പത്തനംതിട്ട ജില്ലയിലെ ആദ്യ കേറ്ററിങ്ങുകളില്‍ ഒന്നാണ് ഓമല്ലൂരിലുള്ള അനില്‍ ബ്രദേഴ്സ് കേറ്ററിങ്. ഇതിന്റെ ഉടമ പി. ജി. അനില്‍കുമാര്‍ പാരമ്പര്യമായി പാചകരംഗത്തേക്ക് എത്തിയ ആളാണ്. ഇലയിൽ അണിഞ്ഞുണ്ടാക്കിയ അട കൊണ്ടുള്ള പാരമ്പര്യ രീതിയിലുള്ള പാലടയും ഇടിച്ചുകൂട്ടി തയാറാക്കുന്ന കൂട്ടുകറിയുമെല്ലാം അനിൽകുമാറിന്റെ സ്പെഷലുകളാണ്. പുതുതലമുറ സ്പെഷലായ കൈതച്ചക്ക (പൈനാപ്പിള്‍) പ്രഥമനാണ് അനിൽകുമാർ വനിതയ്ക്കായി ഒരുക്കുന്നത്.
കൈതച്ചക്ക പ്രഥമൻ
1. കൈതച്ചക്ക(പൈനാപ്പിള്‍) – അരക്കിലോ
2. തേങ്ങ – അരക്കിലോ
3. ശർക്കര – അരക്കിലോ
4. നെയ്യ് – 50 ഗ്രാം
5. ചുക്കുപൊടി – 10 ഗ്രാം
ജീരകംപൊടി – 10 ഗ്രാം
ഏലയ്ക്കാപ്പൊടി – അഞ്ചു ഗ്രാം
6. നെയ്യ് – 50 ഗ്രാം
7. ഉണക്കമുന്തിരി – 25 ഗ്രാം
കശുവണ്ടിപ്പരിപ്പ് – 25 ഗ്രാം
പാകം ചെയ്യുന്ന വിധം
∙ കൈതച്ചക്ക തൊലിയും കൂഞ്ഞിലും കളഞ്ഞു പൊടിയായി അരിഞ്ഞ ശേഷം മിക്സിയിയിൽ അടിച്ചു വയ്ക്കണം.
∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാൽ എ ടുത്തു വയ്ക്കണം.
∙ ഉരുളിയിൽ ശർക്കര ഉരുക്കി അരിച്ചത് ഒഴിച്ചിളക്കി പാനിയാകുമ്പോള്‍ പൈനാപ്പിൾ ചേർത്തിളക്കണം. ഇതിലേക്കു നെയ്യ് ചേർത്തു നന്നായി വഴറ്റുക.
∙ ഇതിലേക്കു മൂന്നാംപാൽ ഒഴിച്ചിളക്കി തിളച്ച ശേഷം രണ്ടാം പാൽ ഒഴിച്ചു തിളപ്പിക്കണം.
∙ ഇതു തിളച്ചു കുറുകി വരുമ്പോ ൾ അടുപ്പിൽ നിന്നു വാങ്ങുക.
∙ ഒന്നാംപാലിൽ അഞ്ചാമത്തെ ചേരുവ ചേർത്തിളക്കിയ ശേ ഷം ആ പാൽ വാങ്ങി വച്ച പായസത്തിൽ ഒഴിക്കണം.
∙ അനക്കാതെ അഞ്ചു മിനിറ്റ് വച്ച ശേഷം നന്നായി ഇളക്കിയെടുക്കണം.
∙ മധുരം ആവശ്യമെങ്കിൽ അൽപം പഞ്ചസാര ചേർത്തു കൊടുക്കാം.
∙ നെയ്യിൽ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത ശേഷം പായസത്തിൽ ചേർത്തു വിളമ്പാം.