ഓണം ആഘോഷമാക്കാൻ മൂന്നുതരം പായസം
പൈനാപ്പിൾ പായസം

1. തേങ്ങ ചുരണ്ടിയത് – അഞ്ചു കപ്പ്
2. ശർക്കര – അരക്കിലോ
വെള്ളം – ഒന്നരക്കപ്പ്
3. പച്ചരി – ഒരു കപ്പ്
കടലപ്പരിപ്പ് – കാൽ കപ്പ്
4. നന്നായി പഴുത്ത പൈനാപ്പിൾ പൊടിയായി അരിഞ്ഞത് – അരക്കപ്പ്
5. ചുക്കുപൊടി, ജീരകംപൊടി – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ തേങ്ങ ചുരണ്ടിയതു പിഴിഞ്ഞ് ഒരു കപ്പ് ഒന്നാംപാലും നാലു കപ്പ് രണ്ടാംപാലും എട്ടു കപ്പ് മൂന്നാംപാലും എടുത്തു വയ്ക്കുക.
∙ ശർക്കര വെള്ളം ചേർത്തുരുക്കി അരിച്ചു രണ്ടരക്കപ്പ് ശർക്കരപ്പാനി തയാറാക്കി വയ്ക്കുക.
∙ മൂന്നാംപാലിൽ അരിയും കടലപ്പരിപ്പും കഴുകി ഊറ്റിയതു ചേർത്തു നന്നായി വേവിക്കുക. അരി വെന്ത ശേ ഷം പൈനാപ്പിള്‍ ചേർത്തിളക്കി വേവിക്കുക.
∙ എല്ലാ ചേരുവകളും നന്നായി വെന്തു കുറുകി വരുമ്പോൾ ശർക്കരപ്പാനി ചേർത്തിളക്കുക.
∙ ഇതു നന്നായി കുറുകുമ്പോൾ രണ്ടാംപാൽ ചേർത്തിളക്കുക.
∙ വീണ്ടും ഇളക്കി പാകത്തിനു കുറുകുമ്പോൾ ചുക്കും ജീരകവും കലക്കി വച്ചിരിക്കുന്ന ഒന്നാംപാല്‍ ചേർത്തിളക്കി തിളയ്ക്കുന്നതിനു മുൻപു വാങ്ങുക.
∙ പൈനാപ്പിളിനു പകരം പൂവൻപഴവും അരിക്കു പകരം നുറുക്കു ഗോതമ്പും ഉപയോഗിക്കാം.
കരിക്ക് പായസം

1. നെയ്യ്/വെണ്ണ – ഒരു ചെറിയ സ്പൂൺ
2. ഉണക്കമുന്തിരി – ഒരു വലിയ സ്പൂൺ
3. കശുവണ്ടിപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ
4. കരിക്ക് പൊടിയായി അരിഞ്ഞത് – 100 ഗ്രാം
5. പാൽ – രണ്ടു കപ്പ്
കൂവപ്പൊടി – ഒരു വലിയ സ്പൂൺ നിറയെ
പഞ്ചസാര – മൂന്ന്–നാലു വലിയ സ്പൂൺ
6. ഏലയ്ക്ക പൊടിച്ചത് – അര ചെറിയ സ്പൂൺ
കുങ്കുമപ്പൂവ് – ഒരു നുള്ള്
പാകം െചയ്യുന്ന വിധം
∙ പാനിൽ നെയ്യ് ചൂടാക്കി ഉണക്കമുന്തിരി ചേർത്തിളക്കി വീർത്തു വരുമ്പോള്‍ കശുവണ്ടിപ്പരിപ്പും കരിക്കും ചേർത്തിളക്കി നന്നായി വഴറ്റണം.
∙ തീ കുറച്ചു വച്ച ശേഷം കൂവപ്പൊടിയും പഞ്ചസാരയും കലക്കി വച്ച പാൽ ചേർത്തിളക്കി ചെറുതീയിൽ വച്ചു തിളപ്പിക്കണം.
∙ കുറുകി വരുമ്പോൾ ഏലയ്ക്കയും കുങ്കുമപ്പൂവും ചേർത്തിളക്കി വാങ്ങാം.
റവ പായസം

1. ഗോതമ്പു റവ – ഒരു കപ്പ്
2. പാൽ – രണ്ടു കപ്പ്
വെള്ളം – രണ്ടു കപ്പ്
3. കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ
പാൽ – നാലു കപ്പ്
വെള്ളം – ഒരു കപ്പ്
പഞ്ചസാര – എട്ടു വലിയ സ്പൂൺ
ഏലയ്ക്ക ചതച്ചു പൊടിച്ചത് – അര–ചെറിയ സ്പൂൺ
കുങ്കുമപ്പൂവ് – ഒരു നുള്ള്
4. റോസ് വാട്ടര്‍ – രണ്ടു തുള്ളി
ഉപ്പ് – ഒരു നുള്ള്
5. ബദാം/കശുവണ്ടിപ്പരിപ്പ് വറുത്തത് – അലങ്കരിക്കാൻ
പാകം െചയ്യുന്ന വിധം
∙ ഗോതമ്പു റവ കഴുകി വാരി വയ്ക്കണം.
∙ ഗോതമ്പു റവയില്‍ പാലും വെള്ളവും ചേർത്തു തിളപ്പിക്കുക. കട്ടകെട്ടാതെ ഇടയ്ക്കിടെ ഇളക്കണം.
∙ റവ നന്നായി വെന്ത ശേഷം മാറ്റിവയ്ക്കുക.
∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു പാനിലാക്കി അടുപ്പത്തു വയ്ക്കുക. തിളച്ചു വരുമ്പോൾ വേവിച്ചു വച്ച ഗോതമ്പു റവയും ചേർത്തു കട്ടകെട്ടാതെ തുടരെയിളക്കണം. നന്നായി ചൂടാകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി റോസ് വാട്ടറും ഉപ്പും ചേർത്തിളക്കുക.
∙ വിളമ്പാനുള്ള പാത്രങ്ങളിലാക്കി മുകളിൽ ബദാം വറുത്തതോ കശുവണ്ടിപ്പരിപ്പു വറുത്തതോ വിതറാം.
ഫോട്ടോ : സരുണ്‍ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: വിഷ്ണു എ. സി., സിഡിപി, ക്രൗണ്‍ പ്ലാസ, കൊച്ചി.