ADVERTISEMENT

ബാലരാമപുരത്ത് ദേവേന്ദു എന്ന രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് കേരളം ഞെട്ടലോടെ കേട്ട വാര്‍ത്തയാണ്. ജനുവരി 30ന് പുലര്‍ച്ചെയായിരുന്നു ദേവേന്ദു കൊല്ലപ്പെട്ടത്. അച്ഛനും അമ്മയും സഹോദരനും കൂടാതെ അമ്മാവനും മുത്തശ്ശിയും കഴിയുന്ന വീട്ടില്‍ കിടന്നുറങ്ങിയ ദേവേന്ദുവാണ് പുലര്‍ച്ചെ കിണറ്റില്‍ മരിച്ച് കിടന്നത്. അമ്മാവനാണ് കിണറ്റിലെറിഞ്ഞ് കൊന്നതെന്നായിരുന്നു പൊലീസിന്‍റെ ആദ്യ കണ്ടെത്തല്‍. എന്നാല്‍ എട്ട് മാസം കഴിയുമ്പോള്‍ ദേവേന്ദുവിന്‍റെ പെറ്റമ്മ ശ്രീതുവും അറസ്റ്റിലാവുകയാണ്.

നാടിനെ നടുക്കിയ സംഭവം

ADVERTISEMENT

മക്കൾക്കും മാതാപിതാക്കൾക്കും സഹോദരനുമൊപ്പം ശ്രീതു താമസിച്ചിരുന്ന കോട്ടുകാൽക്കോണം സ്കൂളിനു മുന്നിലെ വാടക വീട്ടിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ശ്രീതുവിന്റെ ജീവിതരീതികളോട് യോജിക്കാൻ കഴിയാത്തതിനാൽ ഭർത്താവ് പാറശാലയിലെ സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. ശ്രീതുവിന്റെ അച്ഛൻ ഉദയകുമാറിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ഭർത്താവ് വീട്ടിലെത്തിയ ദിവസമാണ് ആസൂത്രിതമായി കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ കണ്ടെത്തൽ.

ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനു കുട്ടികളെ ഇഷ്ടമല്ലായിരുന്നെന്നു പൊലീസ് പറയുന്നു. രാവിലെ 5ന് ശ്രീതു ശുചിമുറിയിൽ പോയ സമയത്താണ് അവരുടെ മുറിയിൽ കിടന്ന കുഞ്ഞിനെ വീട്ടുവളപ്പിലെ കിണറ്റിലിട്ടതെന്നു ഹരികുമാർ പൊലീസിനു മൊഴി നൽകിയിരുന്നു. ശ്രീതുവിന്റെ ഭർത്താവാണ് കൊലപാതകം നടത്തിയതെന്നു വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം. അയൽക്കാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്.

ADVERTISEMENT

മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിൽ ഹരികുമാർ കുറ്റം സമ്മതിച്ചു. ഇതിനുശേഷം പലവട്ടം ഹരികുമാർ മൊഴി മാറ്റിപ്പറഞ്ഞതോടെ പൊലീസ് മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടി. മാനസിക പ്രശ്നമില്ലെന്ന ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇയാളെ റിമാൻഡ് ചെയ്തത്.ശ്രീതുവും ഹരികുമാറും നടത്തിയ ഫോൺ ചാറ്റുകളിൽ നിർണായകമായ വിവരങ്ങൾ തുടക്കത്തിലേ പൊലീസിനു ലഭിച്ചിരുന്നെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിലാണ് അറസ്റ്റ് നീണ്ടുപോയത്.

