കോഴിക്കോട്ടെ ഫാര്‍മസി വിദ്യാര്‍ഥിയുടെ മരണത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കണ്ണാടിക്കല്‍ സ്വദേശി ബഷീറുദീന്റെ അറസ്റ്റാണ് നടക്കാവ് പൊലിസ് രേഖപ്പെടുത്തിയത്. ആയിഷയെ മോര്‍ഫ് ചെയ്ത ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തിയാണ് മംഗലാപുരത്ത് നിന്ന് എത്തിച്ചതെന്ന് ബന്ധുക്കളും ആരോപിച്ചു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതി ബഷീറുദീനെ റിമാന്‍ഡ് ചെയ്തു.
ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് ബഷീറുദീന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആയിഷ റഷയുടെ വാട്സാപ് സന്ദേശങ്ങളടക്കം പുറത്തുവന്നതോടെയാണ് ബഷീറുദീനെതിരായ കുരുക്ക് മുറുകിയത്. ആയിഷ മരണത്തിന് തൊട്ടുമുമ്പ് ബഷീറുദീനാണ് മെസേജ് അയച്ചത്.
എന്റെ മരണത്തിന് ഉത്തരവാദി നിങ്ങള്‍ മാത്രമായിരിക്കും എന്നാണ് ഉള്ളടക്കം. ഇരുവരും കൈമാറിയ ഓഡിയോ സന്ദേശങ്ങളും പൊലിസ് പിടിച്ചെടുത്തു. മംഗലാപുരത്ത് ബിഫാം മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ആയിഷയെ മോര്‍ഫ് ചെയ്ത ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തിയാണ് കോഴിക്കോട് എത്തിച്ചത് എന്ന് ബന്ധു മുസ്തഫ പറഞ്ഞു.
ആയിഷയുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു. തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. ഞായറാഴ്ചയാണ് എരഞ്ഞിപ്പാലത്തെ സുഹൃത്തിന്റെ അപാര്‍ട്മെന്റില്‍ ആയിഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.