Friday 22 September 2023 04:32 PM IST

‘അന്നമ്മക്കൊച്ചമ്മ ഉണ്ടാക്കുന്നത്ര രുചിയുള്ള കൊണ്ടാട്ടവും റിബൺ പക്കോഡയും ഞാൻ കഴിച്ചിട്ടില്ല’

Merly M. Eldho

Chief Sub Editor

usha-uthup-annamma-kochamma

ചേർത്തു നിർത്തുന്ന സ്നേഹം. അതേ സ്നേഹം ചേർത്തു വിളമ്പുന്ന അസാധ്യരുചികൾ. മിസ്സിസ് കെ. എം. മാത്യുവിന്റെ മുഖമുദ്രയായിരുന്നു ഇതു രണ്ടും. സ്നേഹമുള്ളവർക്കും വീട്ടിൽ വരുന്ന അതിഥികൾക്കും എല്ലാം അന്നമ്മക്കൊച്ചമ്മയുടെ രുചിപ്പൊതികൾ കിട്ടിയിട്ടുണ്ട്.

തമിഴ്നാടൻ സ്പെഷൽ ബട്ടർ മുറുക്കും നാവിൽ അലിയുന്ന കറുത്ത ഹൽവയും അവൽ നനച്ചതും തുടങ്ങി കരുകരുപ്പുള്ള ചിറോട്ടയും കോട്ടയത്തിന്റെ തനതു രുചിയോടെ അവലോസുണ്ടയും വരെ അതീവ രുചികരമായ പലഹാരങ്ങൾ നിറച്ച പൊതികൾ. ഇവ ഓരോന്നും കവറുകളിലും കാർഡ്ബോർഡ് പെട്ടികളിലുമാക്കി കളർപേപ്പർ കൊണ്ടു പൊതിഞ്ഞു സമ്മാനപ്പൊതിയാക്കും.

 അന്നമ്മക്കൊച്ചമ്മയുടെ സ്നേഹം പ കർന്ന രുചിയോർമകളുമായി പ്രശസ്ത ഗായിക ഉഷ ഉതുപ്പ്.

ഉഷ ഉതുപ്പ്

അന്നമ്മക്കൊച്ചമ്മ ഉണ്ടാക്കുന്നത്ര രുചിയുള്ള കൊണ്ടാട്ടവും റിബ ൺ പക്കോഡയും ഹൽവയും അവലോസുണ്ടയും ഞാൻ കഴിച്ചിട്ടില്ല. അന്നമ്മക്കൊച്ചമ്മയുെട സ്റ്റ്യൂവിന്റെ രുചി പറഞ്ഞറിയിക്കാനാകില്ല. എന്റെ മക്കൾ അഞ്ജലിക്കും സണ്ണിക്കും അന്നമ്മക്കൊച്ചമ്മ പുട്ടു നിറച്ച കോഴി കൊടുക്കുമ്പോൾ എനിക്കു നല്ല സാമ്പാറും അവിയലും ഉണ്ടാക്കിത്തരുമായിരുന്നു. ഭംഗിയുള്ള പേപ്പറുകൾ കൊണ്ടു പൊതിഞ്ഞെടുത്ത പലഹാരപ്പൊതികൾ തുറക്കുന്നതു തന്നെ എനിക്കും കുട്ടികൾക്കും ഹരമായിരുന്നു. ഭക്ഷണം ഉണ്ടാക്കുന്നതു മാത്രമല്ല, അതു ഭംഗിയായി സെറ്റ് ചെയ്യുന്നതും സ്നേഹം നിറച്ച് അതു വിളമ്പുന്നതും ഇന്നും മറക്കാനാകുന്നില്ല.

>> കേക്ക് ബോള്‍സ്

Cake-Balls

1. ടീ കേക്ക്/ സ്പഞ്ച് കേക്ക് പൊടിച്ചത് – രണ്ടു കപ്പ്

ഗ്ലൂക്കോസ് ബിസ്ക്കറ്റ് പൊടിച്ചത് – അരക്കപ്പ്

2. വെണ്ണ – രണ്ടു ചെറിയ സ്പൂണ്‍

പഞ്ചസാര പൊടിച്ചത് – നാലു ചെറിയ സ്പൂണ്‍

ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി – അര ചെറിയ സ്പൂണ്‍

നാരങ്ങാനീര് – അര ചെറിയ സ്പൂണ്‍

3. കശുവണ്ടിപ്പരിപ്പു ചെറുതായി നുറുക്കി നെയ്യില്‍ മൂപ്പിച്ചത് – കാല്‍ കപ്പ്

പാകം െചയ്യുന്ന വിധം

∙ വലിയ കണ്ണുള്ള അരിപ്പയില്‍ കേക്കു പൊടിച്ചതും ബിസ്ക്കറ്റ് പൊടിച്ചതും ഇടഞ്ഞു വയ്ക്കുക.

