ADVERTISEMENT

ജനവാസ മേഖലയിൽ കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിന്റെ നടുക്കത്തിലാണ് പെരുന്തട്ടക്കാർ. തിങ്കൾ രാത്രി പത്തോടെ പെരുന്തട്ട നടുപ്പാറ ഹെൽത്ത് സെന്ററിന് സമീപം റോഡിലാണ് സംഭവം. ആസമയം റോഡിന് സമീപമുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ പുലിയും കടുവയും ഏറ്റുമുട്ടുന്നത് നേരിൽക്കാണുകയും ചെയ്തു. വന്യമൃഗങ്ങളുടെ ശബ്ദം കേട്ട് സ്ഥലത്തെത്തിയപ്പോൾ, താഴെ വീണു കിടക്കുന്ന പുലിയുടെ മുകളിൽ കയറി ആക്രമിക്കുന്ന കടുവയെയാണ് കണ്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബഹളം വച്ചതോടെ കടുവ റോഡിനു മുകൾഭാഗത്ത് തേയിലത്തോട്ടത്തിലേക്ക് മാറി. അൽപസമയം റോഡിൽ കിടന്ന ശേഷം പുലി റോഡിന് താഴെഭാഗത്തെ തേയിലത്തോട്ടത്തിലൂടെ ഓടി നീങ്ങിയെന്നും നാട്ടുകാർ പറയുന്നു.

ഏറ്റുമുട്ടലുണ്ടായ സ്ഥലത്തു നിന്നു പുലിയുടേതെന്ന് കരുതുന്ന നഖവും രോമങ്ങളും ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് നഖം ഉരഞ്ഞതു പോലുള്ള പാടുകളും പതിഞ്ഞിട്ടുണ്ട്. എന്നാൽ, പുലിയും കടുവയും ഏറ്റുമുട്ടാനുള്ള സാധ്യത വിരളമാണെന്നും പുലി കാട്ടുപന്നിയെ വേട്ടയാടിയതായിരിക്കാമെന്നുമാണു വനംവകുപ്പ് പറയുന്നത്. ആക്രമണമുണ്ടായതായി നാട്ടുകാർ കാണിച്ചു കൊടുത്ത സ്ഥലത്ത് ഇന്നലെ വൈകിട്ടോടെ വനംവകുപ്പ് സംഘം ക്യാമറാ ട്രാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് രാത്രികാല പട്രോളിങ് ശക്തമാക്കിയ വനംവകുപ്പ് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

ADVERTISEMENT

നടുക്കം മാറാതെ ബെന്നി

'ആ സമയം തൊട്ടപ്പുറത്തായി എസ്റ്റേറ്റ് പാടിക്ക് സമീപം സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്നു. പെട്ടെന്ന് വന്യമൃഗങ്ങളുടേതിന് സമാനമായ ശബ്ദം കേട്ടു. വന്യമൃഗങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ച മേഖലയായിരുന്നതിനാൽ കുറച്ച് അകലം പാലിച്ചു നിന്നു. അപ്പോഴും മൽപിടുത്തം നടക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. പെട്ടെന്ന് റോഡിലേക്ക് വലിയൊരു ജീവി എന്തോ വലിച്ചു കൊണ്ടുവന്നു. കാട്ടുപന്നിയെ പുലി പിടിച്ചതാണെന്നാണ് വിചാരിച്ചിരുന്നത്.

ADVERTISEMENT

റോഡിന്റെ മധ്യഭാഗത്ത് എത്തിയപ്പോൾ തെരുവുവിളക്കിന്റെ പ്രകാശത്തിലാണ് കടുവയും പുലിയുമാണെന്ന് മനസ്സിലായത്. നിലത്തുകിടക്കുന്ന പുലിയുടെ മുകളിൽ 2 കയ്യും വച്ചിരിക്കുന്ന നിലയിലായിരുന്നു കടുവ. ബഹളം വച്ചതോടെ കടുവ തേയിലത്തോട്ടത്തിനുള്ളിലേക്ക് തിരികെ കയറി. ആ സമയം പുലി റോഡിൽ കിടക്കുകയായിരുന്നു. കടുവ സ്ഥലത്തു നിന്നു പോയെന്ന് കരുതി സംഭവ സ്ഥലത്തേക്ക് നടക്കുന്നതിനിടെ പെട്ടെന്ന് കടുവ വീണ്ടും തിരിച്ചുവന്നു. വെളിച്ചമുള്ള ഭാഗത്തേക്കാണു കടുവ എത്തിയത്. അപ്പോഴാണു വ്യക്തമായി കടുവയെ കണ്ടത്. വീണ്ടും ബഹളം വച്ചു. ഇതോടെ കടുവ സ്ഥലത്തു നിന്നു ഓടിമാറി. പിന്നാലെ പുലിയും’.

