2005 ല്‍ കേരള മനസാക്ഷിയെ ഞെട്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ പൊലീസുകാരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ പൊട്ടിക്കരഞ്ഞ് അമ്മ പ്രഭാവതി. ഒരു മകനുവേണ്ടി നീണ്ട 20 വര്‍ഷം പോരാടിയ പ്രഭാവതിയമ്മയ്ക്ക് കോടതിവിധി കനത്ത തിരിച്ചടിയായി.
അന്വേഷണത്തില്‍ സിബിഐയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കോടതി വെറുതെവിട്ടത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അപൂര്‍വ കേസുകളിലൊന്നായ ഇതില്‍ പ്രതികളായ എഎസ്‌ഐ കെ. ജിതകുമാർ, സിപിഒ എസ്.വി. ശ്രീകുമാർ എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
'എന്നെക്കൂടി കൊന്നുകളയൂ'
"ഏത് കോടതിയാണ് ഇത് ചെയ്തത്? കോടതിക്ക് ഹൃദയമില്ലേ? എന്നെക്കൂടി കൊന്നുകളയൂ," വിതുമ്പിക്കൊണ്ട് പ്രഭാവതി മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ രക്ഷിക്കാൻ പൊലീസുകാർ ശ്രമിച്ചതായി അവർ ആരോപിച്ചു. ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത തനിക്കിനി എങ്ങനെ നിയമ പോരാട്ടം തുടരുമെന്ന് അവർ ചോദിച്ചു. ഇനി എന്തു ചെയ്യണമെന്നറിയില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു.
20 വർഷത്തെ പോരാട്ടം
ഭർത്താവ് ഉപേക്ഷിച്ചു പോയ ശേഷം വീട്ടുജോലി ചെയ്താണ് പ്രഭാവതി തന്റെ ഏക മകനായ ഉദയകുമാറിനെ വളർത്തിയത്. എന്നാല്‍ 2005 സെപ്റ്റംബര്‍ 27-ന് ഒരു രാത്രിയിൽ പോക്കറ്റടിച്ചെന്നാരോപിച്ച് ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച ഉദയകുമാറിനെ പൊലീസ് ഉരുട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നീതിക്കുവേണ്ടി വെള്ളസാരിയുടുത്ത് 20 വർഷം കോടതി വരാന്തകളിൽ കയറിയിറങ്ങിയ പ്രഭാവതിയമ്മയ്ക്ക് ഈ വിധി കടുത്ത ആഘാതമായി.
മകന് സംഭവിച്ച ദുരന്തം ഓർത്ത് പൊട്ടിക്കരഞ്ഞുകൊണ്ട്, തനിക്കിനി ആരെയും വിശ്വസിക്കാൻ കഴിയില്ലെന്നും, ഇനി ആര് തന്നെ സഹായിക്കുമെന്നും അവർ വേദനയോടെ പറഞ്ഞു. മകന് നീതി ലഭിക്കാനായി എല്ലാ രാഷ്ട്രീയക്കാരുടെയും സഹായം നല്‍കിയിരുന്നു. പക്ഷെ ഇപ്പോള്‍ വിധി അനുകൂലമല്ലാത്തതിനാല്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് പ്രഭാവതിയമ്മ.