∙ ഇതില്‍ കാല്‍ കപ്പ് മാറ്റി വച്ച ശേഷം ബാക്കി പൊടിയും രണ്ടാമത്തെ ചേരുവയും ചേർത്തു മയപ്പെടുത്തി മെല്ലേ യോജിപ്പിക്കണം.

∙ ഇതില്‍ കശുവണ്ടിപ്പരിപ്പും ചേര്‍ത്തു ചെറിയ ഉരുളകളാക്കി മാറ്റി വച്ച പൊടിയില്‍ ഉരുട്ടിയെടുക്കാം.

>> കറുത്ത ഹൽവ

1. മൈദ – അരക്കിലോ

2. വെള്ളം – പാകത്തിന്

3. ശർക്കര – രണ്ടു കിലോ

4. തേങ്ങ – മൂന്ന്

5. നെയ്യ് – 350 ഗ്രാം

6. കശുവണ്ടിപ്പരിപ്പ് – 200 ഗ്രാം, നുറുക്കിയത്

7. ഏലയ്ക്കാപ്പൊടി – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

Karutha-Halwa

∙ മൈദ ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ച് ഒരു മണിക്കൂർ വയ്ക്കുക. ഏകദേശം മൂന്നു ലീറ്റർ വെള്ളം അൽപാൽപം വീതം കുഴച്ച മാവിൽ ഒഴിച്ചു ഞെരടണം. പാലു പോലെയാക്കി അതു മാറ്റി വയ്ക്കുക. വീണ്ടും വെള്ളമൊഴിച്ചു കലക്കി പാൽ എടുക്കുക. ഇങ്ങനെ രണ്ടു–മൂന്നു തവണ ചെയ്ത് ഏറ്റവും ഒടുവിൽ വരുന്ന പിശിട് കളയണം. ഊറ്റിയ പാൽ ഒരു മണിക്കൂർ വച്ച് തെളി ഊറ്റിക്കളയുക. മട്ട് മാത്രം എടുത്തു വയ്ക്കുക.

∙ ശർക്കര ഒന്നര ലീറ്റർ വെള്ളത്തിൽ ഉരുക്കി അരിച്ചു വയ്ക്കണം. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നര ലീറ്റർ പാലെടുത്തു വയ്ക്കുക.

∙ തയാറാക്കിയ മൈദയിൽ ശർക്കരപ്പാനിയും തേങ്ങാപ്പാലും ചേർത്തു യോജിപ്പിച്ച് ചുവടുകട്ടിയുള്ള ഉരുളിയിൽ ഒഴിക്കണം. ഇതു നല്ല തീയിൽ തുടരെയിളക്കി കുറുക്കണം. അടിയിൽ പിടിക്കാതിരിക്കാൻ കുറേശ്ശെ നെയ്യൊഴിച്ചു കൊടുക്കാം. ഏകദേശം ഹൽവയുടെ പരുവമാകുമ്പോൾ കശുവണ്ടിപ്പരിപ്പ് ചേർത്തിളക്കണം.

∙ സ്പൂണിൽ എടുത്താൽ ഉരുളുന്ന പരുവത്തിൽ ഹൽവവ മുറുകുമ്പോൾ ഏലയ്ക്കാപ്പൊടി ചേർത്തിളക്കുക. നെയ്യ് പുരട്ടിയ പാത്രത്തിൽ ചൂടോടെ ഒഴിച്ചു നിരത്തി അൽപം കശുവണ്ടിപ്പരിപ്പ് മുകളിൽ വിതറണം. ചൂടാറിയ ശേഷം ഹൽവ കഷണങ്ങളാക്കി ഉപയോഗിക്കാം.

∙ ഹൽവയ്ക്കു കൂടുതൽ കറുപ്പുനിറം വേണമെങ്കിൽ 50 ഗ്രാം പഞ്ചസാര കറുപ്പുനിറത്തിൽ കാരമലാക്കി മൈദമിശ്രിതത്തിൽ ചേർക്കാം.

