ഏഴു മാസം ഗര്‍ഭിണി, 145 കിലോ ഉയര്‍ത്തി മെഡല്‍ നേടി സോണിക; കാണികളുടെ ഹൃദയം കീഴക്കി വനിതാ കോൺസ്റ്റബിൾ
Mail This Article
ആന്ധ്രാപ്രദേശിൽ നടന്ന ഓൾ ഇന്ത്യ പൊലീസ് വെയ്റ്റ്‌ലിഫ്റ്റിങ് മത്സരത്തില്‍ കാണികളുടെ ഹൃദയം കീഴക്കി വനിതാ കോൺസ്റ്റബിൾ സോണിക യാദവ്. ഏഴു മാസം ഗര്‍ഭാവസ്ഥയിലാണ് സോണിക യാദവ് 145 കിലോ ഉയര്‍ത്തി വെങ്കല മെഡല്‍ നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കഴിഞ്ഞ മെയ് മാസത്തിലാണ് ഗര്‍ഭിണിയാണെന്ന കാര്യം സോണിക അറിയുന്നത്. ഇതോടെ പരിശീലനം നിര്‍ത്തുമെന്ന് പലരും കരുതി. എന്നാല്‍ മത്സരിക്കാന്‍ തന്നെയായിരുന്നു സോണികയുടെ തീരുമാനം. ആ നിശ്വയദാര്‍ഢ്യത്തിന് മുന്നില്‍ ശരീരവും വഴങ്ങി. ഡോക്ടറുടെ ഉപദേശം കൂടി സ്വീകരിച്ച് ഭാരോദ്വഹനം തുടര്‍ന്നു.
ചാമ്പ്യൻഷിപ്പിലെത്തിയ സോണികയുടെ നിറവയര്‍ ആദ്യം ആരും കണ്ടിരുന്നില്ല. അയഞ്ഞ വസ്ത്രങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥ ധരിച്ചത്. ബെഞ്ച് പ്രസ്സിനുശേഷം ഭർത്താവ് അവരെ സഹായിക്കാൻ വന്നപ്പോഴും, ആരും അസാധാരണമായി ഒന്നും കണ്ടില്ല. എന്നാല്‍ അവസാന ഡെഡ്‌ലിഫ്റ്റിലാണ് സോണിക ഗര്‍ഭിണിയാണെന്ന് മറ്റുള്ളവര്‍ കണ്ടത്.
വെയ്റ്റ് ലിഫ്റ്റിന് ശേഷം മറ്റാര്‍ക്കും ലഭിക്കാത്ത കരഘോഷമാണ് സോണികക്ക് ലഭിച്ചത്. വിവിധ പോലീസ് യൂണിറ്റുകളിൽ നിന്നുള്ള വനിതാ ഉദ്യോഗസ്ഥർ അവരുടെ ചുറ്റും കൂടി അഭിനന്ദിച്ചു. 2014 ബാച്ച് ഓഫീസറായ സോണിക നിലവിൽ കമ്മ്യൂണിറ്റി പൊലീസിങ് സെല്ലിലാണ് സേവനമനുഷ്ഠിക്കുന്നത്.