‘നിനക്കു ഓടണോ, അതോ ശസ്ത്രക്രിയ വേണോ?’; അപ്പൻഡിസൈറ്റിസിന്റെ കടുത്ത വേദന, പെയ്ൻകില്ലർ കഴിച്ച് ദേവനന്ദയുടെ സ്വര്ണനേട്ടം
Mail This Article
‘നിനക്ക് ഓടണോ, അതോ ശസ്ത്രക്രിയ ചെയ്യണോ?’ ഇന്നലെ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ മത്സരത്തിന്റെ ഹീറ്റ്സ് കഴിഞ്ഞു വേദന കടിച്ചമർത്തി മുന്നിലെത്തിയ ദേവനന്ദ. വി. ബൈജുവിനോട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ ചോദിച്ചു. ദേവനന്ദയുടെ ഉത്തരം ഉറച്ചതായിരുന്നു, ‘എനിക്കു ഫൈനലിൽ ഓടണം, മെഡൽ നേടണം...’ വേദനാസംഹാരി കഴിച്ച് വൈകിട്ട് 6ന് പരിശീലകൻ എം.എസ്. അനന്തുവിനൊപ്പം ദേവനന്ദ സ്റ്റേഡിയത്തിലെത്തി.
ഗാലറിയിൽ അമ്മ വിജിത കണ്ണടച്ചു പ്രാർഥിച്ചു നിൽക്കെ, വെള്ളിടി പോലെ ദേവനന്ദ ഫിനിഷ് ലൈൻ കടന്നു. 12.45 സെക്കൻഡ്. ജൂനിയർ വേഗതാരത്തിനുള്ള സ്വർണം സ്വന്തം. ആത്മാർപ്പണത്തിന്റെ ട്രാക്കിൽ അജയ്യയെന്നു പ്രഖ്യാപിച്ച ശേഷം ദേവനന്ദ മടങ്ങുന്നതു ശസ്ത്രക്രിയാ ടേബിളിലേക്കു തന്നെയാണ്.
കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ദേവനന്ദയുടെ ജീവിതത്തെ മാറ്റിമറിച്ച 20 ദിവസങ്ങളാണ് കഴിഞ്ഞുപോയത്. സംസ്ഥാന ജൂനിയർ മീറ്റിൽ രണ്ടു സ്വർണം നേടിയെങ്കിലും കടുത്ത വയറുവേദന വന്നതോടെ ഡോക്ടറെ കണ്ടു മരുന്നു കഴിച്ചു. പക്ഷേ, വേദന കുറഞ്ഞില്ല.
തുടർ പരിശോധനകൾക്കായി മുക്കത്തിനടുത്തെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചപ്പോഴാണ് ‘അപ്പൻഡിസൈറ്റിസ്’ ആണെന്നു മനസ്സിലായത്. അടിയന്തര ശസ്ത്രക്രിയ വേണമെന്നായിരുന്നു നിർദേശം. എന്നാൽ സംസ്ഥാന മേള കഴിഞ്ഞതിനുശേഷം ചെയ്യാമെന്നു തീരുമാനിച്ച് തിരുവനന്തപുരത്തേക്കു വണ്ടി കയറുകയായിരുന്നു. പേരാമ്പ്ര മമ്മാടക്കുളം കൊട്ടിലോട്ടുമ്മൽ ബൈജുവിന്റെയും വിജിതയുടെയും മകളാണ് ദേവനന്ദ.