>> സേവറി ചിറോട്ട

Cheese-Chirotta

1. മൈദ – അരക്കിലോ

2. വറ്റൽമുളക് – അഞ്ച്, തരുതരുപ്പായി പൊടിച്ചത്

കുരുമുളക് – ഒരു ചെറിയ സ്പൂൺ

എള്ള് – ഒരു ചെറിയ സ്പൂൺ

ജീരകം– ഒരു ചെറിയ സ്പൂൺ

കായംപൊടി – ഒരു ചെറിയ സ്പൂൺ

3. വനസ്പതി – രണ്ടു വലിയ സ്പൂൺ

വെള്ളം – പാകത്തിന്

ഉപ്പ് – പാകത്തിന്

4. വനസ്പതി ഉരുക്കിയത് – രണ്ടു വലിയ സ്പൂൺ

5. പുട്ടുപൊടി – മൂന്നു വലിയ സ്പൂൺ

6. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ മൈദയിൽ രണ്ടാമത്തെ ചേരുവയും വനസ്പതിയും ഉ പ്പും വെള്ളവും ചേർത്തു കുഴച്ചു ചപ്പാത്തിയുടെ മാവി ന്റെ പരുവത്തിലാക്കണം.

∙ ഇത് എട്ട് ഉരുളകളാക്കി ഓരോന്നും കനം കുറച്ചു ചപ്പാത്തി പോലെ വൃത്താകൃതിയിൽ പരത്തുക.

∙ ഓരോ ചപ്പാത്തിയുടെയും മുകളിൽ ഉരുക്കിയ വനസ്പതി അൽപം പുരട്ടിയ ശേഷം അൽപം അരിപ്പൊടി വിതറി മുകളിൽ വേറൊരു ചപ്പാത്തി വയ്ക്കുക.

∙ ഒന്നിനു മുകളിൽ‌ ഒന്നായി വച്ചിരിക്കുന്ന രണ്ടു ചപ്പാത്തിയും ചേർത്തു പായ ചുരുട്ടുന്നതു പോലെ ചുരുട്ടിയെടുക്കണം. ചുരുട്ടി വച്ചിരിക്കുന്ന ഓരോന്നും എടുത്തു കാൽ ഇഞ്ചു കനത്തിൽ മുറിച്ചു വയ്ക്കുക.

∙ ഇനി മുറിച്ചെടുത്ത രണ്ടു കഷണങ്ങൾ ഒന്നിനു മുകളിൽ ഒന്നായി വച്ച് അധികം ബലം കൊടുക്കാതെ പരത്തണം.

∙ ഇതു ചൂടായ എണ്ണയിൽ തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരുക.

>> ആപ്പിള്‍ ബര്‍ഫി

1. ആപ്പിള്‍ തൊലി കളഞ്ഞു പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

തേങ്ങ ചുരണ്ടിയത് – മൂന്നു കപ്പ്

പഞ്ചസാര – നാലു കപ്പ്

2. പച്ച ഫൂഡ് കളര്‍ – ഒരു തുള്ളി

പാല്‍ – രണ്ടു ചെറിയ സ്പൂണ്‍

3. ഇഞ്ചി അരച്ചു വെള്ളം ചേര്‍ക്കാതെ നീരെടുത്തത് – നാലു ചെറിയ സ്പൂണ്‍

നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂണ്‍

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ തിരുമ്മി യോജിപ്പിച്ച ശേഷം ചുവടുകട്ടിയുള്ള ചീനച്ചട്ടിയിലാക്കി അടുപ്പത്തു വച്ചു തുടരെയിളക്കുക. ഇതിലേക്കു പച്ച ഫൂഡ് കളര്‍ പാലില്‍ കലക്കിയതു ചേര്‍ക്കണം. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇഞ്ചിനീരും നാരങ്ങാനീരും ചേര്‍ത്തിളക്കി ഒട്ടുന്ന പരുവത്തിനു വാങ്ങുക.

∙ ഇതു മയം പുരട്ടിയ മാര്‍ബിളില്‍ നിരത്തി ഇഷ്ടമുള്ള വലുപ്പത്തിലും ആകൃതിയിലും മുറിച്ചെടുക്കാം.

തയാറാക്കിയത്:

മെർലി എം. എൽദോ

ഫോട്ടോ: സരുൺ മാത്യു

വിവരങ്ങൾക്ക് കടപ്പാട്:

ഷിഹാബ് കരീം

എക്സിക്യൂട്ടീവ് ഷെഫ്

ഹോളിഡേ ഇൻ

കൊച്ചി.