Tuesday 27 October 2020 04:12 PM IST : By ഉണ്ണി കെ. വാരിയർ, മലയാള മനോരമ

യുഎസിൽ നിന്നു ചീസ് പാഠങ്ങൾ പഠിച്ചു; കേരളത്തിലെ വീടുകളിൽ സ്വാദുള്ള ചീസ് വിഭവങ്ങൾ എത്തിച്ച് അനു ജോസഫ്

anu-josss 1. ചീസ് ഫാക്ടറി തുടങ്ങിയ അനു ജോസഫും ബന്ധു ഫ്രെഡിയും. 2. ബുറാട്ട എന്ന ചീസ് വിഭവം.

കുട്ടിക്കാലത്തു വീട്ടിൽ കലക്കുന്ന പാലിൽനിന്നുള്ള വെണ്ണ മതിയാവോളം തിന്നിരുന്ന കുട്ടി വലുതായപ്പോൾ ചീസിനെ സ്േനഹിച്ചു. പാലിനെ പ്രത്യേകതരത്തിൽ ചൂടാക്കിയും തണുപ്പിച്ചും പുളിപ്പിച്ചുമെല്ലാമാണു  ചീസുണ്ടാക്കുന്നത്. വിവാഹിതയായി അമേരിക്കയിൽ പോയപ്പോഴും അന്വേഷിച്ചു നടന്നതു പലതരം ചീസുകളാണ്. അവരാണ് ലോക്ഡൗൺ കാലത്തു കൊച്ചിയിലെയും തൃശൂരിലെയും കോട്ടയത്തെയും വീടുകളിൽ സ്വാദുള്ള ചീസ് വിഭവങ്ങൾ എത്തിച്ചത്. പണ്ട് ചീസ് സ്വപ്നം കണ്ട അനു ജോസഫ് ഇന്ന് കേരളത്തിൽ അത്യപൂർവമായ ചീസ് ഫാക്ടറി ഉടമയാണ്.

യൂറോപ്പും അമേരിക്കയും ചീസിന്റെ വൻ ലോകമാണ്. നൂറുകണക്കിനു ചീസുകളുണ്ടവിടെ. ചീസുണ്ടാക്കുന്നതൊരു കലയാണ്. നല്ല മൊരിഞ്ഞ ദോശയുണ്ടാക്കുന്നതുപോലുള്ളൊരു കല. കല്ലും ദോശയുമെല്ലാം ഒന്നുതന്നെയായാലും കൈപ്പുണ്യത്തിലാണു ദോശയുടെ സ്വാദ്. ചീസിന്റെയും.

anujoss223

കാട്ടൂർ പാലത്തിങ്കൽ അനു ജോസഫ് അമേരിക്കയിൽ നിന്നു തിരിച്ചെത്തിയ ശേഷമാണു ചീസുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. വീട്ടുകാർ ഒരുമിച്ചു കൂടുമ്പോൾ ഉണ്ടാക്കി നൽകിയ ചീസ് വിഭവങ്ങൾ കഴിച്ച പലരും അതു വീണ്ടും വീണ്ടും ചോദിച്ചു. അതോടെ ചീസ് വിഭവങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കാൻ തുടങ്ങി. അമേരിക്കയിൽ നിന്നു പഠിച്ച ചീസ് പാഠങ്ങൾ പലതുണ്ടായിരുന്നു. ഭർത്താവു ജോസഫ് പാലത്തിങ്കലിനു ജോലി തിരക്കായതിനാൽ ബന്ധുവായ ഫ്രെഡിയെ കൂടെ കൂട്ടി 2 വർഷം മുൻപു കസാരോ ക്രമറി എന്ന ചീസ് ഫാക്ടറി തുടങ്ങി.  

നാടൻ പാലിൽ രാസവസ്തുക്കൾ ഒന്നും ചേർക്കാതെയാണ് ഇവിടെ ചീസുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ പരമാവധി റഫ്രിജറേറ്ററിൽ സൂക്ഷിക്കാവുന്നതു 7 ദിവസമാണ്. കേക്കും പീസയും പാസ്തയുമെല്ലാം ഉണ്ടാക്കാവുന്ന ചീസുകളാണ് ആദ്യമുണ്ടാക്കിയത്. പിന്നീടു ചീസ് സ്നാക്സുകളും. 15 ചീസ് വിഭവമാണ് ഇന്നു ഈ ഫാക്ടറിയിലുണ്ടാക്കുന്നത്. വിവിധ ചീസുകൾ ചേർത്തു പൊതിയാക്കിയ ബുറാട്ട തണുപ്പിൽ നിന്നെടുത്തു പുറത്തു 20 മിനിറ്റു വച്ചാൽ നേരിട്ടു കഴിക്കാം. മുറിച്ചാൽ അകത്തെ ചീസ് ക്രീം ഒഴുകിവരും.

anuchhh334

ചീസ് നിറച്ച സമോസ വറുത്തെടുത്താൽ മാത്രം മതി. ഹലോമി ചീസ് സ്റ്റിക്കും വറുത്തോ തവയിലിട്ടു ചൂടാക്കിയോ കഴിക്കാം. അതിൽ പുരട്ടാനുള്ള മസാല സഹിതമാണു തരുന്നത്. ബ്രഡിലും ചപ്പാത്തിയിലും പുരട്ടി കഴിക്കാവുന്ന ചീസ് സ്പ്രെഡുകളുമുണ്ട്. 10 ലീറ്റർ പാലിൽനിന്നു 1 കിലോ ചീസെ പരമാവധി കിട്ടൂ. അതുകൊണ്ടുതന്നെ ചീസ് 100 ഗ്രാമിനു 150 രൂപയോളം വരും.

ലോക് ഡൗൺ വന്നതോടെ തളരുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ചീസ് വീടുകളിലേക്ക് എത്തിച്ചതോടെ ആവശ്യക്കാർ കൂടി. ചീസുണ്ടാക്കാൻ ഒന്നു മുതൽ 5 വരെ ദിവസം വേണം. എല്ലാം ഫ്രഷ് ആയതുകൊണ്ടു എല്ലാ ദിവസവും ഉണ്ടാക്കാനാകില്ല. ആഴ്ചയിൽ 2 ദിവസമാണു ചീസ് വീടുകളിലെത്തിച്ചു കൊടുക്കുന്നത്. വാട്സാപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ഫെയ്സ്ബുക്കിലൂടെയുമാണു ഓർഡറുകൾ സ്വന്തമാക്കിയത്. പരീക്ഷണകാലത്തു ഉറച്ചുനിന്നതോടെ ചീസ് കുടുംബം വളർന്നു. ഫോൺ:  7907072139.

abbbbgghjod
Tags:
  • Spotlight
  • Pachakam