ADVERTISEMENT

പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തി യുവാവ്. കര്‍ണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിൽ ബുധനാഴ്ചയാണ് സംഭവം. 32 വയസ്സുകാരിയായ ശ്വേതയാണ് മരിച്ചത്. സംഭവത്തിൽ ശ്വേതയുടെ മുൻ സഹപ്രവർത്തകനായ രവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരുമിച്ച് കാറിൽ സഞ്ചരിക്കുമ്പോൾ പ്രകോപിതനായ രവി, തടാകത്തിലേക്ക് കാർ ഓടിച്ചിറക്കുകയായിരുന്നു. രവി നീന്തി രക്ഷപ്പെട്ടെങ്കിലും യുവതി മുങ്ങിമരിച്ചു.

വർഷങ്ങൾക്ക് മുന്‍പു ജോലിസ്ഥലത്തു വച്ചാണ് ശ്വേതയും രവിയും പരിചയപ്പെടുന്നത്. രവി വിവാഹിതനാണ്. ഭർത്താവിൽ നിന്നു വേർപിരിഞ്ഞ ശ്വേത മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്വേതയോട് രവി പ്രണയാഭ്യർഥന നടത്തുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. ശ്വേതയ്ക്കു വേണ്ടി ഭാര്യയെ ഉപേക്ഷിക്കാന്‍ തയാറാണെന്നും രവി പറഞ്ഞു. എന്നാല്‍ ശ്വേത വഴങ്ങിയിരുന്നില്ല. ഇതില്‍ പ്രകോപിതനായ രവി, ശ്വേതയെ സംസാരിക്കാനായി വിളിച്ചുവരുത്തുകയായിരുന്നു. 

ADVERTISEMENT

ഇരുവരും കാറില്‍ ഒരുമിച്ചു പോകുമ്പോൾ ചന്ദനഹള്ളി തടാകത്തിലേക്ക് രവി കാര്‍ ഓടിച്ചിറക്കി. കാര്‍ തടാകത്തില്‍ വീണതിനു പിന്നാലെ രവി നീന്തി രക്ഷപ്പെട്ടു. എന്നാല്‍ ശ്വേത മുങ്ങിമരിച്ചു. ചോദ്യം ചെയ്യലിൽ, കാർ നിയന്ത്രണം വിട്ട് തടാകത്തിൽ വീണതാണെന്നും താൻ നീന്തി രക്ഷപ്പെട്ടെന്നും എന്നാൽ ശ്വേതയ്ക്ക് അതിന് കഴിഞ്ഞില്ലെന്നുമാണ് രവി പൊലീസിനോട് പറഞ്ഞത്. എന്നാൽ ശ്വേതയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രവിക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ADVERTISEMENT
ADVERTISEMENT