‘രോഗങ്ങള്‍ തളര്‍ത്തി, വരുമാനം പൂർണമായും നിലച്ചു’; കുടുംബത്തിന്റെ ഇരുട്ടകറ്റാൻ ബൾബ് നിർമാണവുമായി എട്ടാം ക്ലാസുകാരൻ
Mail This Article
കുഞ്ഞുകൈകളിൽ തെളിയുന്ന എൽഇഡി ബൾബുകളുടെ പ്രകാശമാണ് എട്ടാം ക്ലാസുകാരൻ രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും വെളിച്ചം. പഠന സമയത്തിനു ശേഷമുള്ള രഞ്ജിത്തിന്റെ കഠിനാധ്വാനമാണ് അഞ്ചംഗ കുടുംബത്തിന്റെ പ്രതീക്ഷ. അസുഖബാധിതരായ മാതാപിതാക്കളെയും ഓട്ടിസം ബാധിച്ച ജ്യേഷ്ഠ സഹോദരനെയും ചേർത്തുപിടിക്കാനാണു ഒറ്റപ്പാലം വാണിയംകുളം കോതയൂർ ചോലയ്ക്കൽ രഞ്ജിത്തിന്റെ (13) രാപകൽ പോരാട്ടം.
വർഷങ്ങളായി ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്ന അച്ഛൻ രാമചന്ദ്രനു ജോലിക്കു പോകാനാകില്ല. ജ്യേഷ്ഠ സഹോദരൻ രോഹിത്ത് ഓട്ടിസം ബാധിതൻ. അമ്മ രാജേശ്വരി കണ്ടെത്തിയിരുന്ന തുച്ഛമായ വരുമാനമായിരുന്നു നേരത്തെ കുടുംബത്തിന്റെ ആശ്രയം. 8 മാസം മുൻപു നടന്നുപോകുന്നതിനിടെ തെന്നിവീണു രാജേശ്വരിയുടെ കാലിനു ഗുരുതര പരുക്കേറ്റതോടെ കുടുംബത്തിന്റെ താളംതെറ്റി. ഇപ്പോഴും ചികിത്സ തുടരുകയാണ്.
വരുമാനം പൂർണമായും നിലച്ചു. ഇതിനിടെയാണു കെ.പ്രേംകുമാർ എംഎൽഎ നടപ്പാക്കുന്ന ‘മാനത്തോളം’ പദ്ധതിയുടെ ഭാഗമായി രഞ്ജിത്ത് എൽഇഡി ബൾബ് നിർമാണം പഠിച്ചെടുത്തത്. പരിശീലനത്തിൽ രഞ്ജിത്തിന്റെ വൈദഗ്ധ്യവും താൽപര്യവും തിരിച്ചറിഞ്ഞതോടെ ബൾബുകൾ നിർമിക്കാനുള്ള യൂണിറ്റും പദ്ധതിയുടെ ഭാഗമായിത്തന്നെ അനുവദിച്ചു നൽകി. ഇപ്പോൾ ഒഴിവുസമയങ്ങളിലെല്ലാം രഞ്ജിത്ത് വീട്ടിൽ ബൾബുകൾ നിർമിക്കും. വീട്ടിലിരുന്നുള്ള ജോലിയാണെന്നിരിക്കെ, മകനു താങ്ങായി അമ്മയും ചേർന്നു.
സ്കൂൾ വിട്ടു വീട്ടിലെത്തിയാൽ രഞ്ജിത്ത് ബൾബുകളുമായി സൈക്കിളിൽ വാണിയംകുളത്തേക്കു പുറപ്പെടും. ഇവിടെ കടകൾക്കു മുന്നിലും മറ്റുമായി കാത്തുനിന്നു നേരിട്ടാണു വിൽപന. പിന്നെ പരിചയക്കാർക്കും സ്കൂളിലെ ആവശ്യക്കാർക്കുമെല്ലാം ബൾബുകൾ വിൽക്കും. ഇതിൽ നിന്നു കിട്ടുന്ന പ്രതിഫലമാണു കുടുംബാംഗങ്ങളുടെ ചികിത്സാ ചെലവിനും കുടുംബത്തിന്റെ ഉപജീവനത്തിനും ആശ്രയം.
ഒരു ബൾബ് വിറ്റാൽ 30 രൂപയ്ക്കു മുകളിലാണു ലാഭം. ബൾബുകൾ തീരുന്ന മുറയ്ക്കു രാത്രി ഉറക്കം ഒഴിച്ചിരുന്നു പുതിയവ നിർമിക്കും. പ്രതിസന്ധികളോട് ഒറ്റയ്ക്ക് പൊരുതുന്ന രഞ്ജിത്തിന്റെ ചങ്കുറപ്പിന് നാടിന്റെയും പിന്തുണയുണ്ട്.