ആലപ്പുഴ കൈതവനയിലുള്ള കൃഷ്ണ കേറ്ററേഴ്സ് ഉടമ എസ്. മനോഹരൻ പിള്ള കഴിഞ്ഞ 27 വർഷമായി സദ്യകൾ നടത്തുന്നു. ആയിരത്തിലധികം സദ്യകൾ നടത്തിയ മനോഹരൻ പിള്ളയുടെ ബോളി- പാൽപ്പായസം കോമ്പോ സൂപ്പർഹിറ്റ് ആണ്. വനിത വായനക്കാർക്കായി മനോഹരൻ പിള്ള ഒരുക്കുന്നു, ഗോതമ്പുപായസം.
ഗോതമ്പുപായസം
1. സൂചിഗോതമ്പു നുറുക്ക് (കഞ്ഞി റവ) – 250 ഗ്രാം
2. ചെറുപയർപരിപ്പ് – 100 ഗ്രാം
3. ശർക്കര – 700 ഗ്രാം
4. തേങ്ങ – മൂന്ന്
5. ജീരകംപൊടി – കാൽ ചെറിയ സ്പൂൺ
6. ചുക്കുപൊടി – കാൽ ചെറിയ സ്പൂൺ
7. നെയ്യ് – അഞ്ചു ചെറിയ സ്പൂൺ
8. ഏലയ്ക്കാപ്പൊടി – കാൽ ചെറിയ സ്പൂൺ
9. തേങ്ങാക്കൊത്ത് പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – 50 ഗ്രാം വീതം
പാകം ചെയ്യുന്ന വിധം
∙ കഞ്ഞി റവ വൃത്തിയാക്കി വയ്ക്കണം.
∙ ചെറുപയര്‍പരിപ്പ് കരിഞ്ഞുപോകാതെ ചെറുതീയിൽ ചുവക്കെ വറുത്തു വാങ്ങണം.
∙ ഗോതമ്പു റവയും വറുത്ത പരിപ്പും യോജിപ്പിച്ചു മൂന്നു തവണ നന്നായി കഴുകി വാരിയ ശേഷം ഒന്നര ലീറ്റർ വെള്ളവും ചേർത്ത് പ്രഷർകുക്കറിലാക്കി അടുപ്പത്തു വയ്ക്കുക.
∙ മൂന്നു വിസിൽ വന്ന ശേഷം തീ അണച്ച് ആവി പോകാനായി വയ്ക്കണം.
∙ ശർക്കര ഉരുക്കി അരിച്ചെടുക്കണം.
∙ തേങ്ങ ചുരണ്ടി മിക്സിയിലാക്കി വെള്ളം ചേർക്കാതെ ചതച്ച ശേഷം അൽപം വെള്ളം തളിച്ചു പിഴിഞ്ഞ് ഒരു ഗ്ലാസ് ഒന്നാംപാൽ എടുത്തു വയ്ക്കണം.
∙ അതേ തേങ്ങയിൽ രണ്ടര ഗ്ലാസ് വെള്ളം ചേർത്തടിച്ചു പിഴിഞ്ഞു രണ്ടാംപാലും എടുത്തു വയ്ക്കണം.
∙ ഗോതമ്പും പരിപ്പും വേവിച്ച മിശ്രിതം, ആവശ്യമെങ്കിൽ അൽപം വെള്ളവും ചേർത്തു വലിയ ഉരുളിയിലാക്കുക.
∙ ഇത് അടുപ്പത്തു വച്ചു ശർക്കര ഉരുക്കി അരിച്ചതും ചേർത്തിളക്കി കട്ടയുടച്ച് ഇളക്കിക്കൊടുക്കണം.
∙ തിളയ്ക്കുന്നതിനു തൊട്ടുമുൻപ് ജീരകംപൊടി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙ ഇതിലേക്കു രണ്ടാംപാൽ ചേർത്തിളക്കി യോജിപ്പിച്ച ശേഷം ചുക്കുപൊടിയും ചേർത്തിളക്കണം.
∙ ഒരു ചെറിയ സ്പൂൺ നെയ്യും ചേർത്തിളക്കി നന്നായി കുറുകി വരുമ്പോൾ തീ അണയ്ക്കണം.
∙ ഇതിലേക്ക് ഒന്നാംപാലും ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കി വയ്ക്കുക.
∙ ബാക്കി നെയ്യ് ചൂടാക്കി തേങ്ങാക്കൊത്തു വറുത്ത ശേ ഷം കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തു നെയ്യോടു കൂടി പായസത്തിൽ ചേർത്തു ചൂടോടെ വിളമ്പാം.