ADVERTISEMENT

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയറുമായി കാട്ടാക്കട കിള്ളി സ്വദേശിയായ എസ്.സുമയ്യ (26) ഇനിയുള്ള കാലം ജീവിക്കേണ്ടിവരുമെന്നു സൂചന നല്‍കി മെഡിക്കല്‍ ബോര്‍ഡ്. ഗൈഡ് വയര്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത് 'റിസ്‌ക്' ആണെന്നും ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകള്‍ പൊട്ടാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ വിലയിരുത്തി. 

ഗൈഡ് വയര്‍ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഏറെ സങ്കീര്‍ണമാണെന്നും വയര്‍ പുറത്തെടുക്കാതിരിക്കുന്നതാണു സുരക്ഷിതമെന്നും ഇന്നു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. ഇക്കാര്യം സുമയ്യയെയും കുടുംബത്തെയും ബോധ്യപ്പെടുത്തും. ശസ്ത്രക്രിയ വേണമെന്ന നിലപാടില്‍ സുമയ്യ ഉറച്ചുനിന്നാല്‍ വിദഗ്ധ ഡോക്ടര്‍മാര്‍ കൂടിയാലോചിച്ച് തുടര്‍ചികിത്സ നിശ്ചയിക്കും. 

ADVERTISEMENT

അതേസമയം, ഗൈഡ് വയര്‍ കുടുങ്ങിയതു മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ജീവിതകാലം മുഴുവന്‍ സുമയ്യ അനുഭവിക്കേണ്ടിവരുമെന്നും തുടര്‍ചികിത്സയുടെ ഉള്‍പ്പെടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുമയ്യയുടെ സഹോദരന്‍ സബീര്‍ പറഞ്ഞു. ചികിത്സാപിഴവിന് നഷ്ടപരിഹാരം നല്‍കണം. വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് തന്നെ സമ്മതിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. ആരോപണവിധേയനായ ഡോക്ടര്‍ ഇപ്പോഴും ചികിത്സ തുടരുകയാണ്. കുറ്റക്കാര്‍ ആരെന്നു കണ്ടെത്തി ശിക്ഷാനടപടി ഉണ്ടാകണമെന്നും സബീര്‍ പറഞ്ഞു.

2023 മാര്‍ച്ച് 22ന് ജനറല്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമായി സുമയ്യ ചികിത്സ തേടിയിരുന്നു. 2025 ഏപ്രിലില്‍ എക്‌സ്‌റേ എടുത്തപ്പോഴാണ് ഗൈഡ് വയർ കുടുങ്ങിക്കിടക്കുന്നതായി സ്ഥിരീകരിച്ചത്.

ADVERTISEMENT

ഗൈഡ് വയർ കുടുങ്ങിയ വിവരം അറിഞ്ഞ ജനറല്‍ ആശുപത്രി അധികൃതര്‍ ഏപ്രിലില്‍ സുമയ്യയെ ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്കു റഫര്‍ ചെയ്തിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞതിനാല്‍ ഗൈഡ് വയര്‍ പുറത്തെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു ശ്രീചിത്രയില്‍ നിന്നുള്ള മറുപടി. 

ഗൈഡ് വയര്‍ രക്തക്കുഴലുകളില്‍ ഒട്ടിച്ചേര്‍ന്നിട്ടുണ്ടാകാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സുമയ്യ പരാതിയുമായി രംഗത്തെത്തിയതോടെ ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. ഗൈഡ് വയര്‍ കുടുങ്ങിയ വിവരം മനസ്സിലാക്കിയ ഡോക്ടര്‍ അപ്പോള്‍ തന്നെ വെളിപ്പെടുത്തിയിരുന്നെങ്കില്‍ ജനറല്‍ ആശുപത്രിയില്‍ വച്ചു തന്നെ അതു പുറത്തെടുക്കാമായിരുന്നെന്ന് ബോര്‍ഡ് വിലയിരുത്തിയിരുന്നു.

ADVERTISEMENT
English Summary:

Medical negligence case: A guide wire was left inside a patient's chest during thyroid surgery at Thiruvananthapuram General Hospital. A medical board suggests removing the wire is risky, and the patient may have to live with it indefinitely.

ADVERTISEMENT