ADVERTISEMENT

കണ്ണൂർ അലവിലിൽ ദമ്പതികളെ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം ഭർത്താവ് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. അലവിൽ ടൗണിനു സമീപം അനന്തൻ റോഡിൽ കല്ലാളത്തിൽ പ്രേമരാജൻ (75), ഭാര്യ ശ്രീലേഖ (69) എന്നിവരാണു മരിച്ചത്. മന്ത്രി എ.കെ.ശശീന്ദ്രന്റെ സഹോദരിയുടെ മകളാണു ശ്രീലേഖ. ഇന്നലെ വൈകിട്ട് ആറോടെ വീട്ടിലെത്തിയ ഡ്രൈവർ സരോഷ് കോളിങ് ബെൽ അടിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾക്കൊപ്പം വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. 

ഇന്നലെയാണ് ഇവരുടെ മകൻ ഷിബിൻ വിദേശത്തുനിന്നു നാട്ടിലെത്തിയത്. ഷിബിനെ വിമാനത്താവളത്തിൽനിന്നു കൂട്ടിക്കൊണ്ടുവരാൻ കാറെടുക്കാൻ എത്തിയതാണ് സരോഷ്. മൃതദേഹങ്ങൾ കിടപ്പുമുറിയിൽ നിലത്തു കത്തിക്കരിഞ്ഞ നിലയിലാണ്. കിടക്കയിൽ ചുറ്റിക കണ്ടെത്തിയിട്ടുണ്ട്. ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റ പാടുകളുണ്ടെന്നു പൊലീസ് പറഞ്ഞു. പുറത്തുനിന്നുള്ള ആരുടെയും സാന്നിധ്യത്തെക്കുറിച്ചു സൂചനയില്ല. രണ്ടാൾക്കും പൊള്ളലേറ്റിട്ടുണ്ടെങ്കിലും ചുറ്റിക കണ്ടെത്തിയതാണു കൊലപാതകമാണോ എന്ന സംശയത്തിനു കാരണം

ADVERTISEMENT

അച്ഛനമ്മമാരെ പ്രതീക്ഷിച്ചെത്തി, കേട്ടത് അവരുടെ ദാരുണാന്ത്യം

വിമാനത്താവളത്തിൽ അച്ഛനമ്മമാരെ പ്രതീക്ഷിച്ചെത്തിയ ഷിബിൻ കേട്ടത് അവരുടെ ദാരുണാന്ത്യം. ബഹ്റൈനിൽനിന്ന് വൈകിട്ടാണ് കല്ലാളത്ത് ഷിബിൻ കണ്ണൂരിൽ വിമാനമിറങ്ങിയത്. എന്നാൽ, ഏറെ വേദനയുണ്ടാക്കുന്ന വിവരവുമായിട്ടാണ് ബന്ധുക്കൾ ഷിബിനെ കാത്തിരുന്നത്.ഏവരോടും സൗമ്യമായി പെരുമാറിയിരുന്ന പ്രേമരാജൻ–ശ്രീലേഖ ദമ്പതികളുടെ മരണം അലവിൽ ഗ്രാമത്തെ വിറങ്ങലിപ്പിച്ചു. വർഷങ്ങളായി പ്രേമരാജന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന അയൽവാസി സരോഷ്, വൈകിട്ട് ഏറെനേരം ഫോൺ ചെയ്തിട്ടും പ്രേമരാജൻ എടുക്കാത്തതിനെത്തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് മരണം അറിയുന്നത്. കോളിങ് ബെൽ അടിച്ചിട്ടും തുറക്കാതായപ്പോൾ അസ്വാഭാവികത തോന്നി.

ADVERTISEMENT

അയൽവാസികളുടെ സഹായത്തോടെ വാതിൽ ചവിട്ടിത്തുറന്നപ്പോൾ കിടപ്പുമുറിയിൽ കണ്ട കാഴ്ച എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. വളപട്ടണം പൊലീസെത്തി പരിശോധിച്ചപ്പോൾ ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റ പാടുകൾ കണ്ടെത്തി. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ.

മുറിയിൽ മണ്ണെണ്ണ ഗന്ധമുണ്ടായിരുന്നു. കിടക്കയിൽ ചുറ്റികകൂടി കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം മറ്റൊരു വഴിയിലേക്കു നീങ്ങിയത്. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ അന്തിമതീരുമാനത്തിൽ എത്താനാകൂവെന്ന് പൊലീസ് പറഞ്ഞു.ഓസ്ട്രേലിയയിലുള്ള മൂത്തമകൻ പ്രിബിത്ത് നാളെ നാട്ടിലെത്തിയ ശേഷമാണ് സംസ്കാരം. വീട്ടിൽ പൊലീസ് പരിശോധന ഇന്നു പുലർച്ചെ വരെ നീണ്ടു. പുലർച്ചെയോടെയാണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. വളപട്ടണം എസ്എച്ച്ഒ പി.വിജേഷ്, എസ്ഐ ടി.എം.വിപിൻ എന്നിവർ അന്വേഷണത്തിനു നേതൃത്വം നൽകി.

ADVERTISEMENT
ADVERTISEMENT