ഭീതിയും പേറി പെരുന്തട്ടക്കാർ

ADVERTISEMENT

തുറന്നിട്ടൊരു മൃഗശാല പോലെയാണു പെരുന്തട്ട ഗ്രാമം. എങ്ങോട്ടു തിരിഞ്ഞാലും വന്യമൃഗങ്ങൾ മാത്രം. ഏതു നിമിഷവും വന്യമൃഗങ്ങളുടെ മുന്നിൽ അകപ്പെടാമെന്ന ആശങ്കയും പേറിയാണ് ജീവിതം. കഴിഞ്ഞയാഴ്ച കാട്ടാനകളായിരുന്നു ഉറക്കം കെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 20ന് പ്രദേശത്തിറങ്ങിയ കാട്ടാനകൾ വ്യാപക കൃഷി നാശം വരുത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ പ്രദേശത്തിറങ്ങിയ കടുവ ദിവസങ്ങളോളമാണ് മേഖലയിൽ ഭീതി പരത്തിയത്. അന്നു നാട്ടുകാർ ദേശീയപാത ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്ന് കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.

എവിടെ തിരിഞ്ഞാലും പുലി

നേരത്തേ വനാതിർത്തിയോടു ചേർന്നാണു പുലിയെത്തിയിരുന്നതെങ്കിൽ ഇപ്പോൾ പുലി എത്താത്ത മേഖലകളില്ല. പുലിയുടെ കാൽപാടുകൾ പതിയാത്ത വീടുകളില്ലെന്നതാണു യാഥാർഥ്യം. ഒന്നിലധികം പുലികൾ മേഖലയിലുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. പെരുന്തട്ടയിലെ ഭൂരിഭാഗവും എൽസ്‌റ്റൺ എസ്‌റ്റേറ്റിന് കീഴിലെ തേയിലത്തോട്ടമാണ്. ഒരുഭാഗം കോഫി ബോർഡിന് കീഴിലെ കാപ്പിത്തോട്ടവും ഒരുഭാഗം വനമേഖലയുമാണ്. 400 ലധികം കുടുംബങ്ങൾ പെരുന്തട്ടയിൽ താമസിക്കുന്നുണ്ട്. തൊഴിലാളി സമരം കാരണം പണി മുടങ്ങിയതോടെ തേയിലത്തോട്ടം കാടുമൂടിയ നിലയിലാണ്.

ഒരാൾപൊക്കത്തിലാണു കാട് ഉയർന്നു നിൽക്കുന്നത്. ഇതുകാരണം വന്യമൃഗങ്ങളെ എളുപ്പത്തിൽ കാണാനാകില്ല. കാടു മുടിയതോടെ മുൻപെങ്ങുമില്ലാത്ത വിധം കാട്ടാന, പുലി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായി. ഏഴരക്കുന്നിലെ പാറയ്ക്കു മുകളിൽ പതിവായി പുലിയെത്തുന്നുണ്ട്. ഈ ഭാഗത്തു പുലിമടയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ തമ്പടിക്കുന്ന പുലികൾ രാത്രിയിൽ സമീപപ്രദേശങ്ങളായ വെള്ളാരംകുന്ന്, ഓടത്തോട്, കണ്ണൻചാത്ത് മേഖലകളിലും എത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം കണ്ണൻചാത്തിൽ റോഡ് മുറിച്ചു കടക്കുന്ന പുലിയെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.

പുലികൾ നേരത്തേയും

പെരുന്തട്ടയിൽ വർഷങ്ങളായി പുലി ശല്യം രൂക്ഷമായത്. 2000 നവംബർ 5 നു കരിമ്പുലിയും 2006 സെപ്റ്റംബറിൽ പെൺപുലിയും കൂട്ടിൽ കുടുങ്ങി. ചുറ്റിലും തേയിലത്തോട്ടവും കാപ്പിത്തോട്ടവുമായതിനാൽ മറ്റു വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്. ചെമ്പ്ര വനമേഖലയിൽ നിന്നാണു പുലി അടക്കമുള്ള വന്യമൃഗങ്ങൾ മേഖലയിലേക്കെത്തുന്നത്. പകൽസമയങ്ങളിൽ വനാതിർത്തിയോട് ചേർന്ന കൂട്ടമുണ്ട എസ്റ്റേറ്റിൽ തമ്പടിക്കുന്ന വന്യമൃഗങ്ങൾ രാത്രിയിൽ കോഴിക്കോട്–ഉൗട്ടി സംസ്ഥാനാന്തര പാത കടന്ന് ഓടത്തോട് മേഖലയിലൂടെയാണു പെരുന്തട്ടയിലെത്തുന്നത്.

ADVERTISEMENT