അസ്മിനയുടെ ശരീരമാകെ കുപ്പി കൊണ്ട് കുത്തിയ പാടുകൾ; ഭാര്യയെന്ന് പരിചയപ്പെടുത്തി ജോബി, മുറിയില്‍ മറ്റൊരാള്‍! അരുംകൊല
Mail This Article
കോഴിക്കോട് വടകര മണ്ണൂർക്കര പാണ്ടികയിൽ അസ്മിനയെ (44) ആറ്റിങ്ങൽ മൂന്നുമുക്കിലെ ഗ്രീൻവില്ല ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇതേ ലോഡ്ജിലെ ജീവനക്കാരൻ, ഒപ്പം താമസിച്ചിരുന്ന കോട്ടയം പുതുപ്പള്ളി സൗത്ത് ജെബി കോട്ടേജിൽ ജോബി ജോർജ് (30) ഒളിവിലാണ്.
കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കയ്യിൽ മുറിവും തലയിലും ശരീരത്തിലും ക്ഷതവും ഉണ്ടെന്നു പൊലീസ് പറഞ്ഞു. ശരീരമാകെ കുപ്പിക്കൊണ്ട് കുത്തിയ പാടുകൾ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ മുറിക്കുള്ളിലുണ്ട്.
ജോബി 5 ദിവസം മുൻപാണ് ലോഡ്ജിൽ ജോലിക്കെത്തിയത്. അസ്മിനയെ ഭാര്യയെന്ന് പരിചയപ്പെടുത്തി ചൊവ്വാഴ്ച രാത്രി മുറിയെടുത്ത് താമസിപ്പിച്ചു. രാത്രി ഒന്നരയോടെ മുറിയിലേക്ക് പോയ ജോബിയെ രാവിലെ കാണാഞ്ഞതിനെത്തുടർന്ന് ജീവനക്കാർ അന്വേഷിച്ചെത്തിയെങ്കിലും മുറി തുറക്കാനായില്ല.
തുടർന്നാണ് പൊലീസെത്തി വാതിൽ തുറന്നത്. ബുധനാഴ്ച പുലർച്ചെ നാലരയോടെ ജോബി പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. അസ്മിനയും ജോബിയും മുൻപ് കായംകുളത്ത് ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഫൊറൻസിക്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി.
ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ചുലാൽ, പൊലീസ് ഇൻസ്പെക്ടർ അജയൻ എന്നിവർ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ജോബിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കൊലപാതകത്തിൽ ജോബിക്ക് പുറമേ ആരുടെയെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു കുട്ടികളുടെ അമ്മയാണ് അസ്മിന. അസ്മിനയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തും.
കൊല്ലപ്പെട്ട അസ്മിനയും പ്രതി ജോബിയും പരിചയപ്പെടുന്നത് കായംകുളത്തെ ഹോട്ടലില്‍ വച്ചാണെന്ന് പൊലീസ്. അവിടെ പാചകക്കാരിയായ അസ്മിനയും റിസപ്ഷനിസ്റ്റായ ജോബിയും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരാഴ്ച മുന്‍പാണ് ആറ്റിങ്ങലിലെ ലോഡ്ജില്‍ ജോബി ജോലിക്കു കയറിയത്. തിരിച്ചറിയൽ രേഖകൾ ഒന്നും നൽകാതെയാണ് ജോബി ഹോട്ടലിൽ ജോലിക്ക് പ്രവേശിച്ചത്. ഇതിനിടെയാണ് ഭാര്യയാണെന്ന് പറഞ്ഞ് അസ്മിനയെ ജോബി ലോഡ്ജിലേക്ക് കൊണ്ടുവന്നത്.
നാല്‍പ്പതുകാരിയായ വടകര സ്വദേശിനി അസ്മിനയ്ക്കായി ജോബി ഈ ലോഡ്ജില്‍ ഒരു മുറിയെടുത്തു. ജോബിക്കു പുറമേ മറ്റൊരാളും കൂടി ഈ മുറിയിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ രാവിലെ ഇരുവരേയും കാണാത്തതിനെത്തുടർന്ന് മുറി തുറന്നുനോക്കിയപ്പോഴാണ് കട്ടിലിൽ അസ്മിനയെ മരിച്ചനിലയിൽ കണ്ടെത്തിയത്.