മകനെ കാണാന്‍ യുകെയില്‍ നിന്നു ഓടിയെത്തി, അലമുറയിട്ട് കരഞ്ഞ് മാതാപിതാക്കള്‍; അറ്റ്ലാന്റെ വേർപാടിൽ നെഞ്ചു തകർന്ന് കുടുംബം
Mail This Article
കൊല്ലം ചവറയിൽ വീടിന് സമീപത്തുള്ള കൈത്തോട്ടിൽ വീണു മരിച്ച നാലര വയസ്സുകാരൻ അറ്റ്ലാൻ അനീഷിന്റെ സംസ്കാരം ഇന്ന് (വ്യാഴം) വൈകിട്ട് 3ന് നടക്കും. അറ്റ്ലാന്റെ പിതാവിന്റെ കുടുംബ വീടായ ഓച്ചിറ പ്രയാർ പുലരി ചന്തപുന്നക്കാട്ട് ഹൗസിൽ വച്ചാണ് സംസ്കാരം നടക്കുക. യുകെ വെസ്റ്റ് യോർക്‌ഷറിലെ വേക്ക്ഫീൽഡിൽ കുടുംബമായി താമസിച്ചു വരുന്ന അനീഷ് ബ്രഹ്മവാലി- ഫിൻല ദിലീപ് ദമ്പതികളുടെ ഏക മകനാണ് അറ്റ്‌ലാൻ.
മകന്റെ മരണത്തെ തുടർന്ന് ഇന്നലെ സന്ധ്യയ്ക്ക് 7.30 ഓടെ മാതാപിതാക്കൾ നാട്ടിൽ എത്തിയിരുന്നു. മകന്റെ വിയോഗം സഹിക്കാനാവാതെ അലമുറയിടുകയായിരുന്ന മാതാപിതാക്കളെ അശ്വസിപ്പിക്കുവാൻ വീട്ടുകാരും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടു. അറ്റ്ലാൻ അമ്മ ഫിൻലയുടെ കുടുംബ വീടായ നീണ്ടകര താഴത്തുരുത്തിൽ ആയിരുന്നു താമസം. ഇവിടെ നിന്നും നീണ്ടകര പരിമണത്തെ പ്ലേ സ്കൂളിൽ പഠിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് 3.30 ന് അറ്റ്‌ലാൻ സ്കൂൾ വാഹനത്തിൽ വന്നിറങ്ങി അപ്പൂപ്പൻ ദിലീപിനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് തോട്ടിൽ വീണത്. വീടിന്റെ ഗെയ്റ്റ് തുറന്ന് അകത്തു കയറിയപ്പോൾ അപ്പൂപ്പന്റെ കൈ തട്ടി അറ്റ്ലാൻ വെളിയിലേക്ക് ഓടിപ്പോവുക ആയിരുന്നു. ഉടൻ തന്നെ അറ്റ്ലാനെ അന്വേഷിച്ച് ഇറങ്ങിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ തോട്ടിലെ വെള്ളക്കെട്ടിൽ വീണ നിലയിൽ കണ്ടെത്തി.
ഉടൻ തന്നെ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രൈറ്റണിൽ ഫാർമസി പഠനത്തിനായി എത്തിയ അനീഷ് പഠനം പൂർത്തിയാക്കി ജോലി സംബന്ധമായി ഭാര്യയോടൊപ്പം യുകെയിൽ താമസിക്കുകയാണ്. നാട്ടിലും യുകെയിലും അടുത്തറിഞ്ഞിരുന്നവർ അറ്റ്ലാന്റെ അപ്രതീക്ഷിത വേർപാടിൽ വിതുമ്പുകയാണ്.