‘ജോലി കിട്ടും, കുടുംബത്തെ നോക്കണം’, പിതാവ് മരിച്ച ദിവസം ആശ്വസിപ്പിക്കാൻ വന്നവരെല്ലാം പറഞ്ഞു; 7 വർഷമായി ഫയലിൽ കുടുങ്ങി ബിസ്മിയുടെ ജീവിതം!
Mail This Article
2018 ജൂൺ 18നു പിതാവ് മരിച്ച ദിവസം ആശ്വസിപ്പിക്കാൻ എത്തിയവരെല്ലാം ബിസ്മിയോടു പറഞ്ഞത് ‘ജോലി കിട്ടും, കുടുംബത്തെ നോക്കണം’ എന്നാണ്. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ജോലി ലഭിക്കുമെന്നും കുടുംബത്തെ നോക്കാമെന്നുമായിരുന്നു തൊടുപുഴ മുട്ടം തുമരശ്ശേരിയിൽ ടി.എം. ബിസ്മിയുടെ (27) പ്രതീക്ഷ. എന്നാൽ 7 വർഷം കഴിഞ്ഞിട്ടും സർക്കാർ ഫയലിൽ ഉറങ്ങുകയാണ് ബിസ്മിയുടെ ജീവിതം.
പൊതുമരാമത്ത് വകുപ്പിലെ ഇടുക്കി സ്പെഷൽ ബിൽഡിങ് സെക്‌ഷൻ നമ്പർ 1–ലെ പാർട്ട് ടൈം സ്വീപ്പറായിരുന്ന പിതാവ് ടി.പി.മീരാന് മകളെ എംബിഎ പഠിപ്പിച്ചു മികച്ചൊരു ജോലിയിലേക്ക് എത്തിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അത് സാധിക്കാതെ 54–ാം വയസ്സിലായിരുന്നു വൃക്കരോഗത്താൽ അപ്രതീക്ഷിത വിയോഗം.
തുടർന്ന് ഓഫിസുകൾ കയറിയിറങ്ങി 2 വർഷത്തെ ഫയൽ നീക്കത്തിനൊടുവിൽ 2020 ഫെബ്രുവരി 25നു ഇടുക്കി ജില്ലയിലെ ക്ലാർക്ക് തസ്തികയിൽ മീരാന്റെ ഇളയമകൾ ബിസ്മിക്ക് നിയമനം നൽകി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. എന്നാൽ ഓരോ ജില്ലയിൽ നിന്ന് അതത് വർഷം ഉണ്ടാകുന്ന ഒഴിവുകളുടെ 5 ശതമാനത്തിൽ ആശ്രിതനിയമനം നിജപ്പെടുത്തണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരാമർശം മൂലം നിയമനം നൽകാതിരിക്കുകയാണ് വകുപ്പ് ഇപ്പോൾ.
ഇടുക്കി ജില്ലയിലെ പൊതുമരാമത്ത് വകുപ്പിൽ ഒരു വർഷത്തിൽ 20 ഒഴിവുകൾ ഉണ്ടായാൽ മാത്രമേ ബിസ്മിക്ക് നിയമനം ലഭിക്കുകയുള്ളു എന്നാണ് അധികൃതർ പറയുന്നത്. ഇടുക്കിയിൽ ക്ലാർക്ക് തസ്തികയിൽ 20 ഒഴിവ് റിപ്പോർട്ട് ചെയ്യാൻ സാധ്യതയില്ലെന്നും അധികൃതർ പറയുന്നു.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 20 ഒഴിവുകൾ എന്നത് മാറ്റം വരുത്തി കഴിഞ്ഞ മാർച്ച് 29നു ഉത്തരവിറക്കിയിട്ടും അധികൃതർ ഫയൽ നീക്കിയിട്ടില്ല. നിയമനത്തിനായി ബിസ്മി മുട്ടാത്ത വാതിലുകളില്ല. കലക്ടർ മുതൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ വരെ പരാതി നൽകിയിട്ടും നടപടിയില്ല.
അടുത്തയിടെ നാട്ടുകാർ സഹായിച്ചു തൊടുപുഴ സ്വദേശി അസ്‌ലമുമായുള്ള ബിസ്മിയുടെ വിവാഹം നടത്തി. ഒരു കുഞ്ഞുമുണ്ട്. മൂത്ത സഹോദരി സുമിയുടെ വിവാഹം മീരാൻ തന്നെ നടത്തിയിരുന്നു. 4 സെന്റ് സ്ഥലവും ചെറിയൊരു വീടും മീരാന്റെ പെൻഷനായ 3500 രൂപയുമായാണ് ബിസ്മിയുടെ മാതാവ് മൈമൂൻ(62) മുന്നോട്ട് പോകുന്നത്.
സർക്കാർ ജീവനക്കാരുടെ മരണത്തെ തുടർന്ന് കുടുംബത്തിനുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടിന് അടിയന്തര സഹായം ലഭ്യമാക്കുകയെന്ന സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ ലക്ഷ്യം വാപ്പയുടെ കാര്യത്തിൽ നടപ്പിലായില്ലെന്ന് ബിസ്മി പറഞ്ഞു.