Thursday 26 October 2023 02:27 PM IST : By സ്വന്തം ലേഖകൻ

‘പാചകക്കുറിപ്പിൽ കണ്ട ബ്രാണ്ടിക്കു പകരം കള്ളു ചേർത്തു’; കേക്ക് ഉണ്ടാക്കിയിട്ട് 140 വർഷം, നിർമാതാക്കളെ തേടി ഇംഗ്ലണ്ടിൽ നിന്നൊരു കുടുംബം

histroy-of-cake-in-kannur ഇംഗ്ലണ്ടിൽ നിന്നുള്ള ഡോ.പോൾ‍ ബ്രൗൺ തലശ്ശേരിയിലെ മമ്പള്ളി ബേക്കറിയിലെത്തിയപ്പോൾ. പ്രകാശ് മമ്പള്ളി, ഭാര്യ ലിസി, സഹോദരീപുത്രി രേണുക ബാല എന്നിവർ സമീപം. ചിത്രം: മനോരമ...

രാജ്യത്താദ്യമായി കേക്ക് ഉണ്ടാക്കിയിട്ട് 140 വർഷം പൂർത്തിയാകുമ്പോൾ കേക്കിന്റെ നിർമാതാക്കളെത്തേടി ഇംഗ്ലണ്ടിൽ നിന്ന് ഡോ.പോൾ‍ ബ്രൗണും കുടുംബവുമെത്തി. തന്റെ പൂർവികന്റെ പാചകക്കുറിപ്പിൽകണ്ട, ബ്രാണ്ടിക്കു പകരം കള്ളുചേർത്തു കേക്ക് നിർമിച്ചവരെ തേടിയായിരുന്നു വരവ്. അന്ന്, കള്ളു ചേർത്ത കേക്ക് കഴിച്ച ബ്രൗൺ സായ്പ് പറഞ്ഞു, ‘എക്സലന്റ്’. ഇന്ന്, തലശ്ശേരിയിലെ മമ്പള്ളി ബേക്കറിയിലെ കേക്ക് കഴിച്ച് നാലാം തലമുറക്കാരൻ ഡോ.പോൾ ബ്രൗണും പറഞ്ഞു, ‘എക്സലന്റ്’!

കഴിഞ്ഞ ദിവസം ബ്രൗണീസ് ബേക്കറി ഉടമ എം.കെ.രഞ്ജിത്തിന്റെ വീട്ടിലും പോൾ ബ്രൗൺ എത്തിയിരുന്നു. ഭാര്യ ഷെറിലും മക്കളായ എലനോറും സാറും ഷെറിലിന്റെ സഹോദരി അമാൻഡയും ഒപ്പമുണ്ടായിരുന്നു. അവിടെവച്ച്, പോൾ ബ്രൗൺ പ്ലം കേക്ക് കൈമാറി. 1883ൽ ആണു തലശ്ശേരിക്കാരൻ മമ്പള്ളി ബാപ്പു ആദ്യമായി കേക്കുണ്ടാക്കിയത്. 1880ൽ തുടങ്ങിയ ബേക്കറിക്ക് വിദേശികളുൾപ്പെടെയുള്ള ആരാധകരുണ്ടായിരുന്നു. അങ്ങനെയാണ്, ബ്രൗൺ സായ്പ് തനിക്കൊരു ക്രിസ്മസ് കേക്ക് ഉണ്ടാക്കിത്തരണമെന്ന ആവശ്യവുമായി തലശ്ശേരി നഗരഹൃദയത്തിലെ മമ്പള്ളീസ് റോയൽ ബിസ്കറ്റ് ഫാക്ടറിയിൽ‍ ബാപ്പുവിനെ തേടിയെത്തിയതത്.

സായ്പിന്റെ ഭക്ഷണരീതി മനസ്സിലാക്കിയ ശേഷമാണ് ബാപ്പു റൊട്ടിയും ബിസ്കറ്റും ഉണ്ടാക്കാൻ തീരുമാനിച്ചത്. അതു വിദേശികളുടെ മനം കവർന്നു. അങ്ങനെ, സായ്പ് തന്നെ കേക്കിന്റെ റെസിപ്പി പറഞ്ഞുനൽകി. റെസിപ്പിയിൽ ബ്രാണ്ടി ചേർക്കാനായിരുന്നു നിർദേശം. ബാപ്പുവിനുണ്ടോ ബ്രാണ്ടി കിട്ടുന്നു? പകരം ഉപയോഗിച്ചതോ നല്ല അസ്സൽ കള്ള് – അങ്ങനെ ആദ്യത്തെ കേക്ക് കള്ളു ചേർത്തതായി.  തെങ്ങിൻകള്ളാണ് ആദ്യം ഉപയോഗിച്ചത്. കള്ളിന്റെ ഗുണം മാറുന്നതിനനുസരിച്ച് കേക്കിനും മാറ്റം സംഭവിക്കും.

