ADVERTISEMENT

അമൽ ബാബുവിന്റെ ഹൃദയം അജ്മലിൽ സ്പന്ദിച്ചു തുടങ്ങി. മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അമൽ ബാബുവിന്റെ (25) ബന്ധുക്കൾ അവയവദാനത്തിന് സമ്മതം അറിയിച്ചതിനെ തുടർന്നാണ് അജ്മലിന് പുതുജീവൻ ലഭിച്ചത്. ഈ വർഷം ജനുവരിയിലാണ് പ്രവാസ ജീവിതത്തിനിടയിൽ മലപ്പുറം സ്വദേശി അജ്മലിന് (33) ഗുരുതരമായ ഹൃദയാഘാതം ഉണ്ടാകുന്നത്. തുടർന്ന് ഹൃദയ പരാജയം സംഭവിക്കുയായിരുന്നു. ചികിത്സിച്ച ഡോക്ടർമാർ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അജ്മൽ ലിസി ആശുപത്രിയിൽ എത്തി ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവിലിൽ എന്നിവരെ കണ്ടത്.

ബുധനാഴ്ച രാത്രിയോടെയാണ് കെ–സോട്ടോയിൽ നിന്നും അവയവദാനത്തിന്റെ സന്ദേശം ലിസി ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ മന്ത്രി പി. രാജീവ് മുഖേന മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും വളരെ വേഗം തന്നെ ഹെലികോപ്റ്റർ സേവനം ലഭ്യമാവുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ ലിസി ആശുപത്രിയിൽ നിന്നും ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. അരുൺ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കിംസ് ആശുപത്രിയിലേക്ക് പുറപ്പെടുകയും അവിടെയെത്തി ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു.

ADVERTISEMENT

ഉച്ചയ്ക്ക് 1.30ന് ഹൃദയം വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റർ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടു. 2.10 ന് ഗ്രാൻഡ് ഹയാത്തിൽ എത്തി. പൊലീസിന്റെ സഹയത്തോടെ ഗ്രീൻ കോറിഡോർ സ്യഷ്ടിച്ച് കേവലം നാലു മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയിൽ എത്തിച്ചേരുകയും ഉടൻതന്നെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. അമൽ ബാബുവിൽ നിന്നും എടുത്ത ഹൃദയം മൂന്ന് മണിക്കൂറിനുള്ളിൽ അജ്മലിൽ സ്പന്ദിച്ചു തുടങ്ങി. തുടർന്ന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. 

അജ്മലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോ. ഭാസ്‌കർ രംഗനാഥൻ, ഡോ. പി. മുരുകൻ, ഡോ. ജോബ് വിൽസൺ, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോർജ്, ഡോ. ആയിഷ നാസർ, രാജി രമേഷ്, സൗമ്യ സുനീഷ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികൾ ആയിരുന്നു.

ADVERTISEMENT

ജീവനെടുത്ത് വാഹനാപകടം

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം മലയിൻകീഴ് തച്ചോട്ട് കാവ് സ്വദേശി അമൽ ബാബുവിന്റെ (25) ഹൃദയം ഉൾപ്പടെയുള്ള 4 അവയങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരൾ, രണ്ട് വൃക്കകൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെയും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെയും രോഗികൾക്കുമാണ് നൽകിയത്. 

ADVERTISEMENT

ഈഞ്ചക്കലിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അമൽ ഒക്ടോബർ 12ന് രാത്രി ഒൻപതിനാണ് അപകടത്തിൽപെട്ടത്. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ കുണ്ടമൺ കടവിന് സമീപം അമൽ സഞ്ചരിച്ച ബൈക്ക് എതിർവശത്ത് നിന്നു വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അമലിനെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഒക്ടോബർ 15ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. അച്ഛൻ എ.ബാബു (റിട്ട. എസ്ഐ), അമ്മ ഷിംല ബാബു, സഹോദരി ആര്യ എന്നിവരാണ് അമൽ ബാബുവിന്റെ കുടുംബാംഗങ്ങൾ.

തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാൻ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. അമൽ ബാബുവിന് ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. അവയവ വിന്യാസം വേഗത്തിലാക്കിയ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ–സോട്ടോ), പൊലീസ്, ജില്ലാ ഭരണകൂടങ്ങൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, ആംബുലൻസ് ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയ എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.

മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം അവയവങ്ങൾ എത്രയും പെട്ടെന്ന് അതാത് ആശുപത്രികളിൽ എത്തിക്കാൻ കെ-സോട്ടോ നടപടി സ്വീകരിച്ചു. എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റർ ആണ് ഉപയോഗിച്ചത്. റോഡ് മാർഗമുള്ള ഗതാഗതവും പൊലീസ് ക്രമീകരിച്ചിരുന്നു. കെ–സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.

Amal Babu's Heart Beats Again in Ajmal:

Heart transplant gives new life to Ajmal. The heart of Amal Babu, who was declared brain dead, was successfully transplanted to Ajmal at Lissy Hospital.

ADVERTISEMENT