പായൽ മൂടിയ ചിറയിൽ മുങ്ങിത്താണു കൊണ്ടിരുന്ന ആറു വയസ്സുകാരൻ രാമനു തുണയായെത്തിയത് 12 വയസ്സുകാരൻ സെയ്ദലിയുടെ കൈകൾ. ജീവിതത്തിലേക്കു മടങ്ങിയെത്തിയ രാമന്റെ തോളിൽ സെയ്ദലി കയ്യിട്ടു നിന്നു. ഈ കുട്ടികളാണ് ഇന്നു നാട്ടിലെ വാർത്താതാരങ്ങൾ.
കൊട്ടിയം പറക്കുളം മഞ്ഞക്കുഴി വീട്ടിൽ സുരേഷിന്റെയും അശ്വതിയുടെയും മകനും ചാത്തന്നൂർ ഗവ. എച്ച്എസിലെ ഒന്നാം ക്ലാസ് വിദ്യാർഥിയുമായ രാമൻ എന്ന ആദിഷ് കഴിഞ്ഞ ദിവസം ഉച്ചയോടെ സൈക്കിളിൽ വരവേ കൊട്ടിയം പറക്കുളം ഏറത്തു ചിറയിൽ വീഴുകയായിരുന്നു. പുല്ലാങ്കുഴി കനാൽ വീട്ടിൽ സിയാദ്– സജീന ദമ്പതികളുടെ മകനും കൊട്ടിയം സിഎഫ്എച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ സെയ്ദലിയാണ് രക്ഷകനായെത്തിയത്.
സമീപത്തെ പാടശേഖരങ്ങളിലേക്കുള്ള വെള്ളം ശേഖരിക്കുന്ന ചിറയാണ് ഏറത്തു ചിറ. ചിറയ്ക്കു സമീപത്തെ പറമ്പിൽ ജ്വാല ലൈബ്രറി ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഘോഷ സ്ഥലത്തേക്കായിരുന്നു രാമന്റെ വരവ്. സമീപത്തെ റോഡിലേക്കു കയറുന്നതിനിടെ സൈക്കിൾ നിയന്ത്രണം വിട്ടു ചിറയിലേക്കു വീണു. ആഘോഷത്തിന്റെ ഭാഗമായി ഉച്ചഭാഷിണി പ്രവർത്തിച്ചിരുന്നതിനാൽ രാമന്റെ നിലവിളി ആരും കേട്ടില്ല. ക്ലബ്ബിന്റെ പരിപാടി കാണാൻ വരികയായിരുന്ന സെയ്ദാലി രാമൻ വെള്ളത്തിൽ വീഴുന്നതു ദൂരെ നിന്നേ കണ്ടു.
ഓടിയെത്തി റോഡിൽ നിന്നു ചിറയിലേക്കു കമിഴ്ന്നു കിടന്ന സെയ്ദാലി നീട്ടിയ കൈകളിൽ രാമൻ മുറുകെപ്പിടിച്ചു കിടന്നു. വലിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ സെയ്ദലി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. ചിറയുടെ മറുകരയിൽ ഇരിക്കുകയായിരുന്ന രാമന്റെ മുത്തച്ഛൻ രാജു അതു കേട്ടു. രാജുവും നാട്ടുകാരും ക്ലബ് ഭാരവാഹികളും ഓടിയെത്തി രാമനെ കരയ്ക്കു കയറ്റി. പിടിവിടാതെ രാമനെ പിടിച്ചു കിടന്ന സെയ്ദലിക്ക് അവരുടെ വക അഭിനന്ദനങ്ങളും. അൽപം വെള്ളം ഉള്ളിൽ പോയെന്നല്ലാതെ രാമനു കുഴപ്പമൊന്നുമില്ല. സൈക്കിളും പിന്നീട് മുങ്ങിത്തപ്പിയെടുത്തു.
ചിറയിൽ മുൻപ് 4 പേർ വീണു മരിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. ചിറയുടെ ഒരു ഭാഗത്തു മാത്രമാണു ഇരുമ്പുവേലികൾ സ്ഥാപിച്ചിട്ടുള്ളത്. അവശേഷിക്കുന്ന ഭാഗങ്ങളിലും ഇരുമ്പുവേലി സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്നു ചിറയിലെ പായൽ നീക്കം ചെയ്യും.