ADVERTISEMENT

പുത്തൂർ വെളിയം സ്വദേശികളായ അർച്ചനയും അമ്മയും 5 വർഷത്തിലേറെയായി ആനക്കോട്ടൂരിൽ താമസമാക്കിയിട്ട്. പഞ്ചായത്തിൽ നിന്ന് ലൈഫ് ഭവനപദ്ധതിയിൽ ലഭിച്ച വീട്ടിലാണ് ഇവർ താമസിക്കുന്നത്. ഇവിടെ നിന്ന് 2 കിലോമീറ്ററിനുള്ളിലാണ് അർച്ചനയുടെ അമ്മ മിനി (ശ്രീകല) വാടകയ്ക്കു താമസിക്കുന്നത്. 

അർച്ചന ജോലിക്കു പോകുമ്പോൾ മിനിക്ക് ഒപ്പമാണ് കുട്ടികൾ. അർച്ചന വീട്ടിലെത്തുമ്പോൾ കുട്ടികളും വീട്ടിലെത്തും. നാട്ടുകാരുമായി അധികം സഹകരണമില്ലാത്ത ജീവിതരീതിയായിരുന്നു ഇവരുടേതെന്നു സമീപവാസികൾ പറയുന്നു. ഓയൂർ സ്വദേശിയെ വിവാഹം ചെയ്ത അർച്ചന വർഷങ്ങൾക്കു മുൻപ് വിവാഹബന്ധം വേർപെടുത്തി. ഈയിടെയാണ് ശിവകൃഷ്ണയുമായി പരിചയത്തിലായത്. 

ADVERTISEMENT

രഹസ്യമായി വിദേശത്തേക്കു പോകാൻ അർച്ചന പാസ്പോർട്ട് എടുത്തിരുന്നു. പക്ഷേ, ഇതു മനസ്സിലാക്കിയ ശിവകൃഷ്ണ അന്നുമുതൽ കലഹമായിരുന്നു.

അർച്ചനയുടെ വീട്ടിലെത്തുന്നവർക്ക് മുന്നിൽ കണ്ണീർക്കാഴ്ചയാവുകയാണ് അർച്ചനയുടെ 3 മക്കൾ. മൂത്തയാൾ ഐശ്വര്യ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ഇളയ കുട്ടി ആദിത്യൻ ആറിലും ഏറ്റവും ഇളയ കുട്ടി അനുശ്രീ നാലാം ക്ലാസിലും. അർച്ചന മുൻപും കിണറ്റിൽച്ചാടിയ അനുഭവമുണ്ട് കുട്ടികൾക്ക്. പരുക്കുകളോടെ രക്ഷപ്പെട്ടിട്ടുമുണ്ട്. ഇത്തവണയും അങ്ങനെയായിരിക്കുമെന്നാണ് കുട്ടികൾ കരുതിയത്. പക്ഷേ, വിധി മറിച്ചായി. അർച്ചന മാത്രമായിരുന്നു കുട്ടികൾക്ക് ആശ്രയം. പിന്നെയുള്ളത് അർച്ചനയുടെ അമ്മ മിനിയാണ്. മിനിയും ഹോംനഴ്സായി ജോലി നോക്കുകയാണ്.

ADVERTISEMENT

‘ആ ബന്ധം വേണ്ടെന്ന് പറഞ്ഞിരുന്നു’

ശിവകൃഷ്ണയുമായുള്ള ബന്ധം വേണ്ടെന്നു പലവട്ടം അർച്ചനയോടു പറഞ്ഞിരുന്നു. ‘ഞാൻ പാസ്പോർട്ട് എടുത്തിട്ടുണ്ട് അമ്മേ, പുറത്തേക്കു പോകാനുള്ള ശ്രമത്തിലാണ്. അങ്ങനെയങ്ങ് ഒഴിവാക്കാം. അല്ലെങ്കിൽ അവൻ എന്നെ കൊല്ലും’ എന്നായിരുന്നു മറുപടി. അതൊടുവിൽ ഇങ്ങനെയൊരു ദുരന്തത്തിൽ കലാശിക്കുമെന്ന് അറിഞ്ഞില്ല. പറക്കമുറ്റാത്ത ഈ കുഞ്ഞുങ്ങളെയും കൊണ്ടു ഞാൻ ഇനി എന്തു ചെയ്യും. ലൈഫ് പദ്ധതിയിൽ കിട്ടിയ വീടാണ്. അവളുടെ അധ്വാനവും ചേർത്താണ് ഇത്രയുമാക്കിയത്. എന്നിട്ടും പണി തീർന്നിട്ടില്ല. - മിനി (അർച്ചനയുടെ അമ്മ) പറയുന്നു. 

ADVERTISEMENT

‘ഞാൻ അവിടെ എത്തിയത് 2 ദിവസം മുൻപ്’

രണ്ടു ദിവസം മുൻപാണ് ഞാനും അഞ്ജനയും അർച്ചനയുടെ വീട്ടിലെത്തിയത്. ശിവകൃഷ്ണ എന്റെ സുഹൃത്തും അകന്ന ബന്ധുവുമാണ്. അന്നു രാത്രി ശിവകൃഷ്ണ നന്നായി മദ്യപിച്ചിരുന്നു. രാത്രി പന്ത്രണ്ടോടെ വഴക്കു കേട്ടാണ് ഞങ്ങൾ ഉണർന്നത്. അർച്ചനയെ ശിവകൃഷ്ണ ഉപദ്രവിച്ചു. അർച്ചന അടുക്കളഭാഗത്തേക്കു പോകുന്നതു കണ്ട്. പിറകേ പോയ ശിവ തിരികെ വന്നാണ് അർച്ചന കിണറ്റിൽ ചാടിയെന്നു പറഞ്ഞത്. ഞാനാണ് ഉടൻ ഫയർഫോഴ്സിനെ വിളിച്ചത്. -അക്ഷയ്, ദൃക്സാക്ഷി

ADVERTISEMENT