ഗുണനിലവാരത്തിൽ കർക്കശക്കാരനായ ബാപ്പുവിന് ഇതു സഹിക്കാനായില്ല. ഇതെത്തുടർന്ന് വിദേശത്തു നിന്ന് ഈസ്റ്റ് വരുത്തി. അങ്ങനെ ‘വെസ്റ്റിൽ’ നിന്ന് ഇന്ത്യയിലേക്ക് ഈസ്റ്റ് എത്തി. മമ്പള്ളി ബേക്കറിയിലെ കേക്ക് രുചിച്ചും വിശേഷങ്ങൾ പങ്കുവച്ചും കുറെസമയം അവിടെ ചെലവഴിച്ചു. തുടർന്നു നടത്തിയ പത്രസമ്മേളനത്തിൽ രാജ്യത്തു മുഴുവൻ മമ്പള്ളി ബേക്കറിയിലെ ഉൽപന്നങ്ങൾ വിപണനത്തിന് എത്തിക്കാനുള്ള ആശയം മികച്ചതാണെന്നും ഇന്ത്യൻ രുചികൾ ഏറെ ഇഷ്ടപ്പെടുന്ന ഇംഗ്ലണ്ടുകാർക്കും മമ്പള്ളി കേക്ക് ഇഷ്ടപ്പെടുമെന്നും ബ്രൗൺ പറഞ്ഞു. 

കണ്ണൂർ സെന്റ് ജോൺസ് ആംഗ്ലിക്കൻ ചർച്ച് സന്ദർശിച്ചു

ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കോളനി കാലത്ത് അഞ്ചരക്കണ്ടി കറപ്പത്തോട്ടം ഉൾപ്പെടെ ഒട്ടേറെ കാർഷിക വാണിജ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ മർഡോക് ബ്രൗണിന്റെ നാലാം തലമുറയിൽപെട്ട പോൾ ബ്രൗണും ഷേർളി ബ്രൗണും അവരുടെ കുടുംബാംഗങ്ങളും സെന്റ് ജോൺസ് ഇംഗ്ലിഷ് ചർച്ച് സന്ദർശിച്ചു. 1828ൽ അന്തരിച്ച മർഡോക്ക് ബ്രൗണിന്റെ ഓർമയ്ക്ക് ജോൺ മെസൻ എന്ന കലാകാരൻ നിർമിച്ച വെളുത്ത കല്ലിൽ നിർമിച്ച ഒരു ഫലകം പള്ളിയിലുണ്ട്. 

1811ൽ സ്ഥാപിക്കപ്പെട്ട പള്ളിയിൽ ആദ്യകാലം മുതലുള്ള ജനന, മരണ,വിവാഹ, സേവന റജിസ്റ്ററുകളും സംരംക്ഷിക്കുന്നുണ്ട്. ഇവയും ബ്രൗണിന്റെ കുടുംബം കൗതുകത്തോടെ പരിശോധിച്ചു.റെജി, സുമേഷ്, അലൻ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു. കണ്ണൂർ സിറ്റി ഹെറിറ്റേജ് ഡയറക്ടർ മുഹമ്മദ് ശിഹാദ് പള്ളിയുടെ ചരിത്രവും പ്രാധാന്യവും മർഡോക്ക് ബ്രൗണിനെക്കുറിച്ചു ലഭ്യമായ വിവരങ്ങളും രേഖകളും അതിഥികൾക്കു വിശദീകരിച്ചു നൽകി.

മമ്പള്ളി ബേക്കറി ഉൽപന്നങ്ങൾ ഇനി ഓൺലൈനിലും 

രാജ്യത്താദ്യമായി കേക്ക് നിർമിച്ച പാരമ്പര്യമുള്ള മമ്പള്ളി ബേക്കറിയിലെ ഉൽപന്നങ്ങൾ ഇനി രാജ്യത്തെവിടെനിന്നും വാങ്ങാം. ആദ്യഘട്ടത്തിൽ പ്ലം കേക്ക്, ബാർലി–കാഷ്യു ബിസ്കറ്റുകൾ എന്നിവയാണ് ഓൺലൈൻ വിപണിയിലെത്തിക്കുക. 200 ഗ്രാം ബാർലി ബിസ്കറ്റിന് 200 രൂപയും കാഷ്യു ബിസ്കറ്റിന് 240 രൂപയും അരക്കിലോ പ്ലം കേക്കിന് 650 രൂപയുമാണു വില. മമ്പള്ളി കുടുംബത്തിലെ നാലാം തലമുറയിൽപെട്ട പ്രകാശ് മമ്പള്ളിക്കും ഭാര്യ ലിസിക്കുമാണ് ബേക്കറിയുടെ ഇപ്പോഴത്തെ ചുമതല. 

Tags:
  • Pachakam