ADVERTISEMENT

കുമ്പള അനന്തപുരം വ്യവസായ കേന്ദ്രത്തിലെ ഡെക്കർ പാനൽ ഇൻഡസ്ട്രീസ് പ്ലൈവുഡ് ഫാക്ടറിയിലെ ബോയ്‌ലർ പൊട്ടിത്തെറിച്ചുള്ള അപകടം നാടിനെ നടുക്കി. ഉഗ്രശബ്ദത്തോടെയാണു പൊട്ടിത്തെറിച്ചത്. കുമ്പള, ബദിയടുക്ക പ‍ഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ പൊട്ടിത്തെറിയുടെ ആഘാതം ഉണ്ടായി. മാന്യ, നീർച്ചാൽ, സൂറംബയൽ, സീതാംഗോളി, നായ്ക്കാപ്പ്, പേരോൽ കണ്ണൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പ്രകമ്പനമുണ്ടായത്. പല വീടുകളുടെയും കെട്ടിടങ്ങളുടെയും ജനൽച്ചില്ലുകളും വാതിലുകളും വിറകൊണ്ടു. നടന്നുപോയവർക്കും ഇതിന്റെ ആഘാതമുണ്ടായി. പലരും ഭൂചലനമാണെന്നു കരുതി വീടുകളിൽനിന്നു പുറത്തിറങ്ങി. സമീപ പ്രദേശങ്ങളിലെ കുട്ടികൾ ഉഗ്രശബ്ദം കേട്ട്  നിലവിളിച്ചു. ഭീതിയോടെ ഫോൺവിളികൾ പാഞ്ഞു. പിന്നീടാണ് സംഭവം എന്താണെന്ന കാര്യത്തിൽ വ്യക്തത വന്നത്.

കുമ്പള∙ അനന്തപുരം വ്യവസായകേന്ദ്രത്തിലെ ഡെക്കർ പാനൽ ഇൻഡസ്ട്രീസ് പ്ലൈവുഡ് ഫാക്ടറിയിലെ ബോയ്‌ലർ പൊട്ടിത്തെറിച്ച് ഒരു മരണം. 8 പേർക്കു പരുക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവഗുരുതരമാണ്. അസം സ്വദേശി നജീറുൽ അലിയാണ് (20) മരിച്ചത്. പരുക്കേറ്റ ഇതരസംസ്ഥാനക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികളെ കുമ്പള, മംഗളൂരു എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടം. ഈ സമയം, 15 തൊഴിലാളികൾ ഫാക്ടറിയിലുണ്ടായിരുന്നു. ഫാക്ടറിയിലെ 2 ബോയ്‌ലറുകളിലൊന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീപടർന്ന് മേൽക്കൂര തകരുകയുമായിരുന്നു.

ADVERTISEMENT

സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ചില വീടുകളുടെയും മറ്റു ഫാക്ടറികളുടെയും ജനൽച്ചില്ലുകൾ ഉൾപ്പെടെ തകർന്നതായി നാട്ടുകാർ പറഞ്ഞു. ഫാക്ടറിയിൽനിന്നുള്ള ഇരുമ്പുകഷണങ്ങൾ അരക്കിലോമീറ്റർ അകലേക്കുവരെ തെറിച്ചെത്തി. ബോയ്‌ലർ അമിതമായി ചൂടായതാണ് പൊട്ടിത്തെറിക്കു കാരണമെന്നാണു പ്രാഥമിക നിഗമനം. ബോയ്‌ലർ മുറിയിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്കാണു പൊള്ളലേറ്റത്. എറണാകുളം സ്വദേശിയുടേതാണ് ഫാക്ടറി.കാസർകോട്, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉപ്പള എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനാ യൂണിറ്റുകളെത്തിയാണു തീയണച്ചത്.  സംഭവമറിഞ്ഞ് കാസർകോട് എഎസ്പി ഡോ.എം.നന്ദഗോപന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. മരിച്ച നജീറുൽ അലിയുടെ മൃതദേഹം കുമ്പള സഹകരണ ആശുപത്രിയിൽ മോർച്ചറിയിൽ.

kumbala-2
കുമ്പള അനന്തപുരം വ്യവസായ കേന്ദ്രത്തിലെ ഡെക്കർ പാനൽ ഇൻഡസ്ട്രീസ് പ്ലൈവുഡ് ഫാക്ടറിയിലെ ബോയ്‌ലർ പൊട്ടിത്തെറിച്ച് ഒരു കിലോമീറ്ററകലെയുള്ള വീട്ടുമുറ്റത്തു പതിച്ച യന്ത്രഭാഗങ്ങൾ

കൈകോർത്ത് രക്ഷാപ്രവർത്തനം
കുമ്പള ∙ വ്യവസായ കേന്ദ്രത്തിലെ ഫാക്ടറികളിൽ ചിലതിൽ തൊഴിലാളികൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയും ജോലി ചെയ്യുന്നുണ്ട്.   ചെറുതും വലുതുമായ ഒട്ടേറെ ഫാക്ടറികളാണു കഴിഞ്ഞ 2 വർഷത്തിനുള്ളിൽ ഇവിടെയുണ്ടായത്. വൈകിട്ട് ആറരയോടെയാണു പൊട്ടിത്തെറിയുണ്ടായത്. വ്യവസായ കേന്ദ്രത്തിലെ കൊട്ടാരത്തിനടുത്താണ് അപകടം നടന്ന ഫാക്ടറിയുള്ളത്. സ്ഫോടനശബ്ദം കേട്ടതോടെ നൂറുകണക്കിനാളുകൾ സംഭവസ്ഥലത്തേക്കെത്തി. ഫാക്ടറിയുടെ സമീപത്തേക്ക് പൊലീസ് ആരെയും കടത്തിവിട്ടില്ല.

ADVERTISEMENT

ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി എത്തിയ അഗ്നിരക്ഷാസേനാ യൂണിറ്റുകൾ വെള്ളം ഒഴിച്ച്  അണച്ചതോടെ തീ നിയന്ത്രണവിധേയമായി. ഇതോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഫാക്ടറിക്കുള്ളിലെ മരങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നീക്കി ആരും അകത്തില്ലെന്ന് ഉറപ്പാക്കി. പരുക്കേറ്റവരെ നാട്ടുകാരും സമീപത്തെ ഫാക്ടറികളിൽ ജോലി ചെയ്യുന്നവരും ചേർന്ന് കുമ്പള, കാസർകോട് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് ആദ്യമെത്തിച്ചു.

പ്രാഥമിക ചികിത്സ നൽകിയശേഷം പിന്നീട് മംഗളൂരുവിലേക്കു മാറ്റി.   രക്ഷാപ്രവർത്തനത്തിനും പരുക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാനുമായി കുമ്പള, ബദിയടുക്ക എന്നിവിടങ്ങളിൽനിന്നു പൊലീസും വിവിധയിടങ്ങളിൽനിന്ന് ആംബുലൻസുകളുമെത്തി. കാസർകോട് എഎസ്പി ഡോ.എം.നന്ദഗോപാൻ ഉൾപ്പെടെയുള്ളവർ എത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. ബോയ്‌ലർ മുറിയിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളിയാണു പൊള്ളലേറ്റ് മരിച്ചതെന്ന് അധികൃതർ പറഞ്ഞു.   എത്രപേർ ഫാക്ടറിക്കുള്ളിൽ ഉണ്ടായിരുന്നെന്നുപോലും ആദ്യം ആർക്കും അറിയില്ലായിരുന്നു. പിന്നീട് ഫാക്ടറി അധികൃതരിൽനിന്നാണു വിവരം ശേഖരിച്ചത്.

ADVERTISEMENT

അന്വേഷിച്ച് നടപടി: കലക്ടർ

കാസർകോട് ∙ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള ചുമതല എറണാകുളത്തെ ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വകുപ്പിന്റെ കെമ്രെക് വിഭാഗത്തിനാണെന്ന് കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. വിശദ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.

English Summary:

Boiler explosion at a plywood factory in Kumbala, Kasaragod has resulted in one death and several injuries. The incident occurred at Decker Panel Industries in Ananthapuram industrial area, prompting a rescue operation by fire and rescue services. The incident caused panic among local residents, who assisted in rescue efforts. The explosion, which occurred shortly after a shift change, is under investigation, with preliminary reports suggesting that overheating or pressure build-up might be the cause. The factory primarily employs migrant workers.

ADVERTISEMENT