‘ഈ കുരങ്ങച്ചിയെ പോലെയുള്ളതിനേ കെട്ടാന്‍ കിട്ടിയുള്ളോ?’; ഭർതൃവീട്ടില്‍ നിരന്തരം അപമാനം, മാറി താമസിച്ചിട്ടും അസഭ്യവും തെറിയും...
Mail This Article
കണ്ണൂർ പെരുമ്പട്ടയിൽ സൗന്ദര്യവും സ്വർണ്ണവും കുറഞ്ഞെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരപീഡനം. ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ് എടുത്തു. ആഹാരവും മരുന്നും നിഷേധിച്ചതായും എഫ്ഐആറിൽ പറയുന്നു. മാറി താമസിച്ചിട്ടും ഭർത്താവ് ഉപദ്രവം തുടർന്നതായി യുവതി ദുരനുഭവം സഹോദരനോട് വിവരിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ഭര്‍ത്താവ് ലിന്റ, മാതാപിതാക്കളായ ടോമി, ലില്ലി എന്നിവര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
"ജോലി ചെയ്യുന്ന ഫാര്‍മസിയില്‍ വന്ന് ബഹളമുണ്ടാക്കും. എനിക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നു. അസഭ്യവും തെറിയുമാണ്. കുഞ്ഞിനെ വേണ്ടെന്ന് ലിന്റ് പറഞ്ഞു. കുഞ്ഞിനു അച്ഛനെ കാണുന്നത് തന്നെ പേടിയാണ്. കല്യാണം കഴിഞ്ഞപ്പോൾ മുതൽ ഭര്‍തൃവീട്ടില്‍ പ്രശ്നങ്ങളായിരുന്നു.
അമ്മായിയപ്പനും അമ്മായിയമ്മയും നിരന്തരം അപമാനിക്കുന്നു. ഈ കുരങ്ങച്ചിയെ പോലെ ഇരിക്കുന്ന സാധനത്തെയോ കെട്ടാന്‍ കിട്ടിയുള്ളോ എന്ന് കല്യാണത്തിന് വന്നവര്‍ ചോദിച്ചുവെന്ന് പറയും. ജീവിതത്തില്‍ ഇതുപോലെ തെറി കേട്ടിട്ടില്ല. പല ദിവസങ്ങളിലും ആഹാരം പോലും കിട്ടാറില്ല. കഴിക്കുമ്പോള്‍ തന്നെ അമ്മായിയമ്മ കണക്ക് പറയും."- യുവതി ശബ്ദസന്ദേശത്തില്‍ പറയുന്നു.
ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കണ്ണൂർ കരിക്കോട്ടകരി പൊലീസ് കേസ് എടുത്തു. മുൻപും ഒരു തവണ പരാതി കൊടുക്കുകയും പൊലീസ് സ്റ്റേഷനിൽ വച്ച് ഒത്തുതീർപ്പ് ആവുകയും ചെയ്തതാണ് എന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്.
സൗന്ദര്യവും സ്വർണ്ണവും കുറഞ്ഞുപോയി എന്നതിന്റെ പേരിലാണ് ഭർതൃ വീട്ടിൽ വച്ച് യുവതിക്ക് ക്രൂര പീഡനം ഏല്‍ക്കേണ്ടിവന്നത്. യുവതിക്ക് ജാതി അധിക്ഷേപവും വംശീയ അധിക്ഷേപവും നേരിടേണ്ടി വന്നു. ശാരീരിക പീഡനത്തിനും ഇരയായി എന്നും യുവതി പറയുന്നുണ്ട്. ഇരുവര്‍ക്കും രണ്ടു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞുണ്ട്.