ADVERTISEMENT

ഒന്നര മാസം ഗർഭിണി, ബെഡ്ഷീറ്റിൽ പൊതിഞ്ഞ് മൃതദേഹം, ഐടി കമ്പനി ജീവനക്കാരിയായ ബെംഗളൂരു സദഗുണ്ടെപാള്യയിലെ ശിൽപ പഞ്ചാംഗത്തിന്റെ മരണത്തിൽ ഭർത്താവ് പ്രവീൺ അറസ്റ്റിൽ. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തെ തുടർന്നാണ് 27 വയസുകാരി ആത്മഹത്യ ചെയ്തത്. ഒന്നര മാസം ഗർഭിണിയായിരുന്നു ശിൽപ.

2022 ഡിസംബറിലായിരുന്നു പ്രവീണുമായുള്ള ശിൽപയുടെ വിവാഹം. 35 ലക്ഷം രൂപയും 150 ഗ്രാം സ്വർണവും സ്ത്രീധനമായി നൽകിയെന്ന് ശിൽപയുടെ കുടുംബം പറയുന്നു. ഐടി കമ്പനി ജീവനക്കാരനായിരുന്ന പ്രവീൺ പിന്നീട് രാജിവച്ച് പാനിപൂരി വിൽക്കുന്ന ബിസിനസ്സിലേക്ക് തിരിഞ്ഞിരുന്നു. ഇതിനിടെ ദമ്പതികൾക്ക് ഒരു മകനും ജനിച്ചു. 

ADVERTISEMENT

പ്രവീണും അമ്മ ശാന്തവ്വയും ചേർന്ന് അഞ്ച് ലക്ഷം രൂപ കൂടി സ്ത്രീധനമായി വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ മാനസികമായും ശാരീരികമായും യുവതിയെ ഉപദ്രവിക്കുകയും ചെയ്തു. പണം കിട്ടാതായതോടെ പ്രവീണിന്റെ കുടുംബം ശിൽപയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിട്ടു.

എന്നാൽ കഷ്ടപ്പെട്ട് പണം കണ്ടെത്തി മകളെ ഭർത്താവിന്റെ വീട്ടിലേക്ക് തന്നെ തിരികെ അയച്ചെന്ന് ശിൽപയുടെ അമ്മ ശാരദ പറഞ്ഞു. പക്ഷേ, പീഡനം തുടർന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 26-ന് ശിൽപ ആത്മഹത്യ ചെയ്തെന്ന വിവരം പ്രവീണിന്റെ വീട്ടുകാർ അറിയിക്കുകയായിരുന്നു. ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു ശിൽപയുടെ ശരീരം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT