ADVERTISEMENT

പ്രണയം തകര്‍ന്നതിന്റെ ദു‍ഃഖത്തില്‍ പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിന് രക്ഷകരായി പൊലീസ്. ആറ്റിങ്ങൽ അയിലം പാലത്തിൽ ചാടാനായി കയറിനിന്ന ഇരുപത്തിമൂന്നുകാരനെയാണ് പൊലീസ് രക്ഷിച്ചത്. ആറ്റിങ്ങൽ എസ്ഐ ജിഷ്ണുവും എഎസ്ഐ മുരളീധരൻ പിള്ളയുമാണ് യുവാവിന് രക്ഷകരായി മാറിയത്. യുവാവിനൊപ്പമിരുന്നു പൊലീസുകാര്‍ വിഷമങ്ങളൊക്കെ കേൾക്കുകയും അവനെ സമാധാനിപ്പിച്ച് വീട്ടിലേക്ക് അയയ്ക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളില്‍ യുവാവിനോട് കയറിവരാനും എന്താണെങ്കിലും പരിഹാരമുണ്ടാക്കാമെന്നും പൊലീസ് പറയുന്നുണ്ട്. ‘നീ കേറി വാ നമുക്ക് പരിഹരിക്കാം. എന്തുണ്ടേലും പരിഹരിക്കാം. അതിനല്ലേ പൊലീസ് ഉള്ളത്. വാക്കാണ്. ഞാൻ പരിഹരിച്ചു തരാം...’- യുവാവിനോട് പൊലീസ് പറയുന്നു.

ADVERTISEMENT

‘വാടാ കുഴപ്പമില്ലടാ വാ’ എന്ന് പറഞ്ഞ് അനുനയിപ്പിച്ച ശേഷം പൊലീസ് യുവാവിനോട് പാലത്തിന്റെ അരികിലായുള്ള നടപ്പാതയില്‍ ഇരിക്കാന്‍ പറയുന്നുമുണ്ട്. ‘ഇരിക്ക് അവിടെ ഇരുന്നോ നീ, റെസ്റ്റ് ചെയ്യ്. വിഷമിക്കണ്ട എന്തുണ്ടേലും പരിഹരിക്കാം... കേട്ടോ.... നീ നോക്ക്.... കരയരുത്.... ചിരിക്ക് ചിരിക്ക്’ യുവാവിനെ പൊലീസ് ആശ്വസിപ്പിക്കുന്നു. ഇരുപൊലീസ് ഉദ്യോഗസ്ഥരും പാലത്തിലിരുന്ന് യുവാവിന് പറയാനുള്ളതെല്ലാം കേട്ടു. യുവാവിനെ വീട്ടില്‍ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. 

ADVERTISEMENT
ADVERTISEMENT