കേരളത്തിന്റെ സ്വന്തം സദ്യയ്ക്ക് ലോകം മുഴുവൻ പ്രശസ്തി നൽകിയ പഴയിടം മോഹനൻ നമ്പൂതിരി കോട്ടയം കുറിച്ചിത്താനം സ്വദേശിയാണ്. യുവജനോത്സവവേദികളും വിവാഹങ്ങളും തുടങ്ങി പഴയിടത്തിന്റെ കൈപ്പുണ്യം അറിയാതെ പോയ ചടങ്ങുകൾ കുറവാണെന്നു തന്നെ പറയാം. പായസങ്ങളിൽ കേമനായ ചെറുപരിപ്പു പായസമാണ് പഴയിടം മോഹനൻ നമ്പൂതിരി പങ്കുവയ്ക്കുന്നത്.
ചെറുപരിപ്പു പായസം
1. തേങ്ങ – മൂന്ന്
2. നെയ്യ് – 100 മില്ലി
3. ചെറുപയര്‍പരിപ്പ് – 300 ഗ്രാം
4. ശർക്കര – 600 ഗ്രാം, ഉരുക്കി അരിച്ചത്
5. ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ
6. കശുവണ്ടിപ്പരിപ്പ് – അരക്കപ്പ്
തേങ്ങാക്കൊത്ത് – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒരു കപ്പ് ഒന്നാംപാലും ഒരു ലീറ്റർ രണ്ടാംപാലും എടുക്കുക.
∙ ചുവടുകട്ടിയുള്ള ഉരുളിയിൽ 25 മില്ലി നെയ്യ് ചൂടാക്കി ചെറുപയർപരിപ്പു ചുവക്കുന്നതു വരെ വറുത്തുമാറ്റുക.
∙ ഇതു കഴുകി പാകത്തിനു വെള്ളം ചേർത്തു കുക്കറിലാക്കി വേവിക്കണം.
∙ വെന്ത ചെറുപയര്‍പരിപ്പ് ചുവടുകട്ടിയുള്ള ഉരുളിയിലേക്കു മാറ്റി ചെറുതീയിൽ നന്നായി വഴറ്റുക. പരിപ്പ് ഉടഞ്ഞു വരുമ്പോള്‍ ശർക്കര ചേർത്തിളക്കുക.
∙ കുറുകുമ്പോൾ 25 മില്ലി നെയ്യ് ചേര്‍ത്തിളക്കണം.
∙ ജീരകംപൊടിയും ഏലയ്ക്കാപ്പൊടിയും രണ്ടാംപാലിൽ ക ലക്കിയതു ചേർത്തു തിളപ്പിക്കുക. കുറുകുമ്പോൾ വാങ്ങി ഒന്നാംപാൽ ചേർക്കണം.
∙ ബാക്കി നെയ്യിൽ കശുവണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും വ റുത്തു പായസത്തില്‍ ചേര്‍ത്തിളക്കുക.
∙ ഈ പായസം രണ്ടു ലീറ്റർ ഉണ്ടാകും.