ADVERTISEMENT

 ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം തേവലക്കര കോയിവിള സ്വദേശി ടി. അതുല്യ ശേഖറിനെ (30) മരിച്ചനിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിന്റെ (40) മുൻകൂർ ജാമ്യം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ.വി. രാജു റദ്ദാക്കി. തുടർന്ന് കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായ സതീഷിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പൂജ അവധിക്കു ശേഷം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.

മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ മാനിച്ചാണ് കോടതി ഉത്തരവ്. എന്നാൽ, എഫ്ഐആർ പ്രകാരം സതീഷിൽ ആരോപിക്കുന്ന കൊലപാതകക്കുറ്റത്തിനു പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു ജാമ്യം റദ്ദാക്കിയുള്ള സെഷൻസ് കോടതി വിധിയിൽ വ്യക്തമാക്കുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ റീ–പോസ്റ്റ്മോർട്ടത്തിൽ അതുല്യയുടെ ശരീരത്തിൽ 46 പാടുകൾ കണ്ടെത്തി. ചില പാടുകൾ പഴയതെങ്കിലും മരിക്കുന്നതിന് 24 മണിക്കൂറിനുള്ളിലുണ്ടായ പാടുകളും ശരീരത്തിൽ അവശേഷിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം മാത്രമേ ആത്മഹത്യാ പ്രേരണ കുറ്റത്തിനു തെളിവു കണ്ടെത്താൻ കഴിയൂവെന്നും അന്വേഷണ സംഘം പറഞ്ഞു.

ADVERTISEMENT

അതുല്യ കൊല്ലപ്പെട്ടതാണെന്നും കാരണക്കാരൻ സതീഷാണെന്നുമാണ് മാതാപിതാക്കൾ ചവറ തെക്കുംഭാഗം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അതനുസരിച്ചാണ് ലോക്കൽ പൊലീസ് എഫ്ഐആർ തയാറാക്കിയത്. വിദേശത്തെ മരണം അന്വേഷിക്കാൻ ലോക്കൽ പൊലീസിന് പരിമിതിയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്. ജൂലൈ 19ന് ആണ് ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ നടന്ന അതുല്യയുടെ പോസ്റ്റ്മോർട്ടത്തിൽ തൂങ്ങി മരണമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഓഗസ്റ്റിൽ മുൻകൂർജാമ്യം അനുവദിച്ചത്. തുടർന്ന് ഷാർജയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ സതീഷിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു. തെളിവായി ഹാജരാക്കിയ വിഡിയോകളുടെയും ഫോട്ടോകളുടെയും സമയക്രമം കണ്ടെത്താനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. കോടതിയിൽ സമർപ്പിച്ച ശാസ്ത്രീയ പരിശോധന റിപ്പോർട്ടു കൂടി കണക്കിലെടുത്താണ് ജാമ്യം റദ്ദാക്കിയത്.

ADVERTISEMENT
English Summary:

Sharjah death case takes a new turn as anticipatory bail of Satheesh Sankar, husband of Athulya Shekhar, is cancelled. The investigation continues to determine the circumstances surrounding Athulya's death and whether it was suicide or murder.

ADVERTISEMENT
ADVERTISEMENT