാക്കിയിട്ടുണ്ട്. ബസിലെ ഡ്രൈവർമാരെയൊക്കെ എനിക്ക് ഇഷ്ടമായിരുന്നു. കാരണം ഡ്രൈവർമാരെല്ലാം അച്ഛന്റെ യൂണിയൻക്കാരായിരുന്നു. അച്ഛനായിരുന്നു അതിന്റെ പ്രസിഡന്റ്."- കെഎസ്ആർടിസി ബസ് യാത്രയുടെ ഓർമകൾ പങ്കുവച്ച് മന്ത്രി  ഗണേഷ് കുമാർ.

ADVERTISEMENT

‘ചെങ്ങളൂർ ജംക്‌ഷനിൽനിന്നു ഞാൻ കയറുന്ന അതേ കെഎസ്ആർടിസി ബസിൽ ഇന്നത്തെ സൂപ്പർസ്റ്റാർ മോഹൻലാൽ അന്ന് കയറുമായിരുന്നു. ഞങ്ങളെല്ലാം ചവിട്ടുപടിയിൽ നിന്നായിരുന്നു യാത്ര.’- കോളജിലേക്കുള്ള ബസ് യാത്ര സംവിധായകൻ പ്രിയദർശൻ ഓർമിച്ചെടുത്തത് ഇങ്ങനെയായിരുന്നു.

ആദ്യ യാത്രയിൽ പ്രിയദർശനും മണിയൻ പിള്ള രാജുവും നന്ദുവും ഉൾപ്പെടെയുള്ളവർ ഗതാഗത മന്ത്രി ഗണേഷ് കുമാറിനൊപ്പം സഞ്ചരിച്ചു. കെഎസ്ആർടിസിയുടെ നല്ലനാളെ ലക്ഷ്യമിടുന്ന റീബ്രാൻഡിങ്ങിന്റെ ഭാഗമായാണ് ഓർമയാത്ര.

ADVERTISEMENT

കനകക്കുന്നിൽ വെള്ളിയാഴ്ച മുതൽ ഞായർവരെ നടക്കുന്ന കെഎസ്ആർടിസി ഓട്ടോ എക്സ്പോയുടെ വിളംബര യാത്രയാണിത്. കവടിയാർ സ്ക്വയറിൽനിന്നു പുറപ്പെട്ട് രാജ്ഭവൻ, അയ്യങ്കാളി പ്രതിമ, മാനവീയം വീഥി വഴി നിയമസഭയ്ക്കു മുന്നിൽ യാത്ര അവസാനിച്ചു. വരും ദിവസങ്ങളിലും ഓർമയാത്ര തുടരും.

ADVERTISEMENT
ADVERTISEMENT