വീട്ടിലെ ഇരുമ്പ് ഗേറ്റിൽ തല കുടുങ്ങിയ പൂച്ചക്കുട്ടിക്ക് രക്ഷകരായി മലപ്പുറം അഗ്നിരക്ഷാസേന. കോട്ടപ്പടിയിൽ ചീനിത്തോട് കൊന്നോല അബ്ദുല്ലയുടെ വീട്ടിലെ ഗേറ്റിലാണ് പൂച്ചക്കുട്ടി കുടുങ്ങിയത്. മുറ്റത്തെ ഭക്ഷണം കണ്ട് അടച്ചിട്ടിരുന്ന ഗേറ്റിന്റെ കമ്പിക്കുളളിലൂടെ അകത്തു കടക്കാൻ ശ്രമിച്ചപ്പോൾ തല കുടുങ്ങുകയായിരുന്നു. വീട്ടുകാർ ഏറെ നേരം പൂച്ചക്കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.
അഗ്നിരക്ഷാസേനയെ കണ്ടതോടെ ‘പെട്ടു പോയി സാറേ, രക്ഷിക്കണം’ എന്ന രീതിയിൽ ഒന്ന് കരഞ്ഞ പൂച്ചക്കുട്ടി സേനയുടെ ഹൈഡ്രോളിക്ക് ഉപകരണങ്ങൾ കണ്ടതോടെ പകച്ചു പോയെങ്കിലും പിന്നീട് ആശ്വാസമായി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഇ.എം.അബ്ദുൽ റഫീഖിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ മുഹമ്മദ് ഷിബിൻ, കെ.സി.മുഹമ്മദ് ഫാരിസ്, വി.വിപിൻ, അർജുൻ എന്നിവർ ചേർന്നാണ് പരുക്കേൽക്കാതെ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തിയത്. ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് കമ്പി അകത്തി മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.