എറണാകുളം വിനായക കേറ്ററേഴ്സ് എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് പാലടപ്രഥമന്റെ രുചിയാണ്. അച്ഛൻ അനന്തരാമൻ സ്വാമിയുടെ അതേ കൈപ്പുണ്യത്തിൽ മകൻ മഹാദേവന്‍ അയ്യരും രുചി വിളമ്പുന്നു.
പാലട പ്രഥമന്‍
1. ഉണക്കലരി – 300 ഗ്രാം
2. പഞ്ചസാര – 50 ഗ്രാം
വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂണ്‍
3. പാല്‍ – നാലു ലീറ്റര്‍
4. പഞ്ചസാര – 800 ഗ്രാം
പാകം ചെയ്യുന്ന വിധം
∙ ഉണക്കലരി കഴുകിയൂറ്റി പൊടിക്കുകയോ അരയ്ക്കുകയോ ചെയ്യാം.
∙ ഇതില്‍ പഞ്ചസാരയും വെളിച്ചെണ്ണയും ചേര്‍ത്തു ദോശമാവിനെക്കാള്‍ അയവില്‍, ഇലയില്‍ ഒഴിച്ചു പരത്താന്‍ പാകത്തിനു കലക്കുക.
∙ വാഴയില കീറി അഞ്ച് ഇലക്കഷണങ്ങള്‍ നാരു കളഞ്ഞെടുത്ത് അടയ്ക്കുള്ള മാവു കൈ കൊണ്ടു നിരത്തി അമര്‍ത്തി തെറുത്തെടുക്കുക.
∙ ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് തെറുത്ത ഇലകള്‍ അതിലിടുക.
∙ അട നന്നായി വേവിച്ച ശേഷം വാങ്ങി വെള്ളം ഊറ്റിക്കളഞ്ഞു ചൂടാറാന്‍ വയ്ക്കുക.
∙ പിന്നീട് ഇലയില്‍ നിന്നടര്‍ത്തിയെടുത്തു ചെറിയ കഷണങ്ങളാക്കി വയ്ക്കണം.
∙ പാല്‍ ഉരുളിയില്‍ വച്ചു തിളയ്ക്കുമ്പോള്‍ പഞ്ചസാര ചേര്‍ത്തു തിളപ്പിച്ചു വറ്റിക്കുക. നന്നായി വറ്റുമ്പോള്‍ അട ചേര്‍ത്തിളക്കണം.
∙ നന്നായി തിളച്ചു വറ്റി പാലും അടയുമായി യോജിച്ചു വിളമ്പാനുള്ള പാകത്തിനാകുമ്പോള്‍ അടുപ്പില്‍ നിന്നു വാങ്ങാം.