ഹരികുമാറിന്റെ ചില താൽപര്യങ്ങൾക്കു കുട്ടി തടസ്സമായതിനാൽ സഹോദരിയോട് ഇയാൾക്കു ദേഷ്യമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് പൊലീസിന്റെ പരിഗണനയിലുണ്ട്. ശ്രീതുവിന്റെ ബന്ധങ്ങളിൽ സംശയമുണ്ടായിരുന്നതിനാലാണ് പിതൃത്വം സംബന്ധിച്ച ഡിഎൻഎ പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്. കുട്ടിയെ ഒഴിവാക്കാനുള്ള കാരണം അറിയാൻ കൂടിയായിരുന്നു ഇത്. പിതൃത്വം സംബന്ധിച്ച് പരാതികളൊന്നും ലഭിക്കാത്തതിനാൽ അതു കണ്ടെത്താനുള്ള ശ്രമം പൊലീസ് തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്.

ADVERTISEMENT

എല്ലാം അറിഞ്ഞിട്ടും തടഞ്ഞില്ല

ദേവേന്ദുവിനെ കൊന്നത് അമ്മാവന്‍ ഹരികുമാര്‍ തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നു. പക്ഷെ കൊല്ലുമെന്ന കാര്യവും കൊന്നകാര്യവും ശ്രീതുവിന് അറിയാമായിരുന്നുവെന്നും പൊലീസിന് വ്യക്തമായി. ഇതോടെയാണ് അറസ്റ്റിലേക്ക് കടന്നത്. ശ്രീതുവിനോട് ഹരികുമാറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. അത് ശ്രീതുവും എതിര്‍ത്തിരുന്നില്ല. ഈ ബന്ധത്തിന് തടസം കുട്ടിയാണെന്ന് ഹരികുമാര്‍ കരുതി. ഇതോടെ കുട്ടിയെ കൊല്ലുമെന്ന് പലതവണ ഹരികുമാര്‍ ശ്രീതുവിനോട് പറഞ്ഞു.

ഒരുതവണ പോലും അതിനെ എതിര്‍ക്കാനോ കുട്ടിയെ സുരക്ഷിതയാക്കാനോ ശ്രീതു ശ്രമിച്ചില്ല. കുട്ടിയെ കിണറ്റില്‍ നിന്ന് കിട്ടിയപ്പോള്‍ കൊന്നത് ഹരികുമാറാണെന്നും ശ്രീതുവിന് അറിയാമായിരുന്നു. ഇതും പൊലീസിനോട് മറച്ചുവെച്ചു. ഇതോടെയാണ് ദേവേന്ദുവിനെ കൊന്നതില്‍ ശ്രീതുവിനും പങ്കെന്ന് പൊലീസ് ഉറപ്പിക്കുന്നത്.

ശ്രീതുവിന്റെ അറസ്റ്റ് മകളുടെ പിറന്നാളിന് 2 ദിവസം മുൻപ്

കൊലപാതകത്തിൽ അമ്മ ശ്രീതു അറസ്റ്റിലായത് കുഞ്ഞിന് 3 വയസ്സ് തികയാൻ 2 ദിവസം ബാക്കിനിൽ‌ക്കേ. 2022 സെപ്റ്റംബർ 29ന് ആയിരുന്നു ജനനം. കുഞ്ഞിന്റെ അമ്മൂമ്മ അങ്കണവാടി ഹെൽപർ ആയിരുന്നതിനാലും നോക്കാൻ വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനാലും അടുത്തുള്ള അങ്കണവാടിയിലായിരുന്നു കുഞ്ഞ് അധികസമയവും.അവിടെ നടക്കുന്ന പരിപാടികളിൽ വിവിധ വേഷങ്ങൾ ധരിച്ച് പങ്കെടുക്കുന്നതും പതിവായിരുന്നു. കൊലപാതകത്തിൽ ശ്രീതുവിനു പങ്കുണ്ടെന്ന് സംഭവത്തിനു പിന്നാലെ പ്രദേശവാസികൾ പൊലീസിനെ അറിയിച്ചിരുന്നു.

English Summary:

Balaramapuram kid murder case is a shocking incident where a two-year-old child was thrown into a well in Balaramapuram. The child's mother, Sreethu, has been arrested eight months after the incident, revealing a disturbing involvement in the crime.

ADVERTISEMENT