ADVERTISEMENT

ഏഴു വർഷം മുൻപ് കാണാതായ ഭർത്താവിനെ മറ്റൊരു യുവതിയുമൊത്തുള്ള ഇൻസ്റ്റഗ്രാം വിഡിയോയിൽ കണ്ട് ഭാര്യ ഞെട്ടി. ഭാര്യയുടെ പരാതിയിൽ ഹർദോയ് സ്വദേശി ജിതേന്ദ്ര കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2018 ലാണ് ജിതേന്ദ്രയെ കാണാതാവുന്നത്. 2017ൽ ഷീലുവെന്ന യുവതിയുമായി വിവാഹം കഴിഞ്ഞശേഷം സ്ത്രീധനത്തെച്ചൊല്ലി തർക്കം പതിവായിരുന്നു. ഷീലുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെ ജിതേന്ദ്രയെ കാണാതാവുകയായിരുന്നു.

ജിതേന്ദ്രയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഷീലുവിന്റെ കുടുംബം ജിതേന്ദ്രയെ കൊലപ്പെടുത്തിയെന്ന് പിതാവും ബന്ധുക്കളും ആരോപിച്ചു. വർഷങ്ങൾക്കുശേഷം, ഇൻസ്റ്റഗ്രാമിൽ റീൽ കാണുന്നതിനിടെയാണ് ഭർത്താവും മറ്റൊരു യുവതിയുമായുള്ള വിഡിയോ ഷീലു കാണുന്നത്. ഉടനെ പൊലീസിൽ വിവരം അറിയിച്ചു.

ലുധിയാനയിലേക്ക് പോയ ജിതേന്ദ്ര അവിടെ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഷീലുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജിതേന്ദ്രയെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് പറഞ്ഞു. സ്ത്രീധന നിരോധന നിയമപ്രകാരവും തട്ടിപ്പിനും പൊലീസ് കേസെടുത്തു.

ADVERTISEMENT
ADVERTISEMENT